ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇതുവരെ ഇന്ത്യയിലെ റെയിൽ ഗതാഗതം പൂർണ്ണമായും പൊതുമേഖലയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ സ്വകാര്യവത്കരിച്ച ട്രെയിൻ സർവ്വീസ് ഓടിത്തുടങ്ങിയിരിക്കുകയാണ്. റെയില്‍വെ മന്ത്രാലത്തിന്റെ നൂറു ദിവസത്തെ കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ പരീക്ഷണത്തിന് തയ്യാറായത്.
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ നിന്നും ന്യൂഡൽഹി വരെ സർവ്വീസ് നടത്തുന്ന തേജസ് എക്സ്പ്രസ്സാണ് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെത്തന്നെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ. 2019 ഒക്ടോബർ 4 നാണ് ഈ ട്രെയിനിന്റെ കന്നിയാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ളാഗ് ഓഫ് ചെയ്തത്. നിലവിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ആണ് ഈ ട്രെയിനിന്റെ നടത്തിപ്പ്. ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്ക് നടത്തിപ്പിനായി റെയിൽവേ വിട്ടു നൽകും.
ആഴ്ചയിൽ ആറു ദിവസമാണ് ലഖ്നൗ – ന്യൂഡൽഹി റൂട്ടിൽ ഈ ട്രെയിൻ സർവ്വീസ് നടത്തുക. ചൊവ്വാഴ്ച ദിവസങ്ങളിൽ ഈ സർവ്വീസ് ഉണ്ടായിരിക്കില്ല. നിലവിൽ ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ സ്വർണ്ണശതാബ്ദി എക്സ്പ്രസ്സിനെക്കാൾ വേഗതയുള്ള പുതിയ തേജസ് എക്സ്പ്രസ്സ് ലഖ്നൗ – ന്യൂഡൽഹി റൂട്ടിൽ 6 മണിക്കൂർ 15 മിനിറ്റ് സമയം കൊണ്ടാണ് ഓടിയെത്തുക.
നിലവിലെ റെയിൽവേയുടെ ഷെഡ്യൂൾ പ്രകാരം തേജസ് എക്സ്പ്രസ്സ് ലഖ്നൗവിൽ നിന്നും രാവിലെ 6.10 നു പുറപ്പെടുകയും ന്യൂഡൽഹിയിൽ ഉച്ചയ്ക്ക് 12.25 നു എത്തിച്ചേരുകയും ചെയ്യും. തിരികെ ന്യൂഡൽഹിയിൽ നിന്നും വൈകീട്ട് 3.35 നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10.05 നാണു ലഖ്നൗവിൽ എത്തിച്ചേരുന്നത്. ലഖ്നൗവിനും ന്യൂഡൽഹിയ്ക്കും ഇടയിൽ കാൺപൂർ, ഗാസിയാബാദ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ട്രെയിനിനു സ്റ്റോപ്പുകളുള്ളത്.
ഒരേസമയം 750 ഓളം യാത്രക്കാരെ വഹിക്കുവാൻ ശേഷിയുള്ള ലഖ്നൗ – ന്യൂഡൽഹി തേജസ് എക്സ്പ്രസ്സിൽ ഒരു എക്സിക്യൂട്ടീവ് ചെയർ കാർ കോച്ച്, 9 ചെയർകാർ കോച്ചുകൾ തുടങ്ങിയവയാണ് ഉണ്ടായിരിക്കുക. യാത്രക്കാർക്ക് ചായ, കാപ്പി, കുടിവെള്ളം, കോംബോ ഫുഡ്, ന്യൂസ് പേപ്പർ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ട്രെയിനിൽ ലഭ്യമാണ്. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ട്രെയിനിലുണ്ട്. യാത്ര തുടങ്ങുന്നതിനു മുമ്പും അവസാനിക്കുമ്പോഴും ലഘു ഭക്ഷണവും സ്വീറ്റ്സും യാത്രക്കാർക്ക് ലഭ്യമാകുകയും ചെയ്യും. വിമാനങ്ങളിലെ എയർഹോസ്റ്റസുമാരെപ്പോലെ അനുസ്മരിപ്പിക്കുന്ന യൂണിഫോം ധരിച്ചുകൊണ്ട് ഈ ട്രെയിനിൽ സേവനസന്നദ്ധരായി ജീവനക്കാരും ഉണ്ടായിരിക്കും.
1280 മുതൽ 4325 രൂപ വരെയാണ് ഈ ട്രെയിനിലെ ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം ട്രെയിനിലെ യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കുകയും ചെയ്യും. യാത്രാവേളയിൽ കൊള്ളയടിക്കപ്പെട്ടാൽ യാത്രക്കാർക്ക് ഒരുലക്ഷം രൂപയും ഈ പാക്കേജിന്റെ ഭാഗമായി ലഭിക്കും. ഇതിനെല്ലാം പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ട്രെയിനിന്. ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നൂറു രൂപയും രണ്ടു മണിക്കൂര്‍ വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരം ലഭിക്കും. പൊതുവെ തേജസ് എക്പ്രസ്സ് ട്രെയിനുകൾ മറ്റു തീവണ്ടികളെപ്പോലെ വൈകാറില്ല എന്നതും ശ്രദ്ധേയമാണ്. ആ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം എന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
തത്കാൽ നിരക്കിനെക്കാൾ 25 ശതമാനം അധികമാണ് സ്വകാര്യവത്കരിച്ച ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക്. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന ഇളവ് ഉൾപ്പെടെയുള്ള യാത്രാസൗജന്യങ്ങൾ ഒന്നും ഇത്തരം സ്വകാര്യ ട്രെയിനുകളിൽ ലഭിക്കില്ല. എന്നാൽ സേവനം, സമയ കൃത്യത, ഇൻഷുറൻസ്, ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം തുടങ്ങിയവ സ്വകാര്യ സർവീസുകളുടെ പ്ലസ് പോയിന്റുകളാണ്. ലഖ്നൗ – ഡൽഹിക്ക് പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം.