ഓര്‍മ്മയില്‍ ഒരു മഞ്ഞുകാലം സമ്മാനിക്കാം
മഞ്ഞ് വീഴ്ച സഞ്ചാരികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട കാഴ്ചയാണ്. മലകളെയും മരങ്ങളെയും കെട്ടിടങ്ങളെയും പൊതിഞ്ഞു നില്ക്കുന്ന തൂവെള്ള നിറമുള്ള ഹിമകണങ്ങള്‍. പ്രകൃതിയോടലിഞ്ഞ് മനുഷ്യന് പ്രണയാര്ദ്രനാകുന്ന മറ്റൊരു ഋതു വേറെയുണ്ടാകില്ല. മഞ്ഞു വീഴ്ചകാണാനും ആസ്വദിക്കാനുമായി സ്കോട്ട്ലന്‍ഡിലേക്കു പറക്കുന്ന കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ യുറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മഞ്ഞുകാല കാഴ്ചകളെ കടത്തിവെട്ടും ഉത്തരേന്ത്യന്‍ കാലാവസ്ഥ. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും, ജമ്മു കാശ്മീരിലും അതിമോനോഹര മഞ്ഞുവീഴ്ചയുടെ വീഡിയോ ചിത്രങ്ങള്‍ റീല്‍സ് ആയും ഷോര്‍ട്സ് ആയും നിറയുകയാണ് സോഷ്യല്‍ മീഡിയ പേജുകളില്‍.
മഞ്ഞണിഞ്ഞ് റോത്തങ് പാസും മണാലിയും
മഞ്ഞു കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഹിമാചല്‍ പ്രദേശിലെ മണാലി സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച സമയം ഏതെന്നു ചോദിച്ചാല്‍ അത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ഇത്തവണ ഡിസംബര്‍ ആദ്യം തന്നെ മണാലിയില്‍ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. മണാലിക്ക് സമീപമുള്ള റോത്തങ് പാസും മഞ്ഞുവീഴ്ചയില്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിച്ചു. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ പ്രധാനമായും മഞ്ഞുവീഴ്ച ഉണ്ടാകുന്നത്.
കാശ്മീരിലെ മഞ്ഞോര്മ്മ
മഞ്ഞുകാലത്ത് പ്രകൃതിയൊരുക്കുന്ന മനോഹരമായ കാഴ്ചയുടെ വിരുന്നുമായാണ് പഹല്‍ഗാം സഞ്ചാരികളെ കാത്തിരിക്കുന്നത്. തിങ്ങിനിറഞ്ഞു നില്ക്കുന്ന പൈന്‍ മരക്കാടും മിന്നിത്തിളങ്ങുന്ന ലിഡ്ഡര്‍ നദിയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മഞ്ഞുകാലത്ത് പ്രദേശത്തെ താപനില മൈനസ് ഡിഗ്രിയിലേക്കും എത്താറുണ്ട്. ജനുവരി മാസത്തില്‍ പഹല്ല്ഗാമില് മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. ഇത് കാണാനായി മാത്രം നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.
പച്ച പുതച്ച് കിടക്കുന്ന പുല്‍ത്തകിടികള്‍ മഞ്ഞു പുതച്ചു കിടക്കുന്നതാണ് ഡിസംബറിന്റെ തണുപ്പുകാലത്ത് സോന്മാര്ഗിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മൂന്നു മുതല്‍ അഞ്ചുവരെ താപനിലയിലേക്ക് കാലാവസ്ഥ എത്തുമ്പോഴാണ് ജമ്മു കശ്മീരിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സോന്മാര്ഗില് മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളത്. മഞ്ഞുവീഴ്ച കാണാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസായാണ് ഗുല്‍മാര്‍ഗ്.
വെള്ളയണിഞ്ഞ ധനൗള്‍ട്ടി
മഞ്ഞിനൊപ്പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയ ഇടമാണ് ധനൗള്‍ട്ടി. ഡിസംബറോടെ പ്രദേശം മുഴുവന്‍ മഞ്ഞുമൂടി വെളുത്ത നിറത്തിലായിരിക്കും. മനോഹരമായ പ്രകൃതിയും ദേവദരുക്കള് തിങ്ങിനിറഞ്ഞു നില്ക്കുന്ന ഫോറസ്റ്റും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
മഞ്ഞില്‍ കുളിച്ച് നര്കണ്ടയിലെ ആപ്പിള്‍ തോട്ടങ്ങള്‍
ഹിമാചല്‍ പ്രദേശിലെ നര്കണ്ടയിലെ മഞ്ഞുകാലം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഷിംലയിലെ ഒരു കൊച്ചു ടൗണ്‍ ആയ നര്‍കണ്ട ഹിന്ദുസ്ഥാന്‍ – ടിബറ്റ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ആപ്പിള്‍ തോട്ടങ്ങളാല്‍ തിങ്ങിനിറഞ്ഞ നര്‍കണ്ട ജനുവരിയില്‍ മഞ്ഞില്‍കുളിച്ചു കണ്കുളിര്പ്പിക്കുന്ന കാഴ്ച സമ്മാനിക്കും.