സിനിമക്ക് വേണ്ടി സെറ്റിട്ടതുപോലെ മെക്ലോംങ് റെയില്‍വേ മാര്‍ക്കറ്റിലെ കാഴ്ചകള്‍
31 Views February 13, 2024ബാങ്കോക്കിലെ ഏറ്റവും മികച്ച ടുറിസ്റ്റ് ആകര്‍ഷകങ്ങളില്‍ ഒന്നായ മെക്ലോംങ് റെയില്‍വേ മാര്‍ക്കറ്റിലെ കാഴ്ചകള്‍. തിങ്ങി നിറഞ്ഞ മാര്‍ക്കറ്റിന്റെ ഒത്ത നടുവിലൂടെ ട്രെയിന്‍ പോകുന്നത് വൈറല്‍ വീഡിയോയിലൂടെ പലരും കണ്ടിട്ടുണ്ടാകും. പക്ഷെ അതിന്റെ കൂടുതല്‍ കാഴ്ചകളിലേക്കും വിശേഷങ്ങളും അടുത്തറിഞ്ഞവര്‍ കുറവായിരിക്കും.
രാവിലെ 8:30നും, 11 മണിക്കും, ഉച്ചയ്ക് 2:30, വൈകിട്ട് 5 മണിക്കുമാണ് ആളുകള്‍ തിങ്ങി നിറഞ്ഞ മാര്‍ക്കറ്റിന്റെ ഒത്ത നടുവിലൂടെ ട്രെയിന്‍ കടന്നുപോകുക. റെയില്‍വെ ട്രാക്കിലാണ് കടകള്‍ തുറന്നിരിക്കുന്നത്. എല്ലാ കടകളുടെയും സാധനങ്ങള്‍ റെയില്‍വേ ലൈനില്‍ മുട്ടുന്നത് വരെ പുറത്തിറക്കി വെച്ചിട്ടുണ്ട്.
രണ്ട് റെയില്‍ പാളത്തിനും ഇടയിലുള്ള വീതി കുറഞ്ഞ ഇടം മാത്രമാണ് കസ്റ്റമേഴ്‌സിന് നില്‍ക്കാനും നടക്കാനുമുള്ളത്. വെയില്‍ അടിക്കാതിരിക്കാന്‍ വളരെ പെട്ടന്ന് മടക്കി മാറ്റാനാകുന്ന താല്‍ക്കാലിക കുടകള്‍ എല്ലാ കടകള്‍ക്കും മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. തായ്‌ലന്‍ഡുകാര്‍ ഇതിനെ അംബ്രല്ല മാര്‍ക്കറ്റ് ഹൂപ് റോം എന്നാണ് വിളിക്കുക. ആഹാര സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വില്പനക്കുണ്ട്. പാളത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള നിര്‍ദേശം വന്നു. ട്രെയിന്‍ വരുന്നതിന്റെ സിഗ്നല്‍ കേട്ടാല്‍ തൊട്ടടുത്ത നിമിഷം കച്ചവടക്കാര്‍ ഇതെല്ലാം എടുത്ത് മാറ്റും. സ്റ്റാര്‍ട്ട് ആക്ഷന്‍ പറയുമ്പോ അഭിനയം തുടങ്ങുന്ന പോലെ. ഞൊടിയിടയില്‍ ട്രോളികളും റെയില്‍ മൂടിയിരുന്ന കുടകളും മറ്റും വശങ്ങളിലേക്ക് നീങ്ങി. പാളത്തിലൂടെ വളരെ സാവധാനം ട്രെയിന്‍ നീങ്ങി. നിലത്തു വച്ചിരിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും തൊട്ടു തൊട്ടില്ല എന്ന പോലെ. കട്ട് പറഞ്ഞ് അവസാനിപ്പിച്ചത് പോലെ എല്ലാം പഴയ രീതിയില്‍ അടുക്കിവെക്കപ്പെടുകയും ചെയ്തു. ദിവസത്തില്‍ നാലു തവണയാണ് ഇങ്ങനെ ട്രെയിന്‍ ഈ മാര്‍ക്കറ്റിലൂടെ കടന്നു പോകുക.