ബാങ്കോക്ക് നഗരക്കാഴ്ചകളില്‍ കണ്ണുടക്കിയ മറ്റൊരു കൗതുക കാഴ്ച. ബോയിങ് 747. ഫ്ലൈറ്റില്‍ ക്യാപ്റ്റനോടൊപ്പം കോക്പിറ്റിലിരുന്നപ്പോള്‍ മനസ്സ് സ്കൂള്‍ കാലത്തേക്കും സഞ്ചരിച്ചു. സ്കൂളില്‍ പഠിക്കമ്പോ പൈലറ്റ് ആകാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്. അതുപോലൊരു ആഗ്രഹം. പക്ഷെ വിമാനത്തില്‍ നിരന്തരം യാത്ര ചെയ്യാനായിരുന്നു ദൈവ നിയോഗം. മറ്റൊരു തരത്തില്‍ അനുഗ്രഹം. വലിയൊരു എയര്‍ക്രാഫ്റ്റ്. ഒരുപാട്പേര് യാത്ര ചെയ്തിരുന്ന വിമാനം. പക്ഷെ ഇന്നതൊരു റെസ്റ്റോറന്റാണ്. നമ്മുടെ നാട്ടില്‍ ഇതുപോലെ ഉണ്ടോ എന്നെനിക്കറിയില്ല. കേരളത്തില്‍ ഞാനങ്ങനെ കണ്ടിട്ടില്ല. പക്ഷെ മണാലി യാത്രയില്‍ രണ്ടു ഫ്ലൈറ്റുകള്‍ ചേര്‍ത്ത് റെസ്റ്റോറന്റ് ആക്കി മാറ്റാനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത് കണ്ടിട്ടുണ്ട്.
ശരിക്കും വിമാനത്തില്‍ യാത്ര ചെയ്യുന്നത്പോലെ അകത്തേക്ക് കയറാനുള്ള ബോഡിംഗ് പാസ് എടുത്തു. ഒരു ഫ്ളൈറ്റിനകത്തേക്ക് കയറാനുള്ള നടപടി ക്രമങ്ങള്‍ തന്നെയാണ് ഇവിടെയും. ഒറിജിനല്‍ എയര്‍ക്രാഫ്റ്റ്. ഒരുകാലത്ത് ഉപയോഗിച്ചിരുന്നതാണ്. അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ റെസ്റ്റോറന്റാക്കി മാറ്റുകയായിരുന്നു. അകത്ത് ധാരാളം പേര് കുടുംബവുമായെത്തി ഫമിലി ടൈം എന്ജോയ് ചെയ്യുന്നു. ഇതുപോലെ ഒരിടത്ത് എത്തിപ്പെടുമ്പോള്‍ കുട്ടികള്ക്കായിരിക്കുമല്ലോ കൂടുതല്‍ ആവേശം.
കുറഞ്ഞ സമയത്തിനുള്ളില്‍ ഞാന്‍ എല്ലാ ഇടവും നടന്ന് കണ്ടു. ഓരോ വ്യത്യസ്തകാഴ്ചകളും നമുക്ക് പുതിയ ആശയങ്ങള്‍ തരുമല്ലോ. ശരിക്കുമുള്ള ഡോര്‍ സൈഡിലേക്ക് മാറ്റി അലൂമിനിയം കൊണ്ട് മറ്റൊരു ഡോറുണ്ടാക്കി ഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ സൗകര്യവും ഭംഗിയും തോന്നിച്ചു അകത്തളത്തിന്. ഫ്ളൈറ്റിലെ അതേ ചെയറുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വിന്‍ഡോ സീറ്റിലിരുന്ന് സെല്‍ഫി എടുത്താല്‍ ഫ്ളൈറ്റിന്റെ വിന്‍ഡോയിലൂടെ കാണുന്ന അതേ കാഴ്ചകള്‍ തന്നെയാണ് പകര്‍ത്താനാകുക. എന്‍ട്രസ് ടിക്കറ്റ് മാത്രമാണ് 120 തായ്ബാത്ത്. വ്യത്യസ്തതരം പാനീയങ്ങള്‍ പലഹാരങ്ങള്‍. ഓരോന്നിലും കണ്ണുടക്കി. ടൂറിന്റെ ഭാഗമായി ഇവിടം വിസിറ്റ് ചെയ്യുന്നത് മനോഹര അനുഭവമായിരിക്കും.
ഒരു ഐസ് ടീ കുടിച്ചുകൊണ്ട് കോക്ക്പിറ്റ് കാഴ്ചകളിലേക്ക് കടന്നു. ഡമ്മി ഫ്ളൈറ്റ് ആണെങ്കിലും കോക്ക് പിറ്റൊക്കെ അതേ രീതിയില്‍ കാത്തുസൂക്ഷിച്ചിരിക്കുന്നു. നമ്മുടെ പൈലറ്റ് കൂടുതല്‍ കോക്ക്പിറ്റ് വിശേഷങ്ങള്‍ പങ്കുവെച്ചു. വരുന്നവര്‍ക്കൊക്കെ കയറി കാണാനും ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. മൊത്തത്തില്‍ അവിടത്തെ പ്രവര്‍ത്തനങ്ങളും രീതികളും അവര്‍ വിശദീകരിച്ചു നല്‍കും. തായ്ലന്ഡിലെ മറ്റനേകം കൗതുകകരമായ കാഴ്ചകള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന വ്യത്യസ്തമായ രുചി അനുഭവം. തായ്ലന്ഡ് വരുന്നവര്‍ തീര്‍ച്ചയായും ഇവിടം വിസിറ്റ് ചെയ്യണം.