ഓരോ പ്രഭാതവും പുതിയ പ്രതീക്ഷകളുടേത് കൂടിയാണ്. ചുവപ്പും… ഓറഞ്ചും… മഞ്ഞയും നിറങ്ങളില്‍ ഇലകള്‍ പൊഴിക്കാറുള്ള മേപ്പിള്‍ മരങ്ങളുടെ കണ്കുളിര്പ്പിക്കുന്ന കാഴ്ച മനസ്സ് കൂടുതല്‍ ശാന്തമാക്കി. ഗ്രാമീണര്‍ ഒട്ടും പരിഷ്കാരികളേ അല്ല. ആഴത്തിലറിയും മുന്നെ അവരുടെ പാചകം ഹൃദയത്തില്‍ ചേക്കേറി.
ആള്‍ക്കൂട്ടവും ബഹളവുമില്ലാതെ ഓരോ കോണിലും കാണുന്ന കാഴ്ചകള്‍ അതി മനോഹരമാണ്. വാസ്തു ശില്പകലയുടെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച വിശ്വപ്രസിദ്ധ ആര്‍ക്കിടെക്ട് സാഹ ഹാദിദ് രൂപ കല്പന ചെയ്ത ഹൈദര്‍ അലിയേവ് സെന്റര്‍ (Hyder Ali Center) സഞ്ചാരികളുടെ മനം മയക്കുന്നു. മെര്ലിന് മണ്‍റോയുടെ പറന്നു പൊങ്ങുന്ന വെള്ള വസ്ത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ഇതിന്റെ നിര്‍മ്മാണ കല എന്ന് പറയപ്പെടുന്നു.
പ്രകൃതി സഞ്ചാരികളെ മോഹിപ്പിക്കുന്ന അസര്‍ബെയ്ജാനിലെ മറ്റൊരു കാഴ്ചയാണ് കാന്‍ഡി കെയ്ന്‍ മലനിരകള്‍ (Candy Cane Mountains). പേര് പോലെ തന്നെ ചുവപ്പും,വെളുപ്പും ഇടകലര്‍ന്ന മിഠായിയെ ഓര്‍മ്മിപ്പിക്കും. ഈ പ്രദേശത്തിന്റെ തനതായ ഭൂമിശാസ്ത്ര സവിശേഷത കൊണ്ടാണ് ഇങ്ങനെയൊരു വര്‍ണ്ണക്കാഴ്ച രൂപപ്പെടുന്നത്. സഞ്ചാരികള്‍ക്ക് കാന്‍ഡി കെയ്ന്‍ മലനിരകളിലൂടെ ഹൈക്കിങ് നടത്താന്‍ കഴിയുന്ന തരത്തില്‍ പാതകളുമുണ്ട്.
ബാക്കുവിന്റെ തെക്കുപടിഞ്ഞാറുള്ള ഗോബുസ്ഥാന്‍ ദേശീയോദ്യാനത്തില്‍ 5000 മുതല്‍ 40000 വര്‍ഷം വരെ പഴക്കമുള്ള 6000 ലധികം പാറ കൊത്തുപണികള്‍ (ഗോബുസ്ഥാന്‍ റോക്ക് ആര്‍ട്ട് കള്‍ച്ചര്‍) കാണാം. ഗഞ്ച, നഖ്ചിവാന്‍,ഷാക്കി തുടങ്ങിയ പ്രദേശങ്ങളും മനോഹരമായ കാലാവസ്ഥക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്. നിരവധി മ്യൂസിയങ്ങളും ഇവിടെയുണ്ട്. ട്രെക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും, സ്കീയിംഗിനും, സ്നോബോര്‍ഡിംഗിനുമെല്ലാം അവസരമൊരുക്കുന്ന പര്‍വത വിനോദ സഞ്ചാരങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.
വിസ്മയിപ്പിക്കും ഗബാല
അസര്‍ബെയ്ജാന്റെ വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പച്ചപ്പ് തിങ്ങി നിറഞ്ഞ ഗ്രാമപ്രദേശമാണ് ഗബാല (Qabala). ബാക്കുവില്‍ നിന്നും 215 കിലോ മീറ്റര്‍ ദൂരം. ബി.സി നാലാം നൂറ്റാണ്ടിന് മുന്‍പ് കോക്കേഷ്യന്‍ അല്‍ബേനിയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അതിമനോഹര കുന്നുകളും താഴ്വാരങ്ങളുമുള്ള ഭൂപ്രകൃതി. കുത്തനെകയറുന്ന ഹെയര്‍പിന്‍ വളവുകള്‍. മലകളില്‍ നിന്നും താഴേക്കൊഴുകുന്ന അരുവികള്‍…. ചുറ്റും നിറയുന്നത് മൂടല്‍ മഞ്ഞ്. മലനിരകള്‍ക്കു മുകളിലൂടെയുള്ള കേബിള്‍ കാര്‍ സര്‍വീസും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.