Packing-Accessories- important Checklist-for-Winter-vacation

ശൈത്യകാല യാത്രക്കൊരുങ്ങാം.. മറക്കാതിരിക്കാം ഈ കാര്യങ്ങള്‍

by February 21, 2024

നല്ല തണുപ്പുള്ള മഞ്ഞുള്ള സമയത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത് ?
എങ്കില്‍, നിങ്ങളുടെ ചൂട് വസ്ത്രങ്ങളും മനോഹരമായ കമ്പിളി പുതപ്പും പുറത്തെടുക്കാനുള്ള സമയമായി.

യാത്ര ആത്മ നിര്‍വൃതിയുടേത് കൂടിയാണ് എന്നല്ലെ. സുഖപ്രദമായ പ്രഭാതങ്ങളും ഊഷ്മളമായ കാപ്പിയും ആനന്ദം നിറക്കട്ടെ. തണുപ്പ് ഇഷ്ടപ്പെടുന്നവര്‍, ശൈത്യകാല അവധിക്കാലം ആസ്വദിക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്.
ശൈത്യകാലത്ത് യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അസുഖക്കാരായി മാറാന്‍ ചാന്‍സെ ഇല്ല. അത്തരത്തില്‍ ഒരു ശൈത്യകാല പാക്കിംഗ് ചെക്ക്ലിസ്റ്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു.

എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ്

ഈ അവധിക്കാല പാക്കിംഗ് ലിസ്റ്റില്‍ സുപ്രധാനമാണ് എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ്. ബാന്‍ഡ് എയ്ഡ്, ആന്റി ഫംഗല്‍ ക്രീം, പെയിന്‍ റിലീഫ് സ്‌പ്രേ, തലവേദനയ്ക്കുള്ള ബാം, ചുമയ്ക്കും ജലദോഷത്തിനുമുള്ള സിറപ്പ്, ആന്റിബയോട്ടിക്കുകള്‍, പനി മരുന്നുകള്‍ എന്നിവ നിര്‍ബന്ധമായും ബാഗില്‍ സൂക്ഷിക്കുക. താപനിലയിലെ പെട്ടെന്നുള്ള മാറ്റം നിങ്ങള്‍ക്ക് ഉടനടി അനുയോജ്യമാകണമെന്നില്ല. ചെറിയ അസുഖങ്ങള്‍ക്ക് ഇത്തരത്തില്‍ മുന്‍കരുതലുകള്‍ എടുക്കുന്നതാണ് നല്ലത്. ലോസഞ്ചുകളും ആര്‍ത്തവ പാഡുകളും കൂടെ കരുതാം.

മങ്കി ക്യാപ്പുകളും സ്‌കാര്‍ഫുകളും

മങ്കി ക്യാപ്പുകള്‍ കഴുത്തിന് ആവശ്യമായ ഊഷ്മളത നല്‍കും. നിങ്ങളുടെ തല, തൊണ്ട, കഴുത്ത് എന്നിവയെ തണുപ്പില്‍ നിന്നും പ്രതിരോധിക്കുന്നതിന് മങ്കി ക്യാപ്പുകളും സ്‌കാര്‍ഫുകളും സഹായിക്കും

സണ്‍ഗ്ലാസുകള്‍

സണ്‍ഗ്ലാസുകള്‍ ചിലപ്പോള്‍ ആവശ്യമില്ലാത്തതായി തോന്നുമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സണ്‍ഗ്ലാസുകള്‍ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. കണ്ണുകളെ തകരാറിലാക്കുന്ന ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രതിഫലനമാണ് മഞ്ഞ്. അതിനെ പ്രതിരോധിക്കാനായി നല്ല ജോഡി ആന്റി യു.വി സണ്‍ഗ്ലാസുകള്‍ ബാഗില്‍ കരുതുക.

ഷൂസ്

ലിസ്റ്റില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ഷുസും, ബൂട്ടുകള്‍ പോലെയുള്ളവ. ധാരാളം യാത്രകളും ചുറ്റി നടക്കലും മനസ്സില്‍ കണ്ടുവേണം അവ തെരെഞ്ഞെടുക്കാന്‍. അതിനാല്‍ നിലവാരമുള്ള പാദരക്ഷകള്‍ തന്നെ തെരെഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞു വീഴ്ചയുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ബൂട്ടുകള്‍ ധരിക്കുന്നതാണ് ഉത്തമം. സോക്‌സുകളും അതിനോടൊപ്പം പാക്ക് ചെയ്യാന്‍ മറക്കരുത്.

