മിഡിൽ ഈസ്റ്റിലെ ആദ്യത്തെ കൊമേഴ്ഷ്യൽ എയർലൈനുകളിൽ ഒന്നാണ് ഗൾഫ് എയർ. ഇന്ന് ബഹ്റൈന്റെ ഫ്ളാഗ് കാരിയർ കൂടിയായ ഗൾഫ് എയറിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.
ഗൾഫ് എയറിന്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ 1940 -50 കളിലേക്ക് ഒന്നു പോകണം. 1940 കളുടെ അവസാനത്തിൽ പൈലറ്റും സംരംഭകനും കൂടിയായ ഫ്രെഡ്ഡി ബോസ്വർത്ത് എന്ന ബ്രിട്ടീഷുകാരൻ ബഹ്റൈനിൽ നിന്നും ദോഹ, ദഹ്റാൻ എന്നിവിടങ്ങളിലേക്ക് എയർ ടാക്സി സർവ്വീസ് ആരംഭിക്കുകയുണ്ടായി. പിന്നീട് ഈ സർവ്വീസുകൾ പല ലക്ഷ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയും, 1950 ൽ ഗൾഫ് ഏവിയേഷൻ കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഒരു സ്വകാര്യ കമ്പനിയായി രൂപീകരിക്കുകയും ചെയ്തു. ഇന്ന് നാം കാണുന്ന ഗൾഫ് എയറിൻ്റെ തുടക്കമാണ് ഈ കമ്പനി.
Avro Anson, DH.86B, Biplane എന്നിവയായിരുന്നു തുടക്കത്തിൽ ഗൾഫ് ഏവിയേഷൻ ഫ്ലീറ്റിൽ ഉണ്ടായിരുന്ന എയർക്രാഫ്റ്റുകൾ. 1950 ൽത്തന്നെ അബുദാബി, അൽഐൻ, കുവൈറ്റ്, മസ്ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് ഗൾഫ് ഏവിയേഷൻ സർവ്വീസുകൾ തുടങ്ങുകയുണ്ടായി. 1951 ഒക്ടോബറിൽ British Overseas Airways Corporation (BOAC) ഗൾഫ് ഏവിയേഷൻ്റെ 22% ഓഹരികൾ വാങ്ങി. 1967 ൽ ഗൾഫ് ഏവിയേഷനിലേക്ക് ആദ്യത്തെ Fokker F27 എയർക്രാഫ്റ്റ് വന്നു ചേർന്നു.
1970 ൽ ഗൾഫ് ഏവിയേഷൻ ദീർഘദൂര സർവ്വീസുകൾ ആരംഭിച്ചു. Vickers VC10 ജെറ്റ് എയർലൈനർ ഉപയോഗിച്ചായിരുന്നു ലോങ്ങ് റൂട്ടുകളിലേക്കുള്ള സർവ്വീസുകൾ നടത്തിയിരുന്നത്. 1973 ൽ BOAC യുടെ ഷെയറുകൾ നാല് അറബ് രാജ്യങ്ങൾ ചേർന്നു സ്വന്തമാക്കുകയുണ്ടായി. ബഹ്റൈൻ, UAEയെ പ്രതിനിധീകരിച്ചു കൊണ്ട് അബുദാബി, ഒമാൻ, ഖത്തർ എന്നിവയായിരുന്നു ആ നാല് രാജ്യങ്ങൾ.
1974 ൽ നാല് രാജ്യങ്ങളും ഗൾഫ് ഏവിയേഷന്റെ 25% ഓഹരികൾ വീതം വീതിച്ചെടുക്കുകയും ഗൾഫ് എയർ എന്ന ബ്രാൻഡിൽ ഒരു പുതിയ എയർലൈൻ കമ്പനി ആരംഭിക്കുകയും ചെയ്തു. ഈ നാല് രാജ്യങ്ങളുടെയും ഫ്ളാഗ് കാരിയറായി ഗൾഫ് എയർ മാറി.
