മറ്റേത് യാത്രാ മാർഗ്ഗവും പോലെയല്ല വിമാനത്തിൽ യാത്ര ചെയ്യുന്നത്. കുറച്ചു കൂടുതൽ മുന്നൊരുക്കവും കരുതലും ആവശ്യമാണ്. കയ്യിൽ കരുതുന്ന രേഖകൾ മുതൽ ലഗേജിൽ കരുതേണ്ട വസ്തുക്കൾക്ക് വരെ പ്രാധാന്യവും നിയന്ത്രണവുമുണ്ട്. കാരണം യാത്രക്കാർ പ്രതീക്ഷിക്കാത്ത പല സാധനങ്ങൾക്കും വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തോക്കുകൾ, തീ പിടിക്കുന്ന വസ്തുക്കൾ, മൂർച്ചയുള്ള ആയുധങ്ങൾ തുടങ്ങിയവ അതിൽപ്പെടുന്നു.
അത്തരത്തിൽ നിരോധനമുള്ള ഒന്നാണ് തേങ്ങ. കേട്ടാൽ അത്ഭുതം തോന്നാം. പക്ഷെ വിമാനത്തിൽ തേങ്ങ കൊണ്ടുവരാനോ പോകാനോ അനുവദിക്കില്ല. തേങ്ങയെ തീ പിടിക്കാൻ സാധ്യതയുള്ള വസ്തു ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
അതുകൊണ്ടാണ് ചെക്കിൻ ബാഗിൽ തേങ്ങ അനുവദിക്കാത്തത് എന്നാണ് വിമാന കമ്പനികൾ പറയുന്നത്. തേങ്ങയിൽ എണ്ണയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ തീ കത്താനുള്ള സാധ്യതയേറുമാത്രേ.
തേങ്ങ വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നത് വിമാന കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കഷണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകാമെന്ന് അറിയിക്കുന്നുണ്ട്.
അയാട്ടയുടെ ( ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങൾ വിമാനത്തിൽ അനുവദനീയവുമാണ്.