സോക്‌സും, ഹാന്‍ഡ് ഗ്ലൗസും

ശൈത്യകാലത്ത് ഉല്ലാസ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ കൈകള്‍ക്കും കാലുകള്‍ക്കും പ്രത്യേക സംരക്ഷണം ആവശ്യമാണ്. ജലദോഷം, അണുബാധ എന്നിവയില്‍ സംരക്ഷണം ഉറപ്പാക്കാന്‍ കട്ടിയുള്ള കമ്പിളി സോക്‌സും, ഹാന്‍ഡ് ഗ്ലൗസും ഉറപ്പായും ബാഗില്‍ കരുതണം. ചെറിയ കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ഉപേക്ഷ വരുത്താനേ പാടില്ല.

തെര്‍മല്‍ വെയറുകള്‍

ശൈത്യകാല യാത്രകളില്‍ കാലാവസ്ഥയ്ക്ക് അന്യോജ്യമായ വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കാന്‍ ശ്രമിക്കണം. അതിനായുള്ള മികച്ച ഓപ്ഷന്‍ ശരീരം മുഴുവന്‍ സംരക്ഷണം ഉറപ്പാക്കുന്ന തെര്‍മല്‍ വെയറുകളാണ്. തണുപ്പ് കൂടിയ സമയങ്ങളില്‍പോലും ഇവയുടെ തെര്‍മല്‍ ഇന്‍സുലേഷന്‍ ഹീറ്റ് റിട്ടന്‍ഷന്‍ ഊഷ്മളത പ്രധാനം ചെയ്യും.

സ്വെറ്ററുകള്‍

പാക്കിംഗ് നുറുങ്ങുകളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ് സ്വെറ്ററുകള്‍. ജാക്കറ്റിന് താഴെയും തെര്‍മല്‍ വസ്ത്രങ്ങള്‍ക്ക് മുകളിലുമായി ശക്തമായ സംരക്ഷണം ഉറപ്പാക്കുന്നത് സ്വെറ്ററുകളാണ്. അതില്‍ കട്ടികൂടിയ നിലവരാമുള്ളത് തെരെഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം

ജാക്കറ്റ്

ബാഹ്യസംരക്ഷണ പാളിയായി പ്രവര്‍ത്തിക്കുന്നത് ജാക്കറ്റുകളാണ്. അതിന് താഴെയായാണ് സ്വെറ്ററുകളും തെര്‍മല്‍ വസ്ത്രങ്ങളും ധരിക്കുന്നത്. ജാക്കറ്റുകള്‍ തണുപ്പില്‍ നിന്നും പൂര്‍ണമായും ഇന്‍സുലേറ്റ് ചെയ്യും. അത്‌കൊണ്ടു തന്നെ നല്ല കട്ടിയുള്ള ജാക്കറ്റ് അവധിക്കാല പാക്കിംഗ് ചെക്ക്‌ലിസ്റ്റില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. കഴിയുന്നതും നല്ല കട്ടിയുള്ള പട്ടാള തരം ജാക്കറ്റ് തന്നെ തെരെഞ്ഞെടുക്കാന്‍ ശ്രമിക്കുക.

സ്യൂട്ട് കേസ് അല്ലെങ്കില്‍ ബാക്ക് പാക്ക്

യാത്രയില്‍ നിലവാരമുള്ള സ്യൂട്ട് കേസ് അല്ലെങ്കില്‍ ബാക്ക് പാക്ക് കരുതുക. ഒതുക്കമുള്ളതും, ഭാരം കുറഞ്ഞതും, എല്ലാവസ്തുക്കളും ഉള്‍ക്കൊള്ളുന്നതും തെരെഞ്ഞെടുക്കാന്‍ ശ്രമിക്കണം. ഒന്നിലധികം അറകളുള്ളത് തെരെഞ്ഞെടുക്കുന്നതാകും കൂടുതല്‍ സൗകര്യം. സാധനങ്ങള്‍ ക്രമാനുസൃതമായി അടുക്കിവെക്കാനും സുരക്ഷ ഉറപ്പാക്കാനും അത് സഹായിക്കും. ഭാരമുള്ള ലഗേജ് കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക

വാട്ടര്‍ ബോട്ടില്‍ അല്ലെങ്കില്‍ തെര്‍മോഫ്‌ളാസ്‌ക്

ശൈത്യകാല പാക്കിംഗ് ലിസ്റ്റില്‍ ഒഴിച്ചുകൂടാനാകാത്ത മറ്റൊന്നാണ് വാട്ടര്‍ ബോട്ടില്‍ അല്ലെങ്കില്‍ തെര്‍മോഫ്‌ളാസ്‌ക്. ചുറ്റുപാടും കടകള്‍ കാണാത്ത സാഹചര്യത്തില്‍ യാത്രയില്‍ വെള്ളമോ ചൂടുള്ള മറ്റെന്തെങ്കിലുമോ കൊണ്ടുപേകേണ്ടത് അത്യാവശ്യമാണ്. ചൂടുവെള്ളമോ ചായയോ കാപ്പിയോ തെര്‍മോഫ്‌ളാസ്‌കില്‍ കരുതുന്നത് തണുപ്പില്‍ നിന്ന് ആശ്വാസം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Go to top