ഈ പ്രദേശത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്. പാർവതീ ദേവിയുടെ അവതാരമാണ് ദേവി കന്യക എന്നാണ് വിശ്വാസം. ഭൂമിശാസ്ത്രപരമായി ഇതൊരു മുനമ്പാണ്. “കേപ്പ് കൊമാറിൻ” എന്നാണ് ബ്രിട്ടിഷുകാർ ഈ മുനമ്പിനു നൽകിയിരുന്ന പേര്. ഇന്നും പലയിടങ്ങളിലും കന്യാകുമാരിയുടെ ചുരുക്കപ്പേരായി കേപ്പ് എന്ന് ഉപയോഗിക്കുന്നവരുമുണ്ട്.
കന്യാകുമാരിയിലേക്ക് എങ്ങനെ പോകാം? – സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ബസ്സിലോ ട്രെയിനിലോ കയറി കന്യാകുമാറിയിലേക്ക് പോകാൻ സാധിക്കും. ബസ്സിനു പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ എത്തിച്ചേർന്നിട്ട് അവിടെ നിന്നും കന്യാകുമാരിയിലേക്ക് കെഎസ്ആർടിസി ബസ്സിൽ കയറി പോകാവുന്നതാണ്. തിരുവനന്തപുരം – കന്യാകുമാരി ബസ്സുകളുടെ സമയവിവരങ്ങൾക്ക് – https://bit.ly/2EGJTDm. എറണാകുളത്തു നിന്നും ദിവസേന രണ്ടു കെഎസ്ആർടിസി ബസ്സുകൾ കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. മധ്യകേരളത്തിലുള്ളവർക്ക് ഈ ബസ്സിൽക്കയറിയും കന്യാകുമാരിയിലെത്താം. എറണാകുളം – കന്യാകുമാരി ബസ്സുകളുടെ സമയവിവരങ്ങൾക്ക് – https://bit.ly/2PXWfcf .
ബസ്സിൽ പോകുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ട്രെയിൻ മാർഗ്ഗവും കന്യാകുമാരിയിലേക്ക് പോകാം. ബസ്സിനെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവുമായിരിക്കും. നമ്മുടെ അടുത്തായതുകൊണ്ട് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്താലും നോർത്ത് ഇന്ത്യയിലെപ്പോലെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുമില്ല. എന്തായാലും അതൊക്കെ യാത്ര ചെയ്യുന്നവരുടെ ഇഷ്ടവും സൗകര്യവും നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.
കന്യാകുമാരിയിൽ ബീച്ചിനോട് ചേർന്ന് ധാരാളം ലോഡ്‌ജുകളും ഹോട്ടലുകളും ലഭ്യമാണ്. ലോഡ്‌ജുകൾ തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം നല്ലതു നോക്കി എടുക്കുക. വിവിധ ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ കുറഞ്ഞ നിരക്കിന് നല്ല ഹോട്ടൽ റൂമുകൾ ലഭിക്കും. അവ റേറ്റിങ് ഒക്കെ നോക്കി മുൻകൂട്ടി ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്. മലയാളികൾ ധാരാളമുള്ള സ്ഥലമാണ് കന്യാകുമാരി. അതുകൊണ്ട് ഭാഷയുടെ കാര്യത്തിൽ പേടി വേണ്ട.
കന്യാകുമാരിയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞു തരാം.
1. വിവേകാനന്ദപ്പാറ – കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500 മീറ്ററോളം അകലെ കടലിലായി സ്ഥിതി ചെയ്യുന്ന രണ്ടു പാറകളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23, 24, 25 തീയതികളിൽ ഇവിടെ ധ്യാനത്തിലിരുന്നതിനാലാണ് ഈ പാറയ്ക്ക് ആ പേരുവന്നത്. ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു. വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് മുഖ്യാകർഷണം . സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ഈ പാറയിലേക്ക് തീരത്തു നിന്നും വലിയ ബാർജ് പോലുള്ള ബോട്ടിൽക്കയറിയാണ് എത്തിച്ചേരുന്നത്. കടലിൽ നല്ല തിരയുള്ള സമയങ്ങളിൽ ഈ ബോട്ട് യാത്ര ചിലപ്പോൾ നിങ്ങളെ ഒന്നു പേടിപ്പിച്ചേക്കാം.
2. തിരുവള്ളുവർ പ്രതിമ – വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായി കടലിൽത്തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയിലാണ് തിരുവള്ളുവർ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. വിവേകാനന്ദപ്പാറയിലേക്ക് വരുന്നവർക്ക് ഇവിടെയും അതേബോട്ടിൽ കയറി എത്തിച്ചേരാവുന്നതാണ്. ഇതിനു വെവ്വേറെ ടിക്കറ്റുകൾ ഒന്നും എടുക്കേണ്ടതില്ല.
3. ത്രിവേണി സംഗമത്തിൽ കുളിക്കാം – ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നീ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം എന്നറിയപ്പെടുന്നത്. കന്യാകുമാരിയിൽ വരുന്നവർക്ക് ഇവിടെ കുളിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. കടലിന്റെ സ്വഭാവം നോക്കി മാത്രമേ ഇവിടേക്ക് ഇറങ്ങാൻ ശ്രമിക്കാവൂ.
