ഇടുക്കിയുടെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറകു വിടർത്തി സീപ്ലെയിൻ!
കൊച്ചിയില്‍ നിന്നും ഇടുക്കിയിലെ മാട്ടുപെട്ടി ഡാമിലേക്ക് നടത്തിയ സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരമായതോടെ കൂടുതല്‍ മേഖലയിലേക്ക് സര്‍വീസ് തുടങ്ങാന്‍ പദ്ധതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നിയന്ത്രിക്കുക. കരയില്‍ നിന്നും ജലത്തില്‍ നിന്നും ഒരു പോലെ പറന്നുപൊങ്ങാനും ഇറങ്ങാനും കഴിയുമെന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടൂറിസം കേന്ദ്രങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തും.
ചുരുങ്ങിയ സമയത്തിൽ സഞ്ചാരികളെ മൂന്നാറിലും സമീപപ്രദേശങ്ങളിലും എത്തിക്കാൻ ആയാൽ അത് വിദേശ സഞ്ചാരികളെ ആകർഷിക്കും എന്നതിൽ സംശയമില്ല.
എന്താണ് സീ പ്ലെയിന്‍?
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്. 17 സീറ്റുള്ള ഡി ഹവിലാന്‍ഡ് ട്വിന്‍ ഓട്ടര്‍ 300 വിമാനമാണ് കേരളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ടൂറിസം കേന്ദ്രങ്ങളടക്കമുള്ള വിദൂരപ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഉഡാന്‍ പദ്ധതി പ്രകാരം നിരക്കുകളില്‍ ഇളവുകളുമുണ്ടാകും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലാകും ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിക്കുക.