harees Ameerali- life journey

ഹാരിസ് അമീറലി എന്ന സാധാരണക്കാരനിൽ നിന്നും നിങ്ങളുടെ ‘ഹാരിസ് ഇക്ക’യായി മാറിയ കഥ

by February 28, 2020

എല്ലാവരുടെയും വിജയത്തിനു പിന്നിൽ ഒരു കഥയുണ്ടാകും. കഷ്ടപ്പാടുകളുടെ, കുടിച്ച കൈപ്പനീരിന്റെ, കണ്ണീരിന്റെ കഥ. എനിക്കും പറയുവാനുണ്ട് അത്തരത്തിലൊരു കഥ. ഹാരിസ് അമീറലി എന്ന ഒരു സാധാരണക്കാരനിൽ നിന്നും നിങ്ങളെല്ലാവരുടെയും ‘ഹാരിസ് ഇക്ക’യായി മാറിയ കഥ.

തൃശ്ശൂർ ജില്ലയിലെ മാള എന്ന സ്ഥലത്തെ ഒരു സാധാരണ കുടുംബത്തിലായിരുന്നു എൻ്റെ ജനനം. ഉപ്പ അമീറലിയ്ക്ക് പട്ടാളത്തിലായിരുന്നു ജോലി. കുടുംബത്തിലെ മൂന്നു മക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു ഞാൻ. സ്‌കൂൾ പഠനമെല്ലാം കഴിഞ്ഞു ഞാൻ പ്രീഡിഗ്രിയ്ക്ക് പോകുകയും ചെയ്തു. ആ സമയത്ത് കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർപഠനത്തിന് (ഡിഗ്രി) വഴിയില്ലാതെയായി. ഒടുവിൽ വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഐടിഐയിൽ ചേർന്ന് വെൽഡിംഗ് കോഴ്സ് പഠിച്ചു. കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ധാരാളം ഇന്റർവ്യൂകൾക്കായി പോയെങ്കിലും ജോലിയൊന്നും ശരിയായില്ല.

ഒടുവിൽ സാമ്പത്തികബുദ്ധിമുട്ട് അനുവദിക്കാതിരുന്നതിനാൽ വിദേശജോലി എന്ന സ്വപ്നത്തിനു താൽക്കാലിക വിരാമമിട്ടുകൊണ്ട് ഞാൻ കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു. സ്റ്റുഡിയോയിൽ ലൈറ്റ്ബോയ്, ഇറച്ചി വെട്ടുകടയിലെ സഹായി, നാട്ടിലെ വെൽഡിങ് ജോലികൾ, സൈൻ ബോർഡ് ഡിസൈനിംഗ് എന്നിങ്ങനെ മാന്യമായ പലതരം ജോലികളും ഞാൻ ആ ചെറുപ്രായത്തിൽ ചെയ്തു. അങ്ങനെയിരിക്കെയാണ് ഒരു ബന്ധു മുഖേന എനിക്ക് ഒമാനിൽ ഒരു ജോലി തരപ്പെടുന്നത്. പഠിച്ച കോഴ്സ് വെൽഡിംഗ് ആയിരുന്നുവെങ്കിലും വാദി കബീർ പച്ചക്കറി മാർക്കറ്റിൽ സഹായിയായാണ് ജോലി കിട്ടിയത്.

മാർക്കറ്റിലെ ജോലിയ്ക്കിടയിൽ സ്ഥിരമായി ലോഡ് എടുക്കുന്ന കമ്പനിയുടെ ആളുമായി ഞാൻ പരിചയത്തിലാകുകയും, അയാൾ മുഖേന അവരുടെ കമ്പനിയിൽ ജോലി ലഭിക്കുകയും ചെയ്തു. ചെറിയ ശമ്പളം ആയിരുന്നുവെങ്കിലും ഞാൻ ആ കമ്പനിയിൽ തുടർന്നു. അതിനിടയിലാണ് ഞാൻ മുൻപ് പറഞ്ഞിട്ടുള്ള KFC കഥകളൊക്കെ നടക്കുന്നത്. അങ്ങനെ പോകുന്നതിനിടെ സ്വദേശിവൽക്കരണം വന്നതിനെത്തുടർന്ന് ഒമാനിലെ ജോലി എനിക്ക് നഷ്ടമായി.

