chiang mai

തായ്‌ലന്‍ഡ് ട്രിപ്പില്‍ മിസ്സാക്കരുതെ ചിയാങ്മായ്..

by January 13, 2024

തായ്‌ലന്‍ഡ് എന്ന് കേട്ടാല്‍ പട്ടായയും ബാങ്കോക്കും ഫുക്കറ്റും മാത്രമാണെന്ന ചിന്തിക്കുന്നവരാണ് പലരും. കളര്‍ഫുള്‍ കാഴ്ചകള്‍ക്കും മാസ്മരിക സംഗീതത്തിനും അപ്പുറം വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കും വിധം നഗര, ഗ്രാമക്കാഴ്ചകള്‍ ഒളിഞ്ഞിരിപ്പുണ്ട് അവിടെ. അത്തരത്തില്‍ പലരും ഒഴിവാക്കുന്ന തായ്‌ലന്‍ഡിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമാണ് ചിയാങ്മായ് (Chiang Mai). ചിയാങ്മായ് എന്നാല്‍ ന്യൂ സിറ്റി എന്നാണ് അര്‍ഥം. രാജ്യത്തെ ഉയരം കൂടിയ പര്‍വ്വത നിരകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രം. മുന്നൂറോളം ബുദ്ധമത ക്ഷേത്രങ്ങളും, ആചാരങ്ങളും, ഗ്രാമക്കാഴ്ചകളും കൊണ്ട് സമ്പന്നമായ നഗരം.

ചരിത്രം പശ്ചാത്തലം കൊണ്ടും നിര്‍മ്മിതി കൊണ്ടും ചിയാങ്മായിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വാട് ചേടി ലുവാങ് ക്ഷേത്രം ( wat chedi luang). മൂന്നു ക്ഷേത്ര സമുച്ചയമാണിത്. മെയ് മാസത്തില്‍ ഇവിടെ നടക്കുന്ന ഇന്‍ താകിന്‍ (Inthankin) ഉത്സവം ലോക പ്രശസ്തമാണ്. തായ്ലന്‍ഡിനെക്കുറിച്ചും ബുദ്ധമതത്തെക്കുറിച്ചും ചരിത്ര പിന്‍ബലത്തോടെ അവിടെ സന്യാസിമാര്‍ അറിവ് പകര്‍ന്നു നല്‍കുന്നു.

ചിയാങ് മായിലെ മറ്റൊരു പുരാതന ക്ഷേത്രങ്ങളിലൊന്നാണ് വാട് ഫാന്റോ (wat phan to). പൂര്‍ണ്ണമായും തേക്കില്‍ നിര്‍മ്മിച്ച ക്ഷേത്രം. മുന്‍വശം നാഗങ്ങളും മറ്റു ശില്‍പങ്ങളും കൊണ്ട് ആകര്‍ഷകമാണ്.

തായ് ജനതയുടെ പുണ്യ കേന്ദ്രമാണ് വാട് ഫ്രാ ദാറ്റ് ദോയ് സുദേപ് (Wat Phra That Suthep).
സ്വര്‍ണ്ണം പൂശിയ ചേടിയാണ് വിശിഷ്ട ഭാഗം. 1073 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഇവിടെ നിന്നാല്‍ ചുറ്റുമുള്ള നഗരക്കാഴ്ചകള്‍ കാണാം.

മറ്റൊരു പൗരാണിക ക്ഷേത്ര സമുച്ചയമാണ് വാട് ഫാ ലാട് (Wat Pha Lat). പഴയ ശിലാഘടന, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍, നാഗ സൗന്ദര്യം നിറഞ്ഞ ഗോവണിപടികള്‍, ബുദ്ധമത പ്രതിമകള്‍ ധാരാളമായി കാണാം.

