ശഅബാന്‍ പകുതിയോടെ തന്നെ അസേരി ജനത നോമ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് അവര്‍ പുണ്യമാസത്തെ വരവേല്‍ക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ തന്നെ അവരും തെരുവുകളും വീടുകളും അലങ്കരിച്ചു തുടങ്ങും. അയല്വാസികളുമായാണ് അസീറികള്‍ കൂടുതലും സമ്മാനങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും കൈമാറാന്‍ ഇഷ്ടപ്പെടുന്നത്.
അവരോട് തന്നെ സംസാരിച്ചു മനസ്സിലാക്കിയ മറ്റൊരു കാര്യം, എത്ര കടുത്ത ദാരിദ്ര്യത്തില്‍ കൂടി കടന്നു പോകുകയാണെങ്കിലും അവര്‍ ഒന്നോ രണ്ടോ അതിഥികള്‍ക്കായി നോമ്പ് തുറ ഭക്ഷണം കൂടുതല്‍ കരുതും. എന്നും അവര്‍ അതിഥികളെ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അത് അവിടെ നിര്‍ബന്ധമായി നടപ്പാക്കി വരുന്നകാര്യമാണത്രേ.
പല നേര്‍ച്ചകളും റമദാന് മാസത്തിലാണ് അവിടെ നിറവേറ്റുന്നത്. കൂട്ടമായ നോമ്പുതുറയിലാണ് ആളുകള്‍ കൂടുതലായി പങ്കെടുക്കുന്നതും. ഈത്തപ്പഴവും പാലും കൊണ്ടാണ് നോമ്പ് മുറിക്കുക. വ്യത്യസ്ത തരം സൂപ്പ് നോമ്പ് തുറയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.
അസര്‍ബൈജാനി സംസ്കാരത്തിന്റെ പ്രധാന വശമാണല്ലോ ഭക്ഷണം. 9 വ്യത്യസ്ഥ കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ പാചകരീതികളും വൈവിധ്യം നിറഞ്ഞതാകുക കൗതുകമാണ്.
റമദാനിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിലൊന്നാണ് ഡോല്‍മ. അരിയോടൊപ്പം ഇളം ആട്ടിറച്ചിയും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് മുന്തിരി ഇലകളില്‍ ചുരുട്ടി തയ്യാറാക്കുന്ന അതീവ രുചിയുള്ള വിഭവം. അറേബ്യന്‍ ശൈലിയില്‍ വെള്ളക്കടല വേവിച്ച് തഹിന എന്ന എള്ള് മിശ്രിതവും ഒലീവ് ഓയിലുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഹമ്മൂസ്, ഗാര്‍ലിക് സോസ്, ചില്ലി ചട്നി എന്നിവക്കൊപ്പം വിവിധതരം പുലാവുകളും,റൊട്ടികളും, കബാബുകളും തീന്മേശയില് നിറയും.
നോമ്പ്കാലത്താണെങ്കിലും അസീറികള്ക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് കോംപാട്. ആപ്പിള്‍, ചെറി, ബെറീസ്, എന്നിങ്ങനെ വിവിധതരം പഴങ്ങള്‍ വേവിച്ച് ചേര്‍ത്തുണ്ടാക്കുന്ന കളര്‍ഫുളായ നേര്‍പ്പിച്ച മധുരപാനീയം. വെള്ളത്തേക്കാള്‍ കൂടുതലായി ഇതാണ് കുടിക്കാനിഷ്ടപ്പെടുന്നത്. പേര്‍ഷ്യന്‍ കാവക്ക് സമാനമായ ബ്ലാക്ക് ടീയും മെനുവില്‍ ചേര്‍ത്തിട്ടുണ്ട്.
നോമ്പിന്റെ അവസാന പത്തില്‍ കൂടുതലായും വിളമ്പുക പ്ലോവ് ആണ്. ഒറ്റ നോട്ടത്തില്‍ കുഴിമന്തിയായി തോന്നുമെങ്കിലും രുചി പക്ഷെ വേറെയാണ്. ആട്ടിന്‍ കുട്ടിയും അരിയും തന്നെയാണ് മെയിന്‍. പക്ഷെ പേരു പറഞ്ഞാല്‍ അറിയുന്നതും അറിയാത്തതുമായ ചേരുവകള്‍ പലതുണ്ട്. 40 ലധികം വ്യത്യസ്ത പാചക രീതിയില്‍ തയ്യാറാക്കുന്ന ഈ വിഭവത്തിന് റമദാനില്‍ പ്രിയമേറെയാണ്.