

എത്ര മുതിർന്നാലും അത്രമേൽ മനസ്സിൽ മായാതെ കിടക്കുന്ന നാളുകൾ. കളിച്ചും ചിരിച്ചും പഠിച്ചും വളർന്ന ദിനങ്ങൾ.സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ഗവൺമെൻ്റ് സമിതി ഹയർ സെക്കണ്ടറി സ്കൂൾ മേലഡൂരിലെ മേലധികാരികൾ മുഖ്യാഥിതിയായി ക്ഷണിച്ചപ്പോൾ മനസ്സിലേക്ക് ആദ്യം എത്തിയത് എൻ്റെ സ്കൂൾ കാലഘട്ടമായിരുന്നു. ഓരോ വിദ്യാലയം സന്ദർശിക്കുമ്പോഴും അവ എന്നെ വർഷങ്ങൾക്കു മുൻപുള്ള എൻ്റെ ബാല്യകാലത്തെ ഓർമ്മിപ്പിച്ചു .
വേദിയിൽ നിറദീപം കൊളുത്തി ഈ വർഷത്തെ കലോത്സവത്തിന് തിരിതെളിച്ചു. പുതിയ കലാകാരന്മാരെയും കാലകാരികളെയും വാർത്തെടുക്കുന്ന ഈറ്റില്ലമാണല്ലോ ഓരോ കലോത്സവവേദിയും.
വേദിയിലെ ഒരു ചെറിയ സൗഹൃദഭാഷണത്തിന് ശേഷം അവിടേക്ക് കടന്നെത്തിയ അധ്യാപക – വിദ്യാർത്ഥികളെ പരിചയപെട്ടു.
യൂട്യൂബ് സ്ക്രീനിൽ മാത്രം കണ്ടുകൊണ്ടിരുന്ന ഒരാളെ നേരിട്ട് കാണുന്നതിലുള്ള ആവേശത്തിലായിരുന്നു വിദ്യാർഥികളിൽ പലരും. വിശേഷങ്ങൾ പങ്കുവച്ചും സെൽഫി എടുത്തും പെട്ടെന്ന് തന്നെ അവരുടെ സൗഹൃദ വലയം കീഴ്പ്പെടുത്തി. തൊട്ട് നോക്കിയും ദേഹത്തെ ചെറുതായി പിച്ചി നോക്കിയ കുസൃതി കുടുക്കകളും അവർക്കിടയിൽ ഉണ്ടായിരുന്നു. സ്കൂളിൽ വന്നയാൾ ഒറിജിനലല്ലേ എന്ന് തൊട്ട് നോക്കുകയായിരുന്നു അവർ.
കലാപരിപാടികൾക്കും ആഘോഷത്തിനും ആ വേദി വൈകാതെ വഴിമാറി.
നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്കൂളുകൾ വീണ്ടും കലോത്സവ ലഹരിയിലേക്ക് കടക്കുമ്പോൾ അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ ക്ഷണിച്ചതിന് ഒരായിരം നന്ദി.