ചിയാങ്മായിലെ വേറിട്ടൊരു വിനോദസഞ്ചാര കേന്ദ്രമാണ് ടൈഗര്‍ കിംഗ്ഡം ( Tiger Kingdom). കടുവകളുടെ ക്ഷേമം മുന്‍നിര്‍ത്തി സംരക്ഷണം ഉറപ്പാക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് കടുവകളുമായി കൂടുതല്‍ അടുത്തിടപെഴകാന്‍ ഇവിടെ സൗകര്യമുണ്ട്.

തീര്‍ത്തും വ്യത്യസ്ത ഗ്രാമക്കാഴ്ച സമ്മാനിക്കുന്ന ഇടമാണ് ലോങ് നെക്ക് വില്ലേജ് (Long Neck Village). കഴുത്തില്‍ നീളത്തില്‍ വളയങ്ങള്‍ ധരിച്ച ധാരാളം സ്ത്രീകള്‍. മുന്‍ കാലങ്ങളില്‍ കടുവകളില്‍ നിന്നും രക്ഷപ്പെടാനാണ് അവര്‍ അത് ധരിച്ചു തുടങ്ങിയത്. ഇത്തരം ഗ്രാമക്കാഴ്ചകളുടെ നേര്‍ചിത്രം ഇവിടെ നിന്നും പകര്‍ത്താനാകും.

ചുറ്റും നിരന്നു നില്‍ക്കുന്ന ആനകള്‍ താങ്ങി നിര്‍ത്തുന്നതുപോലെയുള്ള നിര്‍മിതിയാണ് വാട് ചിയാങ് മാന്‍ ക്ഷേത്രത്തിലേത് (Wat chiang Man). ക്രിസ്റ്റലില്‍ നിര്‍മ്മിച്ച ബുദ്ധ പ്രതിമയാണ് പ്രധാന ക്ഷേത്രത്തിലുള്ളത്. കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു ബുദ്ധ പ്രതിമയും ഇവിടെയുണ്ട്. പഴയ ലാന്‍ ന ശില്പകല വിളിച്ചോതുന്ന കെട്ടിടത്തിന്റെ ചുവരുകളെല്ലാം ചിത്രപ്പണികളാല്‍ സമ്പന്നമാണ്.

ലാന്‍ ന (Lan Na) രാജ്യത്തിന്റെ ശില്‍പികളായ മെന്‍ഗ്രായ്, രാം കാം ഹെയ്ങ്, ഞാം മുവാങ് എന്നീ രാജാക്കന്മാരുടെ സ്മാരകമാണ് ത്രീ കിങ് മോന്യൂമെന്റ്. ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് പതിമൂന്നാം നൂറ്റാണ്ടില്‍ ചിയാങ് മായ് തലസ്ഥാനമായ ലാന്‍ ന രാജ്യം രൂപീകരിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ മ്യാന്‍മര്‍ (ബര്‍മ) കീഴടക്കുന്നത് വരെ രാജ്യം സ്വതന്ത്രമായിരുന്നു. ചിയാങ്മായില്‍ എത്തിയാല്‍ ഉറപ്പായും ഈ ചരിത്ര പ്രദേശം സന്ദര്‍ശിക്കുക തന്നെ വേണം.

വർണങ്ങൾ വാരി വിതറി ചിയാങ് റായ്

ബ്ലാക്ക് ഹൗസ്… വൈറ്റ് ടെമ്പിൾ… ബ്ലൂ ബുദ്ധ, ഗോൾഡൻ ക്ലോക്ക് തുടങ്ങി നിറങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന കാഴ്ചകൾ.
ചിയാങ് മായില്‍നിന്ന് 200 കിലോമീറ്റര്‍ ദൂരമേ ഉള്ളു ചിയാങ് റായിലേക്ക് (Chiang Rai). ലാന്‍ ന പൈതൃകവും, സംസ്‌കാരവും, കൂറ്റന്‍ പര്‍വത നിരകളും നിറഞ്ഞു നില്‍ക്കുന്ന, ലാവോസ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മലയോരപ്രദേശം. മെക്കോങ് നദിക്ക് കുറുകെയുള്ള സൗഹൃദപ്പാലം (bridge of friendship) കടന്നുചെല്ലുന്നത് ലാവാസിലേക്കാണ്.

