ജോര്‍ജിയ ലവ്‌സ് യു
നിങ്ങളെ സ്നേഹിക്കുന്ന നഗരത്തിലേക്കാണ് യാത്ര. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡിനെപ്പോലെ ഇതിഹാസ കഥകള്‍ നിറഞ്ഞ ഭൂമിക. യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പര്‍വത രാജ്യമായ ജോര്‍ജിയയിലേക്ക്. അസര്‍ബെയ്ജാനില്‍ നിന്നും ജോര്‍ജിയയുടെ തലസ്ഥാനമായ ടിബിലിസിയില്‍ പറന്നിറങ്ങി. വായിച്ചുമറന്ന മാന്ത്രിക കഥയിലെ അതി പുരാതാന കോട്ടകളും കൊക്കോസ് മലനിരകളും താഴ്വാരങ്ങളുടേയും അത്ഭുത ലോകം. ഒട്ടേറെ അധിനിവേശങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന രാജ്യം ഇന്നും അതിന്റെ ചരിത്ര അവശേഷിപ്പുകള്‍ ഗംഭീരമായി സൂക്ഷിച്ചിരിക്കുന്നു. തെരുവുകളില്‍ ഈണമിടുന്ന സംഗീതത്തില്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പ് അനുഭവിച്ചു തുടങ്ങി.
വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥ…. ഒരു മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നു തന്നെ പറയാം.വൃത്തിയും സുന്ദരവുമാണ് നഗര കാഴ്ചകള്‍. ഒരു സാധാരണ അവധിക്കാലം അസാധാരണമാക്കാനുള്ള എല്ലാം രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. വലുപ്പത്തില്‍ ചെറുതെങ്കിലും കാഴ്ചകള്‍ വിശാലവും വൈവിധ്യം നിറഞ്ഞതുമാണ്.
മഞ്ഞ്പുതച്ച താഴ്വാരങ്ങള്‍, മലനിരകള്‍, അരുവികള്‍ തുടങ്ങി ഒരോ യാത്രയിലും കാഴ്ചകളുടെ പറുദീസ തന്നെ മുന്നില്‍ നിറഞ്ഞു. ലോകത്ത് മുന്നാം സ്ഥാനത്തുള്ള ജോര്‍ജിയയിലെ ഏറ്റവും വലിയ കത്ത്രീഡല്‍ ടിബിലിസിയിലാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ഗുഹകളില്‍ ഒന്നാണ് പ്രൊമത്യൂസ് കേവ്സ് (Prometheus caves). ഒന്‍പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച റബാത്തി കാസ്റ്റില്‍ (Rabasti Castle) ഒരു കോട്ട എന്നതിലുപരി വിശാലമായ ഒരു നഗരമായി മാറിയിരിക്കുന്നു. വിവിധ സംസ്‌കാരങ്ങളുടെയും മതാചാരങ്ങളുടെയും ശേഷിപ്പുകള്‍. അതിപുരാതന വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച മാളികകള്‍ക്കൊപ്പം ആധുനിക കെട്ടിടങ്ങളും പ്രൗഢിയോടെ ജോര്‍ജിയന്‍ നഗരവീഥികളില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.
ടിബിലിസിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഡെസ്റ്റിനേഷനാണ് നര്‍ക്കേല ഫോര്‍ട്ടറസി (Narikala Fortress). നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ അധിനിവേശകാലത്ത് ഒരു കുന്നിന്റെ മുകളില്‍ നിര്‍മ്മിച്ച ഈ കോട്ടക്കകത്ത് സെന്റ് നിക്കോളാസ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ കത്തിപ്പോയ പള്ളിയാണ് പിന്നീട് പുനര്‍ നിര്‍മ്മിച്ചത്. അത്യാധുനിക രീതിയില്‍ പണികഴിപ്പിച്ച പീസ് ബ്രിഡ്ജും (Peace Bridge) സഞ്ചാരികളെ ആകര്‍ഷിക്കുന്ന അതി മനോഹര കാഴ്ചയാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടിരിക്കുന്ന ജ്വാരി (Jvari Monestry) ടിബിലീസില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ്.
