ഏറെ നാളത്തെ പ്രാര്‍ഥനയും കരുതലുമാണ് ഓരോ യാത്രയും. ചെറിയ ചില തെറ്റുകള്‍ പോലും യാത്രയുടെ എല്ലാ സന്തോഷത്തെയും നശിപ്പിച്ചെന്നു വരാം. അതിന് കൃത്യമായ മുന്നൊരുക്കം അത്യാവശ്യമാണ്.
അമിതമായ ലഗേജ് ഒഴിവാക്കാം
അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മാത്രം കൈയില്‍ കരുതുന്നതാണ് യാത്രയ്ക്ക് ഉചിതം. യാത്ര പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ആയിരിക്കണം കരുതേണ്ടത്. അതില്‍ തന്നെ നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള വസ്ത്രങ്ങള്‍ ഏതാണെന്ന് മനസ്സിലാക്കാനും അത് പാക്ക് ചെയ്യാനും ശ്രദ്ധിക്കണം. ഒരു അടിയന്തിരഘട്ടം വന്നാല്‍ നിങ്ങള്‍ എത്തിച്ചേരുന്ന സ്ഥലത്ത് നിന്ന് അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
ഇന്‍ഷുറന്‍സ് അവഗണിക്കരുത്
യാത്രികര്‍ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്രാവല്‍ ഇന്‍ഷുറന്‍സ് സ്‌കിപ്പ് ചെയ്യുകയാണ് പലരും ചെയ്യുക. എന്നാല്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്താല്‍ നിങ്ങളുടെ മെഡിക്കല്‍, അടിയന്തിര ആവശ്യങ്ങള്‍, യാത്ര മുടങ്ങല്‍, ലഗേജ് നഷ്ടപ്പെടല്‍ ഇവയെല്ലാം ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. യാത്രയ്ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ട്രാവല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നു.
മുന്‍കൂട്ടി അറിയാം
യാത്ര പോകുന്ന സ്ഥലത്തിന്റെ ചരിത്രം, കാലാവസ്ഥ, ഭാഷ, ഭക്ഷണം എന്നിവയെക്കുറിച്ചെല്ലാം അവിടെ എത്തുന്നതിന് മുമ്പ് തന്നെ ചെറിയ ഒരു പഠനം നടത്തുന്നത് ഉത്തമമാണ്. ആ നാട്ടിലെ ആചാരമര്യദകളും സംസ്‌കാരവും അറിയുന്നത് അവിടെയുള്ള ആളുകള്‍ക്ക് നമ്മളോട് മതിപ്പ് ഉളവാക്കുന്നതിന് സഹായിക്കും. നിങ്ങള്‍ എത്തിച്ചേരുന്ന സ്ഥലത്ത് അനുവദനീയമല്ലാത്ത കാര്യങ്ങള്‍, അവിടുത്തെ സമ്പ്രദായങ്ങള്‍, പരമ്പരാഗത രീതികള്‍ ഇവയെക്കുറിച്ചെല്ലാം അറിയുന്നത് യാത്ര കൂടുതല്‍ സുഖപ്രദവും എളുപ്പവുമാക്കാന്‍ സഹായിക്കും.
ടൂര്‍ പ്ലാനിംഗ്
കൃത്യമായ ഒരു ഷെഡ്യൂള്‍ യാത്രയില്‍ പിന്തുടരാന്‍ ശ്രദ്ധിക്കണം. യാത്രയിലെ ഓരോ നിമിഷവും തിരക്കിട്ട ഷെഡ്യൂള്‍ ആണെങ്കില്‍ സമാധാനത്തില്‍ യാത്ര ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള സമയവും അവസരവും എപ്പോഴും യാത്രയില്‍ കരുതി വെച്ചിരിക്കണം. പ്രദേശവാസികളുടെ അഭിപ്രായം തേടി പുറംലോകത്തിന് അറിയാത്ത സ്ഥലങ്ങളിലേക്ക് കൂടി എത്തിപ്പെടുമ്പോഴാണ് ഒരു യാത്ര അത്യന്തം സാഹസികവും ആവേശകരവുമാകുന്നത്.
സുരക്ഷ അതിപ്രധാനം
യാത്ര ചെയ്തു നിങ്ങള്‍ എത്തിച്ചേരുന്ന നാടിന്റെ സാമൂഹ്യപശ്ചാത്തലം മുന്‍കൂട്ടി അറിയുന്നത് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. പ്രാദേശികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മനസ്സിലാക്കണം. യാത്രയില്‍ ജാഗ്രതയുള്ളവരായിരിക്കുകയും വേണം. കള്ളന്‍മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ അറിയാത്ത സ്ഥലങ്ങളിലൂടെ രാത്രിയിലുള്ള യാത്ര ഒഴിവാക്കണം. പാസ്‌പോര്‍ട്ട്, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങി പ്രധാനപ്പെട്ട രേഖകളുടെ പകര്‍പ്പിന്റെ സോഫ്റ്റ് കോപ്പി കയ്യില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
യാത്രാ സമയം പാലിക്കുക
നിങ്ങളുടെ യാത്ര തുടങ്ങുന്ന സ്ഥലത്തു നിന്ന് എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കുക. ആ യാത്രയ്ക്ക് എത്ര സമയം എടുക്കുമെന്നു കൃത്യമായി അറിഞ്ഞിരിക്കണം. യാത്രാദൂരത്തെ കുറിച്ചു ധാരണ ഇല്ലാതിരിക്കുന്നതു ചിലപ്പോള്‍ അമിത ഉത്കണ്ഠയിലേക്കും ആശങ്കയിലേക്കും നയിക്കും. അത്തരം പ്രതിസന്ധികളെ മറികടക്കാന്‍ മികച്ച ട്രാവല്‍ ഏജന്‍സിയും നിങ്ങളെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്കും മികച്ച യാത്ര പാക്കേജുകൾക്കുമായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.