കുറഞ്ഞകാലം കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയ രാജ്യമാണ് വിയറ്റ്നാം. ചരിത്ര പരമായും സാംസ്‌കാരിക പരമായും സാമൂഹിക പരമായും ഒട്ടനവധി കാര്യങ്ങളാണ് വിയറ്റ്‌നാം എന്ന കൊച്ചു രാജ്യത്തിന് സഞ്ചാരികളോടായ് പങ്കുവെക്കാനുളളത്. നെല്‍ വയലുകളും, വാഴ തോപ്പും, നദികളും കേരളത്തെ ഓര്‍മ്മിപ്പിക്കും.
ചെലവ് കുറഞ്ഞ താമസവും ഭക്ഷണവും യാത്ര മാര്‍ഗവുമൊക്കെയാണ് വിയറ്റ്‌നാമിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാക്കുന്നത്. വിയറ്റ്‌നാമീസ് ഭാഷയിലാണ് ആശയവിനിമയം നടത്തേണ്ടത്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വിരളം.
വിയറ്റ്‌നാമിലെ ക്യൂവ വാന്‍, ബാ ഹാംഗ്, കോംഗ് സൊ, വോങ് വിയംഗ് എന്നിങ്ങനെ നാല് മത്സ്യബന്ധനഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫ്‌ലോട്ടിങ് വില്ലേജാണ് ഹാലോംഗ് ബേ. ഒരുകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ വില്‍ക്കാനുള്ള സ്ഥലമായിരുന്ന ഹാലോംഗ് ബേ പിന്നീട് ഒരു ഫ്‌ലോട്ടിങ് വില്ലേജായി മാറുകയായിരുന്നു. ചുറ്റുമുള്ള മലകള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മലകള്‍ക്കുള്ളിലെ ഗുഹകളും പ്രധാന ആകര്‍ഷണങ്ങളാണ്. 400 പടികള്‍ കയറി മുകളിലെത്തിയാല്‍ കാണാനാകുന്ന കാഴ്ചകള്‍ അതി മനോഹരമാണ്.
ഏഷ്യയുടെയും യൂറോപ്പിന്റെയും സ്വാധീനമുള്ള ഹോയ് യാന്‍ നഗരം, വിന്‍ഡ് സര്‍ഫിംഗ്, കൈറ്റ് സര്‍ഫിങ്ങുകളുടെ കേന്ദ്രമായ മുയി നേ, യുനസ്‌കോ ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ഹാ ലോംഗ് ബേ, ഹോചിമിന്‍ സിറ്റി തുടങ്ങി നിരവധി സ്ഥലങ്ങള്‍ വിയറ്റ്‌നാമില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
ബോട്ട് ക്രൂയിസുകള്‍, പ്രാദേശിക മാര്‍ക്കറ്റ് യാത്രകള്‍, ഗുഹകള്‍, ഐലന്‍ഡ് ടൂറുകള്‍, വന്യജീവി ടൂറുകള്‍ എന്നിവയാണ് വിയറ്റ്‌നാം യാത്രയെ മികച്ചതാക്കുന്നത്.
വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ തെരുവാണ് ഹാനോയ് ട്രെയിന്‍ സ്ട്രീറ്റ്. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഇഞ്ചുകള്‍ മാത്രം അകലെയുള്ള സിംഗിള്‍ ലൈന്‍ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച.
കാറ്റ് ബാ ദ്വീപ്, ബാ ബീ തടാകം, ഫോങ് നാ നാഷണല്‍ പാര്‍ക്ക്, ക്യാറ്റ് ടിയാന്‍ നാഷണല്‍ പാര്‍ക്ക്, ബ്യൂണ്‍ മാ തൂത്ത്, ലൈ സോണ്‍ ദ്വീപ്, ബെന്‍ തന്‍ മാര്‍ക്കറ്റ് തുടങ്ങിയവയും മികച്ച യാത്ര അനുഭവം സമ്മാനിക്കും.