അതിമനോഹരമായ ക്ഷേത്രങ്ങളുള്ള സമ്പന്നമായ പൈതൃകവും സംസ്‌കാരവും പേറുന്ന കംബോഡിയ. ഭാവിയെ ഭയപ്പെടരുത് ഭൂതകാലത്തിനായി കരയരുത് എന്ന ആപ്തവാക്യം മനസ്സില്‍ സൂക്ഷിക്കുന്ന ജനത. ഫ്രഞ്ച് കോളനിയായിരുന്ന രാജ്യം. ഒരു നൂറ്റാണ്ടിനടുത്ത് നീണ്ടുനിന്ന കോളനി ഭരണത്തില്‍നിന്നു മോചിതരായതിന് പിന്നാലെയും അന്നാട്ടില്‍ സമാധാനം നിലനിന്നില്ല. അഭ്യന്തര കലാപങ്ങള്‍ക്കും, കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ക്കും കംബോഡിയ സാക്ഷിയായി.
വിസ്മയിപ്പിക്കുന്നതും അതിശയിപ്പക്കുന്നതുമായ യാത്ര ആഗ്രഹിക്കുന്നവരുടെ സ്വപ്ന രാജ്യമാണ് തെക്കുകിഴക്കന്‍ ഏഷ്യയുടെ ഹൃദയഭാഗത്തായി തായ്‌ലന്‍ഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കംബോഡിയ. ക്ഷേത്രങ്ങള്‍, പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങള്‍, ട്രെക്കിങ്ങ് അവസരങ്ങള്‍, ഫ്‌ളോട്ടിംഗ് ഗ്രാമങ്ങള്‍ എന്നിവകൊണ്ടെല്ലാം ആസ്വാദ്യകരം. മാസ്മരിക സംഗീതം നിറയുന്ന തെരുവുകള്‍. വന പ്രദേശം ഉള്‍പ്പെടെ 400 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഐതിഹാസിക ക്ഷേത്ര സമുച്ചയത്തില്‍ ഖമര്‍ സാമ്രാജ്യക്തിന്റെ അവശേഷിപ്പുകള്‍ കാണാം. കംബോഡിയയുടെ മഹത്തായ ഭൂതകാലത്തിന്റെ പ്രതീകമായി ഇത് നിലകൊള്ളുന്നു. സൂര്യാസ്തമയ കാഴ്ച ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ അക്ഷമരായി അവിടെ കാത്തിരിക്കാറുണ്ട്. 12ആം നൂറ്റാണ്ടിലാണ് ഖൈമര്‍ രാജവംശത്തിലെ സൂര്യവര്‍മ്മന്‍ രണ്ടാമന്‍ വിഷ്ണു ക്ഷേത്രമായി നിര്‍മ്മിച്ചത്. 1860 ല്‍ ഫ്രഞ്ച് ഗവേഷകനായ ഹെന്റിയാണ് ഈ പ്രദേശം കണ്ടെത്തുന്നത്. ഇന്ത്യന്‍ വാസ്തു വിദ്യയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.
വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് കംബോഡിയക്കാരുടെ പ്രത്യേകത. അവരുടെ വിവാഹാഘോഷങ്ങള്‍ വലിയധികം പ്രത്യേകതയുള്ളതും ആഘോഷം നിറഞ്ഞതുമാണ്. ചീവിടുകളുടെ കരച്ചിലില്‍ നിന്നും വിവാഹം കഴിക്കുവാനുള്ള തിയ്യതി കണ്ടെത്തുന്ന രീതി പിന്തുടരുന്നു. കംബോഡിയക്കാരുടെ പുതുവര്‍ഷം ഏപ്രില്‍ മാസത്തിലാണ്. വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമായാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ഏപ്രില്‍ പകുതിയോടെയാണിത്. കംബോഡിയയിലെ ഏറ്റവും വലിയ ആഘോഷവും ഇത് തന്നെ.
ബുദ്ധമതത്തിന് ഏറെ സ്വാധീനമുള്ള രാജ്യത്ത് പ്രഭാതങ്ങളില്‍ തല മൊട്ടയടിച്ച് ഓറഞ്ച് നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിച്ച് ഭിക്ഷാടനം നടത്തുന്ന സന്യാസിമാരെ കാണാം. വസ്ത്രത്തിനും ഭക്ഷണത്തിനും പണത്തിനും പകരമായി അവര്‍ അനുഗ്രഹം തിരികെ നല്കുന്നു. സ്ത്രീകള്‍ക്ക് ബുദ്ധ സന്യാസിമാരെ സ്പര്‍ശിക്കുവാന് അനുവാദമില്ല.
12 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബയോണ്‍ ക്ഷേത്രം, തല പ്രോം ക്ഷേത്രം എന്നിവയും പ്രശസ്തമാണ്.
തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടിയിലൂടെ നടന്ന് ഒരു രാജ്യത്തിന്റെ ചരിത്രം അറിയുവാന്‍ സാധിക്കും എന്നതാണ് കംബോഡിയ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന അനുഭവം.
സാംസ്‌കാരിക ഗ്രാമമെന്ന തീം പാര്‍ക്കും, സിയെം റീപ്പിലെ മ്യൂസിയവും കബോഡിയയിലെ കലയെയും, സംസ്‌കാരത്തെയും ചരിത്രത്തെയും പ്രദര്‍ശിപ്പിക്കും. കംബോഡിയയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് സിഹാനൂക്വില്ലിലെ ബീച്ചുകള്‍. ഒരു സഞ്ചാരിക്ക് കാണാനാകുന്ന ഏറ്റവും ഭയാനകമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ടൂള്‍ സ്ലെംഗ് വംശഹത്യ മ്യൂസിയം. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ടോണ്‍ലെ സാപ്പ്.
ഭക്ഷണമായി എന്തും കഴിക്കുവരാണ് കംബോഡിയക്കാര്‍. അരിഭക്ഷണവും മത്സ്യവുമാണ് ഇവരുടെ മുഖ്യാഹാരം. ചിലന്തികള്‍, ചീവിടുകള്‍, പുഴുക്കള്‍ അങ്ങനെ എന്തിനും ഏതിനും ഇവരുടെ ഭക്ഷണപാത്രത്തില്‍ സ്ഥാനമുണ്ട്.
ഖമര്‍ റൂജിന്റെ കൈകളാല്‍ നടന്ന വംശഹത്യയുടെ ഇരകളുടെ ബുദ്ധമത സ്മാരകമാണ് ചോയുങ് ഏക് ഗ്രാമത്തില്‍ കണ്ടെത്തിയ കില്ലിംഗ് ഫീല്‍ഡ്‌സ്. പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങള്‍, ട്രെക്കിംഗ് അവസരങ്ങള്‍, ഫ്‌ളോട്ടിംഗ് ഗ്രാമങ്ങള്‍ എന്നിവകൊണ്ടെല്ലാം അത്യാകര്‍ഷകമാണ് കംബോഡിയ.