എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ തായ്‌ലന്‍ഡില്‍ ഔദ്യോഗികമായി നടക്കുന്ന ദേശീയോത്സവമാണ് സ്രോങ്കാന്‍. ഇതില്‍ പങ്കെടുക്കാനായി മാത്രം നിരവധി സഞ്ചാരികള്‍ തായ്‌ലന്‍ഡില്‍ എത്താറുണ്ട്. ബുദ്ധമത പുതുവത്സരം ആരംഭിക്കുന്നതിനാണ് രാജ്യം സ്രോങ്കാന്‍ ആഘോഷിക്കുന്നത്.
സംക്രാന്തി എന്ന സംസ്‌കൃതവാക്കില്‍ നിന്നുമാണ് സോങ്ക്രാന്‍ എന്ന പദത്തിന്റെ ഉദ്ഭവം. മാറ്റം അല്ലെങ്കില്‍ പരിവര്‍ത്തനം എന്നാണ് അര്‍ഥം. ജലോത്സവം എന്നാണ് സോങ്ക്രാന്‍ ആഘോഷത്തെ തായ്‌ലന്‍ഡില്‍ പൊതുവെ പറയപ്പെടാറ്. ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ പങ്കെടുക്കുന്ന ജലപോരാട്ടം. വാട്ടര്‍ ഗണ്ണുകള്‍, ഹോസുകള്‍, ബക്കറ്റുകള്‍ എന്നിവയുമായി ജനം തെരുവിലിറങ്ങും. ആളുകളുടെ നേര്‍ക്ക് വെള്ളം ഒഴിക്കുകയും ചീറ്റിക്കുകയും ചെയ്യും. നനയുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ തീര്‍ച്ചയായും ഫണ്‍ ഫില്ലിംഗ് എക്‌സ്പീരിയന്‍സ് ആയിരിക്കും.
ആഘോഷത്തിലൂടെ പുതുപിറവിയോടൊപ്പം ജലശുദ്ധീകരണവും ജനങ്ങള്‍ ലക്ഷ്യമിടുന്നു. പ്രാദേശിക തലത്തില്‍ വ്യത്യസ്തമായി ആഘോഷിക്കുമെങ്കിലും തായ് ജനതയുടെ പൊതു വികാരമാണ് സോങ്ക്രാന്‍. ചിലയിടങ്ങളില്‍ പരമ്പരാഗത വസ്ത്രം ധരിച്ചും ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിക്കും.
പൊതുവെ ജലപോരാട്ടങ്ങള്‍ വിനോദത്തിനുള്ളതാണെങ്കിലും ഇവരുടെ ഈ ആഘോഷം പാരമ്പര്യത്തിലും വിശ്വാസത്തിലും ഊന്നിയുള്ളതാണ്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നു. ചിയാങ്മായിലും ബാങ്കോക്കിലുമാണ് വിപുലമായ രീതിയില്‍ ആഘോഷം കൊണ്ടാടുക. സഞ്ചാരികള്‍ എത്തുന്നതും ഇവിടേക്കാണ്. സോം തൂം, പാഡ് തായ്, മാംഗോ സ്റ്റിക്കി എന്നിവയാണ് ആഘോഷവേളയിലെ പ്രധാന വിഭവങ്ങള്‍. തായ്‌ലന്‍ഡിനെക്കൂടാതെ ചൈന, ലാവോസ്, കംബോഡിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളും സ്രോങ്കാന്‍ ആഘോഷിക്കുന്നു. ഏപ്രിലില്‍ തായ്‌ലന്‍ഡ് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്രോങ്കാന്‍ ഒരു വിലപ്പെട്ട ഓര്‍മ്മയായിരിക്കും.