തമാശയായിട്ടാണെങ്കില്‍ പോലും ബോംബ് എന്ന വാക്ക് വിമാനത്താവളങ്ങളില്‍ പറയാന്‍ പാടില്ല. സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനോട് ബോംബുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ രണ്ടുപേരെയാണ് ഒരാഴ്ചക്കിടെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റു ചെയ്തത്. ആദ്യത്തെയാള്‍ ലഗേജില്‍ ബോംബുണ്ടെന്ന് തമാശ രൂപേണ പറഞ്ഞപ്പോള്‍ രണ്ടാമത്തെയാള്‍ എന്റെ ബാഗിലെന്താ ബോംബുണ്ടോയൊന്ന് ചോദിച്ച് സുരക്ഷ ഉദ്യോഗസ്ഥനോട് ദേഷ്യപ്പെട്ടു. രണ്ടുപേരുടെയും യാത്ര പാതിവഴിയില്‍ മുടങ്ങി. തുടര്‍ നടപടികള്‍ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഹൈജാക്ക്, ബോംബ്, ഡെയ്ഞ്ചര്‍, എക്സ്പ്ലോസീവ്, പോലുള്ള വാക്കുകള്‍ കേട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അഞ്ച് വര്‍ഷം തടവ് മുതല്‍ ആജീവനാന്ത കാലം വിമാനയാത്രാ വിലക്ക് വരെ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തുടര്‍നടപടി രണ്ടു തരത്തിലാകും. നോണ്‍ സ്പെസിഫിക്, സ്പെസിഫിക് രീതി.
നോണ്‍ സ്പെസിഫിക്- അഞ്ചുവര്‍ഷം തടവ്
ബോംബിന്റെ പേരിലുള്ള ‘തമാശ’ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതേത്തുടര്‍ന്ന് എയര്‍പോര്‍ട്ട് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി അടിയന്തര യോഗം ചേരുകയും പരിശോധനകള്‍ക്കു ശേഷം യാത്രക്കാരനെ ക്രിമിനല്‍ നടപടികള്‍ക്കായി പൊലീസിനു കൈമാറുകയും ചെയ്യും. യാത്രക്കാരന് 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതിലൂടെ ബ്ലാക്ക് ലിസ്റ്റഡ് പാസഞ്ചേഴ്സിന്റെ പട്ടികയിലേക്ക് ഇയാളുടെ പേരു മാറ്റുകയും ചെയ്യും. പിന്നീടുള്ള യാത്രകളിലും ഇതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാം.
സ്പെസിഫിക്- ആജീവനാന്ത വിലക്ക്
ലഗേജില്‍ ബോംബുണ്ടെന്നു പറയുന്നതും എക്സ്പ്ലോസിവ്, ഡെയ്ഞ്ചര്‍ തുടങ്ങിയ വാക്കുകളുമാണ് നോണ്‍ സ്പെസിഫിക് വിഭാഗത്തില്‍ വരുന്നതെങ്കില്‍ ഒരു നിശ്ചിത വിമാനത്തിലെ ഇന്ന സീറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നു പറയുന്നത് സ്പെസിഫിക് കാറ്റഗറിയില്‍ ഉള്‍പ്പെടും. ഇത് ഗുരുതരമായ കുറ്റമായാണു കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തിക്കു ചിലപ്പോള്‍ ആജീവനാന്തകാലം ഫ്ലൈറ്റ് യാത്രാവിലക്കു നേരിടാം.
കര്‍ശനമായ സുരക്ഷാ നടപടികള്‍ക്ക് ശേഷം യാതൊരു അപകട സാധ്യതകളുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരോ വിമാനങ്ങളും പറന്നുയരുന്നത്. ഇതിനിടയില്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അബദ്ധപെരുമാറ്റങ്ങള് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.