വിവിധ വര്‍ണങ്ങളാല്‍ വേറിട്ടു നില്‍ക്കുന്ന ക്ഷേത്രങ്ങളാണ് ചിയാങ് റായുടെ പ്രത്യേകത. വാസ്തുശില്പങ്ങളായാലും ചിത്രകലയായാലും എല്ലാം ബുദ്ധമയം. വൈറ്റ് ടെംപിള്‍, ബ്ലൂ ടെംപിള്‍, ബ്ലാക്ക് ടെംപിള്‍ തുടങ്ങി കലയുടെയും സര്‍ഗാത്മകതയുടെ അവസാനവാക്കായി മാറി ചിയാങ് റായ്.

20-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് തകര്‍ന്നുകിടക്കുകയായി രുന്നു പ്രശസ്തമായ വാട് റോങ് കാങ് ബുദ്ധക്ഷേതം (Wat Rong Khun-White Temple). ചലെമായി കോസി പിപ്പട്ട് (Chale mai Kositpipat) എന്ന ലോക പ്രശസ്ത കലാകാരനാണ് തകർന്നു കിടന്ന ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്.

ഏഴോളം കെട്ടിടങ്ങളാണ് വൈറ്റ് ടെംപിള്‍ എന്നറിയപ്പെടുന്ന ഈ കെട്ടിടസമുച്ചയത്തിനുള്ളത്. പേരുപോലെതന്നെ വെട്ടിത്തിളങ്ങുന്ന കൊട്ടാരം. ചുറ്റും ജലാശയം. പാലം കടന്നു വേണം കെട്ടിടത്തിലെത്താന്‍. നമ്മുടെയൊക്കെ സങ്കല്‍പത്തിലെ സ്വര്‍ഗരാജ്യത്തിലെ തൂവെള്ള കൊട്ടാരം. പാലം കടക്കുമ്പോള്‍ ഇരുവശത്തും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന അനേകം കൈകള്‍. അവസാനിക്കാത്തതും നിയന്ത്രിക്കാനാകാത്തതുമായ അനേകായിരം ആഗ്രഹങ്ങളാണ് ആ കൈകള്‍ സൂചിപ്പിക്കുന്നത്. മഹത്തായ ബുദ്ധിസ്റ്റ് ആശയമാണ് ഇതിനു പിന്നില്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് സഞ്ചാരികളെത്തുന്നു. അര്‍ക്കിടെക്ചറല്‍ മികവ് ആരെയും അത്ഭുതപ്പെടുത്തും.

ചുറ്റും നീല മയം നിറയുന്ന സ്വര്‍ണ്ണ അലങ്കാരങ്ങളില്‍ കണ്ണുടയ്ക്കുന്ന ബ്ലൂ ടെമ്പിളാണ് മറ്റൊരു ആകര്‍ഷണം (Blue Temple ). നീണ്ട മുപ്പതു വര്‍ഷക്കാലമാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി വേണ്ടിവന്നത്. ലോക പ്രശസ്ത കലാകാരനായ തവാന്‍ ഡുച്ചാനിയാണ് ഈ ചരിത്ര നിര്‍മ്മിതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ നിരവധി കലാസൃഷ്ടികളും ഇവിടെ പ്രദര്‍ശനത്തിനായുണ്ട്. തായ്‌ലന്‍ഡില്‍ പുതിയൊരു യാത്രാനുഭവം സമ്മാനിക്കുന്ന പ്രദേശങ്ങളാണ് ചിയാങ് മായും ചിയാങ് റായും. അവരുടെ ഭാഷ, സംസ്‌കാരം ഒക്കെ തന്നെ വേറിട്ട കഴ്ചകളും സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go to top