ഒമാനിലെ ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് വരാതെ ഞാൻ നേരെ റോഡ് മാർഗ്ഗം പോയത് ദുബായിലേക്ക് ആയിരുന്നു. വളരെ കഷ്ടപ്പെട്ട് ഷാർജയിൽ ഒരു ലേബർ കമ്പനിയിൽ ജോലി നേടിയെടുത്തു. പിന്നീട് മൂന്നര വർഷത്തോളം നാട്ടിലേക്ക് പോകാതെ അവിടെത്തന്നെ ജോലിചെയ്തു. അതിനിടയിലാണ് എന്റെ വിവാഹം നടക്കുന്നത്. കൂടെ പഠിച്ച പെൺകുട്ടിയോട് മനസ്സിലുണ്ടായിരുന്ന ഇഷ്ടം വിവാഹപ്രായമെത്തിയപ്പോൾ വീട്ടുകാരോട് തുറന്നു പറയുകയും വിവാഹം മംഗളമായി നടക്കുകയും ചെയ്തു.

ഇതിനിടയിൽ എട്ടു മാസത്തെ ശമ്പളം കമ്പനി എനിക്ക് നൽകുവാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലി കമ്പനിയുമായി ഞാൻ തർക്കിക്കുകയുമുണ്ടായി. ഒടുവിൽ ലീവ് കഴിഞ്ഞു കമ്പനിയിലേക്ക് തിരികെ ചെന്നപ്പോൾ എയർപോർട്ടിലെ ഇമിഗ്രെഷനിൽ വെച്ചായിരുന്നു ഞാൻ ആ ഞെട്ടിക്കുന്ന വിവരമറിയുന്നത്, കമ്പനി നല്ല മുട്ടൻ പണി തന്നിരിക്കുന്നു. ലീവിനായിരുന്നു നാട്ടിൽ പോയതെങ്കിലും കമ്പനിയിൽ നിന്നും അവർ അറിയാതെ ഞാൻ ചാടിപ്പോയി എന്നായിരുന്നു അവർ പരാതി കൊടുത്തിരുന്നത്. അങ്ങനെ അവിടത്തെ നിയമത്തിന്റെയും വിധിയുടെയും ഇടപെടലിൽ പത്തു ദിവസത്തോളം എനിക്ക് ഷാർജ ജയിലിൽ കിടക്കേണ്ടി വന്നു. ജയിലിൽ കഴിഞ്ഞ പത്തു ദിവസങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

പിന്നീട് നല്ലവരായ ആരുടെയൊക്കെയോ ഇടപെടലുകൾ കാരണം എന്നെ ഷാർജയിൽ നിന്നും നാട്ടിലേക്ക് തിരികെ കയറ്റിയയച്ചു. ഏതാണ്ട് വലിയ കുറ്റവാളികളെപ്പോലെ കൈവിലങ്ങുകളൊക്കെ അണിയിച്ചു കൊണ്ടായിരുന്നു എയർപോർട്ടിലേക്ക് പോലീസ് എന്നെ കൊണ്ടുപോയത്. ഒടുവിൽ വിമാനത്തിൽ കയറി ടേക്ക്ഓഫ് ചെയ്തതിനു ശേഷമാണ് എയർഹോസ്റ്റസ് എൻ്റെ കയ്യിൽ പാസ്സ്‌പോർട്ട് തരുന്നത്. തുറന്നു നോക്കിയപ്പോൾ ലൈഫ് ബാൻ ആയിരുന്നു അതിൽ പഞ്ച് ചെയ്തിരുന്നത്. അതായത്, ജീവിതത്തിലൊരിക്കലും യൂ.എ.ഇ.യിലേക്ക് കടക്കാൻ പറ്റാത്ത അവസ്ഥ.

അന്ന് കരിപ്പൂർ വിമാനത്താവളത്തിൽ കൈയിൽ ചില്ലിക്കാശില്ലാതെ, ചുളിഞ്ഞ ഷർട്ടും ധരിച്ചുകൊണ്ട് ഇറങ്ങിയ ഞാൻ ആദ്യം ആത്മഹത്യയെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എന്നാൽ തോറ്റുകൊടുക്കാൻ എന്നെ മനസ്സനുവദിച്ചില്ല. അങ്ങനെ അവിടെയുണ്ടായിരുന്ന ഒരു ടാക്സി ഡ്രൈവറുടെ കാരുണ്യത്തിൽ കരിപ്പൂർ നിന്നും സ്വന്തം നാടായ മാളയിലേക്ക് ഞാൻ യാത്രയായി. യാത്രയ്ക്കിടയിൽ എൻ്റെ കഥകളെല്ലാം കേട്ട് എനിക്ക് ഭക്ഷണം വാങ്ങിത്തന്നതും ആ നല്ലവനായ ടാക്സി ഡ്രൈവറായിരുന്നു.

