ലോകത്ത് പല തരത്തിലുള്ള മാർക്കറ്റുകൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് തായ്‌ലാന്റിലെ ഫ്ലോട്ടിംഗ് മാർക്കറ്റ്. പട്ടായയിലും ബാങ്കോക്കിലുമെല്ലാം ഫ്ലോട്ടിംഗ് മാർക്കറ്റുകൾ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ നിന്നും അവിടേക്ക് ടൂർ പോകുന്നവരിൽ ഭൂരിഭാഗം ആളുകളും ഫ്ലോട്ടിംഗ് മാർക്കറ്റ് കൂടി സന്ദർശിക്കാറുമുണ്ട്. എന്നാൽ ഇനി പറയുവാൻ പോകുന്ന മാർക്കറ്റ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ കണ്ടിട്ടുണ്ടാകും, റെയിൽവേപ്പാളത്തിൽ പ്രവർത്തിക്കുന്ന ഒരു ചന്ത. ട്രെയിൻ വരുന്ന സമയത്ത് പാളത്തിൽ നിന്നും കടകളും (ടെന്റ്) ആളുകളും വശങ്ങളിലേക്ക് മാറി നിൽക്കുകയും അവർക്ക് തൊട്ടരികിലൂടെ, അതായത് മാർക്കറ്റിന്റെ ഒത്ത നടുക്കു കൂടി ട്രെയിൻ പോകുന്നതുമെല്ലാം. എന്നാൽ ഇത് എവിടെയാണെന്ന് ഭൂരിഭാഗം ആളുകൾക്കും അറിവുണ്ടായിരിക്കണമെന്നില്ല. എന്നാൽ കേട്ടോളൂ ഇതും തായ്‌ലൻഡിൽ തന്നെയാണ്.
തായ്ലാൻഡിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കിൽ നിന്നും ഏകദേശം 60 കിലോമീറ്ററോളം ദൂരത്തായി സ്ഥിതി ചെയ്യുന്ന സമൃത് സൊങ്കറാമിലെ ‘മെയ്ക്‌ലൊങ്’ മാർക്കറ്റിലാണ് (Maeklong Railway Market) ഈ അപൂർവ്വ സംഭവമുള്ളത്. രാവിലെ 8.30 നും 11 മണിയ്ക്കും, ഉച്ചയ്ക്ക് 2.30 നും, വൈകുന്നേരം 5 മണിയ്ക്കുമാണ് ഇതുവഴി ട്രെയിൻ കടന്നു പോകുന്നത്. ചില ദിവസങ്ങളിൽ ഉച്ച തിരിഞ്ഞുള്ള ട്രെയിനുകളുടെ സമയം പത്തോ ഇരുപതോ മിനിറ്റുകൾ മാറാറുണ്ട്.
ധാരാളം സഞ്ചാരികളാണ് ദിവസേന ഈ വ്യത്യസ്തമായ മാർക്കറ്റ് കാണുവാൻ എത്തിച്ചേരുന്നത്. ട്രെയിൻ കടന്നു പോകുന്ന സമയങ്ങളിലായിരിക്കും ടൂറിസ്റ്റുകളുടെ ശക്തമായിട്ടുള്ള തിരക്ക് അനുഭവപ്പെടുന്നത്. ട്രെയിൻ കടന്നുപോയി ഒരു മണിക്കൂർ കഴിഞ്ഞ ശേഷമായിരിക്കും ഈ തിരക്ക് ഒന്ന് കുറയുക.
റെയിൽപ്പാളത്തിൻ്റെ വശങ്ങളിൽ തൊട്ടരികിലായാണ് കച്ചവടക്കാർ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും നിന്നും കടകളുടെ താൽക്കാലിക മേൽക്കൂരകൾ പാളത്തിനു മുകളിലായിട്ടാണ് നിലകൊള്ളുന്നത്. മാർക്കറ്റിൽ ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുമ്പോഴാകും ട്രെയിനിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള സൈറൺ മുഴങ്ങുക. പെട്ടെന്നു തന്നെ വ്യാപാരികൾ പാളങ്ങളിൽ നിരത്തിയിരിക്കുന്ന കച്ചവടസാധനങ്ങളും ടെന്റും എല്ലാം ഇരു വശങ്ങളിലേക്കും വലിച്ചു മാറ്റും.
ഈ സമയത്ത് ആളുകളെല്ലാം പാളത്തിൽ നിന്നും മവാഹങ്ങളിലേക്ക് മാറി നിൽക്കണം. ഇത് ശ്രദ്ധിക്കുന്നതിനായി ഒരു ഗാർഡ് ട്രെയിൻ വരുന്നതിനു മുൻപായി അവിടെ എത്തും. ആളുകളെല്ലാം മാറിക്കഴിയുമ്പോൾ വളരെ പതിയെ ഇതുവഴി ട്രെയിൻ കടന്നുപോകും. ട്രെയിൻ പോയിക്കഴിഞ്ഞാൽ വെറും ഒരു മിനിറ്റിനുള്ളിൽ കടകളെല്ലാം പഴയതു പോലെയുമാകും.
മാർക്കറ്റിൽ തായ്‌ലൻഡ് സ്പെഷ്യൽ ഐറ്റങ്ങളാണ് വിൽക്കാൻ വെച്ചിരിക്കുന്നത്. പച്ചയും പാകം ചെയ്തതുമായ പലതരത്തിലുള്ള കൂന്തലുകൾ, മീനുകൾ തുടങ്ങിയ കടൽ വിഭവങ്ങൾ, വിവിധതരം മാംസങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, തായ് സ്പെഷ്യൽ മധുരപലഹാരങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി തവളകളെ വരെ ഈ മാർക്കറ്റിൽ ലഭിക്കും. പുരുഷന്മാരെ അപേക്ഷിച്ച് മാർക്കറ്റിലെ കച്ചവടക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
ഇന്ന് ഈ മാർക്കറ്റ് വെറുമൊരു ചന്ത മാത്രമല്ല, അവിടത്തെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ഇവിടെ വളരെ കുറവാണ് വരുന്നത്. പട്ടായയും ബാങ്കോക്കും അല്ലാതെ തായ്‌ലൻഡിൽ ഇതുപോലുള്ള ധാരാളം വ്യത്യസ്തങ്ങളായ സ്ഥലങ്ങൾ ഉണ്ടെന്നു നിങ്ങൾ അറിയുക. ഇനി അടുത്ത തവണ തായ്‌ലൻഡിൽ പോകുമ്പോൾ ഈ അപൂർവ്വ സംഭവം കൂടി കാണുവാൻ ശ്രമിക്കുക… ചുമ്മാ ശ്രമിച്ചാൽ മാത്രം പോരാ.. പോയി കാണണം അത്. എന്നിട്ട് ചിത്രങ്ങൾ എടുത്ത് ഫേസ്ബുക്കിലും മറ്റുമിട്ട് ലൈക്ക് വാങ്ങുകയും ചെയ്യാം.
ഈ റെയിൽവേ മാർക്കറ്റ് സന്ദർശിക്കുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800. ഗ്രൂപ്പ് ടൂറുകൾക്കു പുറമെ നിങ്ങൾക്ക് തനിച്ചും യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.