എല്ലാ കാലാവസ്ഥയിലും യാത്രക്കാരെ സ്വീകരിക്കുന്ന ഡെസ്റ്റിനേഷനാണ് ഗഢൂറി (Gudauri). കുറഞ്ഞചിലവില്‍ പഴങ്ങളും പച്ചക്കറികളും ഹോം വൈനുകളും ധാരാളം ഇവിടെ ലഭിക്കും. പലഹാരങ്ങള്‍ക്കൊണ്ടും സമ്പന്നമാണ് ജോര്‍ജിയന്‍ തെരുവുകള്‍. യാത്രയിലുടനീളം വൈന്‍ ഫാക്ടറികളും സന്ദര്‍ശിക്കാം. കൃഷി സ്ഥലങ്ങളിലൂടെയുള്ള നടത്തവും അതിമനേഹരമാണ്.
ഗഢൂറിയിലേക്കുള്ള റോഡ് യാത്രയാണ് മറ്റൊരാകര്‍ഷണം. ജോര്‍ജിയന്‍ സിറ്റിയില്‍ നിന്ന് നൂറു കിലോ മീറ്ററിലേറെ ദൂരമുണ്ട് ഗഢുറിയിലേക്ക്.
മഞ്ഞ് മലയിലേക്കുള്ള യാത്രയിലെ പ്രധാന ആകര്‍ഷണം അവിടുത്തെ കേബിള്‍ കാറുകളാണ്. കേബിള്‍ കാറിലൂടെ മലയുടെ മുകളറ്റം എത്തിക്കഴിഞ്ഞാല്‍ അടുത്ത സവാരി പാരാഗ്ലൈഡിംഗ് ആണ്. നിരവധി സഞ്ചാരികള്‍ പാരാഗ്ലൈഡിംഗ് ചെയ്യാനായി ഇവിടെ എത്താറുണ്ട്.
വിന്റര്‍ സീസണില്‍ മഞ്ഞില്‍ വെള്ള പുതച്ച മലനിരകള്‍ കാണാം. കറുത്ത കടലും ഗുഹാ നിര്‍മിതികളുമുള്ള, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞിന്റെ പുതപ്പണിഞ്ഞുകിടക്കുന്ന മനോഹര ഭൂമിക. മണാലിയിലെ ബയാസ് നദിപോലെ തോന്നിക്കും പസനൂരിയിലെ ബ്ലാക്ക്ആന്‍ വൈറ്റ് റിവര്‍. നദിയെ നെടുകെ ഛേദിച്ചപോലെ ഒരു വശത്ത് വെള്ളയും മറ്റൊരു വശത്ത് ഇരുണ്ട നിറവും.
ഗഢൂറിനും ജ്വാരപാസിനുമിടയില്‍ സ്ഥിതിചെയ്യുന്ന സ്മാരകമാണ് റഷ്യ ജോര്‍ജിയ ഫ്രണ്ട്ഷിപ് മോന്യൂമെന്റ്. കോക്കസ് പര്‍വത നിരകളിലെ ഡെവിള്‍സ് വാലിക്ക് അഭിമുഖമായാണ് ഒറ്റ ശിലാഘടനയില്‍ നിര്‍മ്മിതിയുള്ളത്. അതില്‍ ആലേഖനം ചെയ്തിരിക്കുന്ന ടൈല്‍ വര്‍ക്കുകള്‍ റഷ്യയുടെയും ജോര്‍ജിയയുടെയും സൗഹൃദ കഥകള്‍ പറയുന്നു.
പുതുമ നിറഞ്ഞതാണ് ജോര്‍ജിയന്‍ രുചികള്‍. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി വിദേശികളോടുള്ള ജോര്‍ജിയക്കാരുടെ സൗഹൃദ മനോഭാവവും എടുത്തു പറയേണ്ടതാണ്. ഭാഷയ്ക്കപ്പുറം ഊഷ്മളമായ പുഞ്ചിരികൊണ്ടും ആലിംഗനം കൊണ്ടും ഹൃദയത്തില്‍ ചേക്കേറുന്നു.
മൊണാസ്ട്രികളും ആലിപ്പഴം വീഴുന്ന മലനിരകളും സ്‌കീയിങ് ക്ലബ്ബുകളും ഗ്രാമീണരും എക്കാലവും വിലപ്പെട്ട ഓര്‍മ്മയായി മനസ്സില്‍ തങ്ങി നില്‍ക്കും.