തായ്‌ലണ്ടിലെത്തിയാൽ ബാങ്കോക്കിലെ ഗ്രാൻഡ് പാലസ് സന്ദർശിക്കാതെ ഒരു മടക്ക യാത്രയുണ്ടോ? സവിശേഷമായ യാത്രയുടെ പൂർണ്ണത തുടങ്ങുന്നതും അവസാനിക്കുന്നതും അതി മഹത്തായ മഹാ നിർമ്മിതിക്കുള്ളിലെ ചരിത്ര അവശേഷിപ്പുകളിൽ നിന്നും ആണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.
രാമ ഒന്നാമൻ രാജാവ് ബാങ്കോക്ക് തലസ്ഥാനമായി സ്ഥാപിച്ചതു മുതൽ, തായ് രാജകുടുംബത്തിൻ്റെ പ്രധാന വാസ്തുവിദ്യാ ചിഹ്നമാണ് മഹത്തായ കൊട്ടാരം.
തായ്‌ലൻഡിലെ ബാങ്കോക്കിൻ്റെ ഹൃദയഭാഗത്തായി ചാവോ ഫ്രായ നടിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് പാലസ്, രത്തനകോസിൻ സാമ്രാജ്യത്തിലെ (സിയാം) രാമ ഒന്നാമൻ രാജാവിൻ്റെയും രാമ അഞ്ചാമൻ രാജാവിൻ്റെയും വസതി. ഇന്ന് രാജകീയ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുകയും രാജാവിൻ്റെ അതിഥികൾ, സംസ്ഥാന അതിഥികൾ, മറ്റ് വിദേശ പ്രമുഖർ എന്നിവരെ സ്വാഗതം ചെയ്യുന്നതും ഇവിടേക്കാണ്.
കൊട്ടാരസമുച്ചയം ചതുരാകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. രാജാക്കന്മാരുടെയും രാജകുടുംബത്തിലെ ഉന്നത അംഗങ്ങളുടെയും ഭൗതികശരീരം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
കൊട്ടാരത്തെ സമുച്ചയത്തെ രണ്ട് പ്രധാന മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഒന്ന് എമറാൾഡ് ബുദ്ധന്റെ ക്ഷേത്രവും രാജകീയ വസതിയും ഉൾകൊള്ളുന്ന പ്രദേശം .
രണ്ടാമത്തേത് ഔട്ടർ കോർട്ട്, മിഡിൽ കോർട്ട്, ഇൻറർ കോർട്ട് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്ന മറ്റൊരു പ്രദേശം.
ഒരൊറ്റ ഘടന എന്നതിനേക്കാൾ, വലിയ കെട്ടിടങ്ങൾ, ഹാളുകൾ, തുറന്ന പുൽത്തകിടിയിൽ സ്ഥാപിച്ചിരിക്കുന്ന പവലിയൻ, ഉദ്യാനങ്ങൾ, കോർട്ട്യാർഡ്സ് തുടങ്ങിയവയോടുകൂടി നിർമ്മിച്ച കൊട്ടാരമാണ് ഗ്രാൻഡ് പാലസ്.
വിസെറ്റ് ചായ് സി ഗേറ്റ് മുതൽ ഫിമാൻ ചായ് സി ഗേറ്റ് വരെയാണ് ഔട്ടർ കോർട്ട് ആരംഭിക്കുന്നത്, ഗ്രാൻഡ് പാലസിൻ്റെ അകത്തെ ഭിത്തികളും ഇതിൽ ഉൾപ്പെടും. ബ്യൂറോ ഓഫ് ദി റോയൽ ഹൗസ്‌ഹോൾഡ്, ഓഫീസ് ഓഫ് ഹിസ് മജസ്റ്റിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഓഫീസ് തുടങ്ങി നിരവധി സ്റ്റേറ്റ് ഓഫീസുകളുടെ സ്ഥാനമാണിത്.
ഫിമാൻ ചായ് സി ഗേറ്റ് മുതൽ സനം രത്ചകിത് ഗേറ്റ് വരെയാണ് മിഡിൽ കോർട്ട് ആരംഭിക്കുന്നത്. രാജകീയ കിരീടധാരണം, കിരീടധാരണ ദിനത്തിൻ്റെ രാജകീയ ചടങ്ങ് തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുന്ന പ്രദേശമാണിത്.
ഫ്രാ മഹാ മോന്തിയെൻ ബിൽഡിംഗ്സ്, ചക്രി മഹാ പ്രസാത് ബിൽഡിംഗ്സ്, ഫ്രാ മഹാ പ്രസാത് ബിൽഡിംഗ്സ്, സിവാലായി ഗാർഡൻസ് ക്വാർട്ടർ എന്നിവയാണ് മിഡിൽ കോർട്ട് ഏരിയയിൽ ഉൾകൊള്ളുന്നത് .
സനം റച്ചകിറ്റ് ഗേറ്റിൽ നിന്ന് താവ് ടെങ്ങിലേക്കെത്തിയാൽ ഇന്റർ കോർട്ടിൽ എത്തി. രാമ ഒന്നാമൻ രാജാവിൻ്റെ കാലത്ത് കൊട്ടാരത്തിൻ്റെ മതിലുകളായിരുന്ന നിര വീടുകൾ അവിടെ കാണാം. അന്ന് സ്ത്രീകൾക്ക് മാത്രമുള്ള മേഖലയായിരുന്നു.
രാജാവിൻ്റെ രാജ്ഞിമാർ, ഭാര്യാമാതാക്കൾ, പുത്രിമാർ എന്നിവരോടൊപ്പം നിരവധി സ്ത്രീകളും ജോലിക്കാരും ഒരുമിച്ച് താമസിച്ചിരുന്ന പ്രദേശം. ഇവിടേക്ക് രാജാവിനെ ഒഴികെ മറ്റാരെയും പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
രാജാവ് രാമ ഒമ്പതാമന് അനുശോചനം രേഖപ്പെടുത്താൻ കറുപ്പോ വെളുപ്പോ വസ്ത്രം ധരിക്കുക എന്ന് എഴുതിവെച്ചിരിക്കുന്നതും കാണാം.
ഗ്രാൻഡ് പാലസ് ഏരിയയ്ക്കുള്ളിൽ പവലിയൻ ഓഫ് റെഗാലിയ, റോയൽ ഡെക്കറേഷൻസ് ആൻഡ് കോയിൻസ് കാണാം. തായ് നാണയങ്ങളും അധികാര ചിഹ്നങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നുണ്ട് അവിടെ.
നഗരത്തിന്റെ തെക്ക് ഭാഗത്തേക്കും പുറത്തേക്കും പ്രാധാന്യം നൽകി കൊട്ടാരം വിപുലീകരിക്കാൻ രാമ ഒന്നാമൻ നിർദ്ദേശം നൽകിയിരുന്നു . ആ പ്രദേശം ആണ് ഇപ്പോൾ ബാങ്കോക്കിന്റെ ചൈന ടൗൺ.