വീട്ടിലെത്തിയതിനു ശേഷം ഏതാണ്ട് നാലു മാസത്തോളമെടുത്തു എനിക്ക് പഴയരീതിയിലേക്ക് മാറുവാൻ. ഒരു വഴിയടയുമ്പോൾ മറ്റൊരു വഴി തെളിയും എന്നതുപോലെ എനിക്ക് വെൽഡിംഗ് രംഗത്തു തന്നെ ജോലി ലഭിച്ചു. ഇതുപ്രകാരം ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് യാത്ര ചെയ്യുവാൻ കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് റിക്രൂട്ട്മെൻ്റ് ഏജൻസി എന്ന ആശയം എൻ്റെ മനസ്സിലുദിക്കുന്നത്. അങ്ങനെ ഒൻപതു വർഷങ്ങൾ കൊണ്ട് ഇന്ത്യയിലെ മികച്ച റിക്രൂട്ട്മെന്റ്റ് ഏജൻസിയുടമയായി മാറുവാൻ എനിക്ക് സാധിച്ചു.

പതിയെ ജീവിതം ഉയർച്ചയിലേക്ക് പോകുന്നതിനിടെ ഞാൻ ട്രാവൽ ഏജൻസി എന്ന അടുത്ത സംരംഭവും ആരംഭിച്ചു. ഒരു തായ്‌ലൻഡ് – മലേഷ്യ യാത്രയ്ക്കിടെ ഏജൻസിയിൽ നിന്നും നേരിട്ട മോശം അനുഭവത്തെത്തുടർന്നാണ് സഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്ന ഒരു ട്രാവൽ ഏജൻസി സ്വന്തമായി തുടങ്ങുവാൻ 2014 ൽ ഞാൻ തീരുമാനിച്ചത്. ട്രാവൽ മേഖലയിൽ വമ്പൻ ടീമുകൾ കൊടികുത്തി വാണിരുന്ന ആ സമയത്ത് ഒരു തുടക്കക്കാരന് നേരിടേണ്ടി വരുന്ന എല്ലാ അനുഭവങ്ങളും എനിക്ക് നേരിടേണ്ടി വന്നു. എങ്കിലും ചുരുങ്ങിയ സമയംകൊണ്ട് സഞ്ചാരികളുടെ നല്ല സർട്ടിഫിക്കറ്റ് നേടുവാൻ എൻ്റെ സ്ഥാപനമായ  Royal sky Holidays നു സാധിച്ചു.

ഇന്ന് കേരളത്തിലെ മികച്ച ട്രാവൽ ഏജൻസികളിൽ ഒന്നായി  Royal sky Holidays  മാറി എന്നത് ദൈവനിശ്ചയവും നിങ്ങളുടെയെല്ലാം സപ്പോർട്ടും കൊണ്ടാണ്. ഇതിനിടെ ഞാൻ സ്വന്തമായി ട്രാവൽ, ഫുഡ് വ്‌ളോഗിംഗും ആരംഭിച്ചു. ഹാരിസ് അമീറലി എന്ന ഞാൻ ഇന്ന് എല്ലാവരുടെയും ഹാരിസിക്കയാണ്. പ്രായഭേദമന്യേ എന്നെ എല്ലാവരും വിളിക്കുന്നത് ഹാരിസിക്ക എന്നു തന്നെയാണ്. അവരുടെ സന്തോഷമാണ് എന്റെയും.

ഒരു ചുമട്ടു തൊഴിലാളിയായി ഗൾഫിൽ ജീവിതമാരംഭിച്ച്, ഒട്ടേറെ ദുരിതങ്ങളിൽക്കൂടി കടന്നുപോയി അവസാനം ഈ നിലയിലേക്ക് എത്തിച്ചത് ദൈവത്തിന്റെയും, ദൈവതുല്യരായ ചില നല്ല മനുഷ്യരുടെയും കരുണയും അതോടൊപ്പം എൻ്റെ കുടുംബാംഗങ്ങളുടെ പിന്തുണയും അതെനിക്ക് നൽകിയ ആത്മവിശ്വാസവുമാണ്. അന്ന് എന്നെ ചതിച്ചു ജയിലിലാക്കിയ ആ കമ്പനി നാളുകൾക്കുള്ളിൽ പൊട്ടിപ്പാളീസായി എന്നത് ദൈവനിശ്ചയം. അതെ, Karma is back.

Leave a Reply

Your email address will not be published. Required fields are marked *

Go to top