സകല ടെൻഷനുകളും മാറ്റിവെച്ചുകൊണ്ട് നാലഞ്ചു ദിവസങ്ങൾ അടിച്ചുപൊളിക്കുവാനായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് തായ്ലൻഡിലെ പട്ടായ. ബാച്ചിലേഴ്സിനും, ഹണിമൂൺ കപ്പിൾസിനും, കുട്ടികളടങ്ങിയ ഫാമിലികൾക്കുമൊക്കെ ഒരേപോലെ രസിക്കുവാനുള്ള ഒട്ടേറെ സംഗതികൾ ഇവിടെയുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് അൽകസാർ ഷോ എന്ന കിടിലൻ കാബറേ ഡാൻസ് ഷോ.
കാബറേ എന്നൊക്കെ കേട്ടിട്ട് പഴയ ഏതോ സിനിമയിലെ “ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ..” എന്ന ഗാനരംഗം മനസ്സിൽ വന്നെങ്കിൽ അതങ്ങു മാറ്റിവെച്ചേക്ക്. വെറുമൊരു മാദകനൃത്തം എന്നതിലുപരി ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും കിടിലൻ സെറ്റുകൾ കൊണ്ടും കാണികളെ ഹരം കൊള്ളിക്കുന്ന അൽകസാർ ഷോ കണ്ടിരിക്കേണ്ട ഒരു സംഭവം തന്നെയാണ്.
ഒട്ടേറെ പ്രത്യേകതകളുണ്ട് ലോകപ്രശസ്തമായ ഈ ഡാൻസ് ഷോയ്ക്ക്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഈ ഷോയിൽ അണിനിരക്കുന്നവരെല്ലാം നമ്മൾ കരുതുംപോലെ സ്ത്രീകളല്ല, പകരം നമ്മള് ഭിന്നലിംഗക്കാര്‍ എന്നു പറയുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് ആണ്. തായ്ലൻഡിൽ ഇവരെ അറിയപ്പെടുന്നത് ലേഡി ബോയ്സ് എന്നാണ്. ഒറ്റനോട്ടത്തിൽ ഇവരെല്ലാം സ്ത്രീകളല്ല എന്ന് സമർത്ഥിക്കുവാൻ നമുക്ക് സാധ്യമല്ല. ഇത്തരക്കാര്‍ക്കു വേണ്ടി തായ്ലാന്ഡ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്ന നല്ലൊരു വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ് ഇതും.
കാബറേ എന്നു കേട്ടിട്ട് ഈ ഷോ കാണുന്നതില്‍ നിന്നും കുടുംബമായി വരുന്നവരാരും തന്നെ വിട്ടുനില്ക്കേണ്ടതില്ല. എല്ലാത്തരക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന നല്ല അടിപൊളി ഡാന്‍സും സൗണ്ട് സിസ്റ്റവും സ്റ്റേജ് അലങ്കാരവും ഒക്കെയാണ് ഈ ഷോയുടെ പ്രധാന ആകര്ഷണങ്ങള്. ഇത് കാണുവാൻ വരുന്നവരിൽ ഭൂരിഭാഗവും കുട്ടികളടങ്ങുന്ന ഫാമിലിയാണെന്നതാണ് മറ്റൊരു രസകരമായ വസ്തുത. പല പല രാജ്യങ്ങളിലെ പാട്ടുകളും അതിനൊത്ത സ്റ്റേജ് അലങ്കാരവും ‘സുന്ദരി’മാരുടെ നൃത്തവുമാണ് യഥാര്‍ത്ഥത്തില്‍ അല്‍കസാര്‍ ഷോ. ഓരോ പാട്ടും കഴിയുമ്പോഴും നിമിഷനേരത്തിനുള്ളില്‍ അതായത് സെക്കണ്ടുകള്‍ക്കുള്ളില്‍ തന്നെ സ്റ്റേജ് തീം അതിനനുസരിച്ച് മാറ്റുന്നത് കാണികളെ അമ്പരപ്പിക്കും.
തായ്, റഷ്യന്‍, ജാപ്പനീസ്, അറബിക്, ചൈനീസ് എന്നീ പെര്ഫോമന്സുകള്ക്കു പുറമെ നമ്മുടെ ഇന്ത്യൻ ബോളിവുഡ് ഡാൻസും ഈ ഷോയിൽ ഉണ്ടായിരിക്കും. ഹിന്ദിപ്പാട്ടിനനുസരിച്ച് സ്റ്റേജിൽ അവർ നൃത്തം ചവിട്ടുമ്പോൾ കാണികളുടെയിടയിലെ ഇന്ത്യക്കാർ കരഘോഷം മുഴക്കുന്നത് എല്ലാ ഷോയിലും നമുക്ക് ആസ്വദിക്കാവുന്നതാണ്. തായ്ലാന്ഡില് ചെന്നിട്ട് ഇന്ത്യക്കാരുടെ ഒത്തൊരുമ ശരിക്കും മനസിലാകുന്നത് ഇവിടെ വരുമ്പോൾ ആയിരിക്കും.
മനോഹരമായ ഡാൻസ് ഷോയ്ക്ക് ശേഷം അത്രയും സമയം എല്ലാവരെയും സന്തോഷിപ്പിച്ച, ആകർഷിച്ച ആ കലാകാരികൾ ഹാളിനു പുറത്ത് നിരനിരയായി നിൽക്കുന്നുണ്ടാകും. ആളുകൾക്ക് അവരുടെ കൂടെ നിന്നുകൊണ്ട് ഫോട്ടോകൾ എടുക്കുന്നതിനായുള്ള സൗകര്യമാണിത്. ഇത്തരത്തിൽ ചിത്രങ്ങൾ എടുക്കുന്നതിന് അവർക്ക് എന്തെങ്കിലും തുക ടിപ്പ് നിർബന്ധമായും നൽകിയിരിക്കണം. കൊച്ചുകുട്ടികള്‍ വരെ ആ കലാകാരികളോടൊപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാഴ്ച നമുക്ക് അവിടെ കാണുവാൻ സാധിക്കും. അതാണു അല്‍കസാര്‍ ഷോയുടെ പ്രശസ്തി.
തായ്ലാന്ഡ്-പട്ടായ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ യാതൊരു കാരണവശാലും അല്‍കസാര്‍ ഷോ കാണുവാന്‍ മറക്കരുത്. തീർച്ചയായും നിങ്ങളിവിടെ വരണം. എല്ലാം ആസ്വദിക്കണം. ഒപ്പം ഒരു വിഭാഗം ആളുകള്‍ക്ക് ജീവിക്കുവാനുള്ള സഹായവുമാകും അത്. തായ്ലാൻഡിലേക്ക് കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോടുകൂടി യാത്ര പോകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.