1976 ൽ ജിദ്ദ, റാസൽഖൈമ, സനാ, അമ്മാൻ, ബാഗ്ദാദ്, ബെയ്റൂട്ട്, കെയ്റോ, ഖാർതൂം, ആംസ്റ്റർഡാം, ഏതൻസ്, പാരീസ്, ഡൽഹി, ബോംബെ, ബാങ്കോക്ക്, മനില, കൊളംബോ, ധാക്ക, ഹോങ്കോങ്, കറാച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഗൾഫ് എയർ തങ്ങളുടെ സർവ്വീസുകൾ വ്യാപിപ്പിച്ചു. Lockheed L-1011 Tristar, Boeing 737 തുടങ്ങിയ എയർക്രാഫ്റ്റുകൾ ഗൾഫ് എയർ ഫ്ലീറ്റിലേക്ക് വന്നു ചേർന്നു.
1980 കളിൽ ഗൾഫ് എയറിലെ യാത്രക്കാരുടെ എണ്ണം നല്ല രീതിയിൽ വർദ്ധിച്ചുകൊണ്ടിരുന്നു. 1981 ൽ ഗൾഫ് എയർ IATA യിൽ അംഗമായി മാറി. 1984 ൽ രണ്ടു ബോയിങ് 747 ജംബോ ജെറ്റ് വിമാനങ്ങൾ ഗൾഫ് എയർ ഫ്ലീറ്റിലെത്തിച്ചേർന്നു. 1985 ൽ ദുബൈയുടെ നാഷണൽ കാരിയറായ എമിറേറ്റ്സ് പ്രവർത്തനമാരംഭിച്ചതോടു കൂടി ഗൾഫ് എയറിന്റെ ലാഭത്തിൽ 30% ത്തോളം കുറവുണ്ടായി. ഇതിന്റെ ഫലമായി 1986 ൽ ഗൾഫ് എയറിനു നഷ്ടക്കണക്കുകളായിരുന്നു.
1988 ൽ ബോയിങ് 767 എയർക്രാഫ്റ്റുകൾ ഗൾഫ് എയർ സ്വന്തമാക്കുകയും, അതോടൊപ്പം ഫ്രാങ്ക്ഫർട്ട്, ഇസ്താംബൂൾ, ഡമാസ്കസ്, ദാറുസ്സലാം, ഫുജൈറ, നൈറോബി എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു. 1990 ൽ ഗൾഫ് എയർ തങ്ങളുടെ 40 ആം പിറന്നാൾ ആഘോഷിക്കുകയും സിംഗപ്പൂർ, സിഡ്നി, തിരുവനന്തപുരം റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു. സിഡ്നി സർവ്വീസ് തുടങ്ങിയതോടെ ഓസ്ട്രേലിയയിലേക്ക് സർവ്വീസ് നടത്തുന്ന ആദ്യത്തെ അറബ് എയർലൈനായി ഗൾഫ് എയർ മാറി.
1994 ൽ ഗൾഫ് എയറിലേക്ക് Airbus A340-300 എയർക്രാഫ്റ്റുകളും, 1999 ൽ Airbus A330-200 എയർക്രാഫ്റ്റുകളും എത്തിച്ചേർന്നു. 1997 ൽ ഗൾഫ് എയറിനു സ്വന്തമായി വെബ്സൈറ്റ് നിലവിൽ വന്നു. അതേ വർഷം തന്നെ ഗൾഫ് എയർ വീണ്ടും ലാഭത്തിന്റെ പാതയിലായി.
2002 ൽ തങ്ങളുടെ ഓഹരി തിരികെ നൽകിക്കൊണ്ട് ഗൾഫ് എയറിൽ നിന്നും പിന്മാറുന്നതായി ഖത്തർ പ്രഖ്യാപിച്ചു. 2004 ൽ ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്ളൈറ്റുകളും, UAE യിലെ റാസൽഖൈമ – അബുദാബി റൂട്ടിൽ Daily ഫ്ളൈറ്റുകളും ആരംഭിച്ചു. ആ വർഷം മൊത്തത്തിൽ 7.5 മില്യൺ യാത്രക്കാരായിരുന്നു ഗൾഫ് എയറിൽ സഞ്ചരിച്ചത്.