4. സൂര്യോദയവും സൂര്യാസ്തമയവും – ഒരേ സ്ഥലത്തു നിന്നുതന്നെ കടലിൽ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും കാണുവാൻ കഴിയുന്ന സ്ഥലമാണ് കന്യാകുമാരി. ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചയും ഇതുതന്നെയാണ്. അതുപോലെതന്നെ ചില പ്രത്യേക അവസരങ്ങളിൽ സൂര്യനെയും ചന്ദ്രനെയും ഒന്നിച്ചു കാണുവാൻ സാധിക്കുമത്രേ. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലായിരിക്കും ഇവിടെ നല്ലരീതിയിൽ സൂര്യോദയവും അസ്തമയവും കാണുവാൻ സാധിക്കുന്നത്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ചിലപ്പോൾ ഇതിനു വിലങ്ങുതടിയായേക്കാം.
5. കന്യാകുമാരി ക്ഷേത്രം – 3000 വർഷങ്ങളോളം പഴക്കമുള്ള കന്യാകുമാരി ദേവീ ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു ആകർഷണം. കടലിനു തൊട്ടടുത്തായി (ത്രിവേണി സംഗമത്തിനടുത്ത്) സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണിത്. നാനാ ജാതിമതവിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരേപോലെ കയറാവുന്ന ഈ ക്ഷേത്രം പുലർച്ചെ 4.30 നു തുറക്കും. പിന്നീട് ഉച്ചയോടെ അടയ്ക്കുന്ന ക്ഷേത്രം വീണ്ടും വൈകീട്ട് 4 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. ക്ഷേത്രത്തിനകത്ത് ഫോട്ടോഗ്രാഫി അനുവദനീയമല്ല. അതുപോലെതന്നെ ബാഗുകൾ പുറത്ത് സൂക്ഷിക്കേണ്ടി വരും.
ഇവ കൂടാതെ പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം, ഗാന്ധിജിയുടെ ചിതാഭസ്മ സ്മാരകം, മെഴുക് പ്രതിമകളുടെ മ്യൂസിയം, തോവാള പൂ മാർക്കറ്റ്, മുപ്പന്തൽ വിൻഡ് ഫാം തുടങ്ങിയ സ്ഥലങ്ങളും നിങ്ങൾക്ക് കന്യാകുമാരി യാത്രയിൽ സന്ദർശിക്കാവുന്നതാണ്. അതുപോലെതന്നെ കന്യാകുമാരിയിലും പരിസരങ്ങളിലുമായി നമ്മൾ അധികം കേട്ടിട്ടില്ലാത്ത നല്ല ബീച്ചുകളും സ്ഥിതി ചെയ്യുന്നുണ്ട്. മുട്ടം ബീച്ച്, ശംഖുതുറൈ ബീച്ച്, ചൊത്തവിളൈ ബീച്ച്, കന്യാകുമാരി ബീച്ച്, തേങ്ങാപ്പട്ടണം ബീച്ച് എന്നിവയാണ് അവ. നിങ്ങൾ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരോട് (വിശ്വാസ യോഗ്യരാണെങ്കിൽ) അന്വേഷിച്ചാൽ ഇവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കാം.
2004 ഡിസംബർ 26 നു ഉണ്ടായ സുനാമി ദുരന്തം കന്യാകുമാരിയെയും നല്ല രീതിയിൽ ബാധിച്ചു. അന്ന് കുറേയാളുകൾ വിവേകാനന്ദപ്പാറയിലും തിരുവള്ളുവർ പ്രതിമയിലുമായി കുടുങ്ങിക്കിടക്കുകയും ചെയ്തു. ഇവരെയെല്ലാം വളരെ സാഹസികമായാണ് പിന്നീട് രക്ഷപ്പെടുത്തിയത്. എന്നാൽ അപ്രതീക്ഷിതമായ കടലാക്രമണത്തിൽ തീരത്തുണ്ടായിരുന്ന ധാരാളമാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് കന്യാകുമാരി ഒത്തിരി മുന്നേറിയിരിക്കുന്നു.
ഇപ്പോൾ കേരള തമിഴ്നാട് അതിര്‍ത്തിയിലെ മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ തുറന്നതോടെ തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലെത്താന്‍ മണിക്കൂറുകളോളം വേണ്ടി വരുന്ന സ്ഥാനത്ത് ഇനി ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും. ഇതുവഴി ബസ് സർവ്വീസുകൾ തുടങ്ങുന്ന കാര്യം പരിഗണനയിലാണ്. ഇത് സഞ്ചാരികൾക്ക് വളരെ സന്തോഷം നൽകുന്ന ഒരുകാര്യം കൂടിയാണ്. നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഇനി അടുത്തതവണ കന്യാകുമാരിയിലേക്ക് പോകുമ്പോൾ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നോർത്തു വെക്കുക.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധതരം യാത്രകൾക്കും ടൂർ പാക്കേജുകൾക്കും ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.