തായ്ലാൻഡിലേക്കുള്ള ഒരു ഗ്രൂപ്പ് ട്രിപ്പ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കകം പിന്നീട് ഞാൻ പോയത് വിയറ്റ്നാമിലേക്ക് ആയിരുന്നു. വിയറ്റ്നാമിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്തോ – ചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്നാം. ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. കൂടുതൽ വിവരങ്ങൾ പറഞ്ഞു ഇതൊരു വിക്കിപീഡിയ പോസ്റ്റ് ആക്കുന്നില്ല. ഇനി യാത്രാവിശേഷങ്ങളിലേക്ക് കടക്കാം.
വിയറ്റ്നാമിലേക്ക് പോകുവാൻ നമുക്ക് വളരെ ഈസിയാണ് വിസ നടപടിക്രമങ്ങൾ. ഓൺ അറൈവൽ വിസ ആണെങ്കിലും നമ്മൾ യാത്രയ്ക്ക് മുൻപായി പ്രീ അപ്പ്രൂവൽ എടുക്കേണ്ടതായുണ്ട്. വിയറ്റ്നാമിലേക്ക് പോകുവാൻ താല്പര്യമുള്ളവർക്ക് www.vietnamvisacheap.net എന്ന സൈറ്റ് മുഖേന പ്രീ അപ്രൂവൽ എടുക്കാവുന്നതാണ്. ഇനി നിങ്ങൾക്ക് ഇത് എടുക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങളുടെ ഏജൻസിയായ ‘റോയൽസ്കൈ ഹോളിഡേയ്സ്’ ആയി ബന്ധപ്പെട്ടാൽ മതിയാകും.
വിയറ്റ്നാം വിസയുടെ ചാർജ്ജ് പൊതുവെ കുറവാണ്. ഒരു മാസം മുതൽ മൂന്നു മാസം വരെയുള്ള സിംഗിൾ എൻട്രി വിസയ്ക്ക് 25 ഡോളറും, മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 50 ഡോളറുമാണ് ചാർജ്ജ് വരുന്നത്. ഇത് ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുകയാണെങ്കിൽ അഞ്ചോ ആറോ ഡോളറുകൾ സർവ്വീസ് ചാർജ്ജായി നൽകേണ്ടതുണ്ട്. അല്ലാത്തപക്ഷം വിയറ്റ്നാം എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം അവിടെയുള്ള കൗണ്ടറിൽ വിസയ്ക്കുള്ള ചാർജ്ജ് അടച്ചാൽ മതിയാകും.
ഇൻഡിഗോ വിമാനമായിരുന്നു ഞാൻ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്കും അവിടെ നിന്നും കൊൽക്കത്തയിലേക്കും, പിന്നെ അവിടെ നിന്നു നേരിട്ട് ഹോചിമിൻ സിറ്റിയിലേക്കും (വിയറ്റ്നാം) ആണ് റൂട്ട്. കൊച്ചിയിൽ നിന്നും നേരിട്ട് സർവ്വീസ് ഇല്ലാത്തതിനാലാണ് ഇങ്ങനെ മാറികയറി പോകേണ്ടി വരുന്നത്. അല്ലാതെ വേറെ വഴിയില്ല. ഇങ്ങനെ യാത്ര പോകുമ്പോൾ ഒരേ വിമാനം ആയതിനാൽ (കണക്ഷൻ ഫ്ളൈറ്റ്) ലഗേജുകളെക്കുറിച്ച് ഇടയ്ക്ക് വേവലാതിപ്പെടേണ്ട ആവശ്യമില്ല. അവസാന പോയിന്റായ ഹോചിമിൻ സിറ്റിയിൽ എത്തുമ്പോഴാണ് ലഗേജുകൾ നമുക്ക് ലഭിക്കുന്നത്.
അങ്ങനെ കൊച്ചിയിൽ നിന്നും ചെന്നൈ വഴി കൊൽക്കത്തയിൽ എത്തിയ ഞാൻ എൻ്റെ കൈവശമുള്ള മാസ്റ്റർ കാർഡ് ഉപയോഗിച്ച് എയർപോർട്ട് ലോഞ്ച് ഫ്രീ ആക്സസ് നേടി. ലോഞ്ചിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം സമയമായപ്പോൾ ഞാൻ അവിടെ നിന്നും വിയറ്റ്നാമിലേക്ക് യാത്രയായി. ഏകദേശം മൂന്നു മണിക്കൂർ കൊണ്ട് ഞങ്ങളുടെ വിമാനം ഹോചിമിൻ സിറ്റി എയർപോർട്ടിൽ ലാൻഡ് ചെയ്തു. എയർപോർട്ടിൽ ഒട്ടും തിരക്കുകൾ ഉണ്ടായിരുന്നില്ല. വിസ കൗണ്ടറിൽ ചെന്ന് പ്രീ അപ്പ്രൂവൽ പേപ്പറും, പാസ്സ്പോര്ട്ടും, ഫോട്ടോയും, ഹോട്ടൽ ബുക്കിംഗ് പേപ്പറും, വിസ ചാർജ്ജും ഒക്കെ കൊടുത്ത് കാത്തിരിക്കണം. കുറച്ചു സമയത്തിനകം (തിരക്ക് പോലെയിരിക്കും) നമ്മുടെ പേര് വിളിക്കുമ്പോൾ ചെന്നാൽ വിസ പതിച്ച പാസ്പോർട്ട് ലഭിക്കും.
വിസ കരസ്ഥമാക്കി ലഗേജുകളും എടുത്തുകൊണ്ട് ഞാൻ ടെർമിനലിന് വെളിയിലേക്ക് ഇറങ്ങി. ഇറങ്ങുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഫോൺ കണക്ഷൻ ഷോപ്പിൽ നിന്നും ഒരു സിംകാർഡ് കരസ്ഥമാക്കി. ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ യാത്ര പോകുമ്പോൾ അവിടത്തെ സിംകാർഡുകൾ എടുക്കുന്നത് വളരെ നല്ലതാണ്. വളരെയധികം ഉപകാരപ്പെടും അത്. സിം കാർഡും വാങ്ങി ടെർമിനലിന് വെളിയിലേക്ക് ഇറങ്ങിയപ്പോൾ ‘Ameerali Harees’ എന്നെഴുതിയ ബോർഡുമായി എന്നെക്കാത്ത് അവിടത്തെ ട്രാവൽ ഗൈഡ് നിൽക്കുന്നതു കണ്ടു. അദ്ദേഹത്തിനൊപ്പം കാറിൽക്കയറി ഹോട്ടൽ റൂമിലേക്ക് യാത്രയായി.
വിയറ്റ്നാമിലേക്ക് നിങ്ങൾക്കും ഒരു യാത്ര പോകണമെന്നുണ്ടോ? മികച്ച യാത്രാ പാക്കേജുകൾ നമ്മുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.
വളരെ ആകർഷണീയം