ഇതിനിടെ ബഹ്റൈൻ ഫോർമുല വൺ ഗ്രാൻഡ് പിക്സിൻ്റെ സ്പോൺസറായും ഗൾഫ് എയർ ശ്രദ്ധനേടുകയുണ്ടായി.
2005 -2006 കാലഘട്ടത്തിൽ ഗൾഫ് എയറിന്റെ പാർട്ണർഷിപ്പിൽ നിന്നും അബുദാബി പിന്മാറി. ഇതോടെ ബഹ്റൈൻ, മസ്കറ്റ് എയർപോർട്ടുകൾ ഹബ്ബുകളാക്കി പ്രവർത്തിച്ചുകൊണ്ട് ഗൾഫ് എയർ ഒമാൻ, ബഹ്റൈൻ രാജ്യങ്ങളുടെ സ്വന്തമായി സർവ്വീസ് തുടർന്നു. ഇതിനിടെ തങ്ങളിൽ നിന്നും പിരിഞ്ഞു പോയ അബുദാബിയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ട് മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിക്കൊണ്ട് ഗൾഫ്എയർ നല്ലൊരു മാതൃക കൂടി ഏവിയേഷൻ ലോകത്തിനു മുന്നിൽ കാണിച്ചു.
2007 ൽ തങ്ങളുടെ ഫ്ലീറ്റിൽ നിന്നും Boeing 767, Airbus A340-300 എന്നീ എയർക്രാഫ്റ്റുകൾ പിൻവലിക്കുകയും പകരം Airbus A321, 2009 ൽ Airbus A330-300 എന്നിവ സർവീസിലേക്ക് കൊണ്ടുവരികയും ചെയ്തു. 2007 ൽ ഗൾഫ് എയറിൽ നിന്നും ഒമാൻ പിന്മാറുകയും, എയർലൈനിന്റെ മുഴുവൻ ഉടമസ്ഥതയും ബഹ്റൈൻ ഗവണ്മെന്റിനു വന്നുചേരുകയും ചെയ്തു.
2008 ൽ 16 Boeing 787, 15 Airbus A320, 20 A330 എന്നിങ്ങനെ എയർക്രാഫ്റ്റുകൾക്കായുള്ള ഓർഡർ നൽകുകയുണ്ടായി. 2009 മാർച്ചിൽ ജെറ്റ് എയര്വേയ്സിൽ നിന്നും നാല് Boeing 777-300ER വിമാനങ്ങൾ 42 മാസത്തെ പാട്ടക്കരാറിൽ ഗൾഫ് എയർ ലീസിനു എടുക്കുകയുണ്ടായി. എന്നാൽ അധികം വൈകാതെ കരാർ റദ്ദാക്കുകയും ഈ വിമാനങ്ങൾ ജെറ്റ് എയറിനു തന്നെ തിരികെ നൽകുകയുമാണുണ്ടായത്.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടാണ് ഗൾഫ് എയറിന്റെ പ്രധാന ഹബ്ബ്. നിലവിൽ 28 രാജ്യങ്ങളിലെ 52 ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ഗൾഫ് എയറിനു സർവ്വീസുകളുണ്ട്. Airbus A320-200, Airbus A320neo, Airbus A321-200, Boeing 787-9 എന്നീ എയർക്രാഫ്റ്റുകളാണ് ഗൾഫ് എയർ ഫ്ലീറ്റിൽ നിലവിലുള്ളത്. സർവീസുകളെല്ലാം മികച്ചവയാണെങ്കിലും 2011 മുതൽ ഗൾഫ് എയർ നഷ്ടത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്കിലും ബഹ്റൈന്റെ ഫ്ളാഗ് കാരിയറായി അഭിമാനത്തോടെ പറക്കുകയാണ് ഗൾഫ് എയർ…