Airbus A330-243 - SriLankan Airlines (4R-ALG)

കുറഞ്ഞ ടിക്കറ്റ് നിരക്കും, മികച്ച യാത്രാ സൗകര്യങ്ങളും; ശ്രീലങ്കൻ എയർലൈൻസിൻ്റെ വിശേഷങ്ങൾ…

by May 15, 2020

നമ്മുടെ നാട്ടിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവർ ശ്രീലങ്കൻ എയർലൈൻസിന്റെ കണക്ഷൻ ഫ്‌ളൈറ്റുകൾ ഉപയോഗിക്കാറുണ്ട്. അൽപ്പം സമയക്കൂടുതൽ എടുക്കുമെങ്കിലും വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കും, മികച്ച യാത്രാ സൗകര്യങ്ങളുമാണ് എല്ലാവരെയും ശ്രീലങ്കൻ എയർലൈൻസിലേക്ക് ആകർഷിക്കുന്നത്. ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ശ്രീലങ്കൻ എയർലൈൻസിന്റെ ചരിത്രം കൂടി നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആ ചരിതം ഇതാ ഇങ്ങനെ..

ശ്രീലങ്കയുടെ ഫ്‌ളാഗ് കാരിയർ എയർലൈനായിരുന്നു 1947 ൽ സർവ്വീസ് ആരംഭിച്ച എയർ സിലോൺ. വിവിധ രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്ന എയർ സിലോൺ കടബാധ്യത മൂലം 1979 ൽ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയുണ്ടായി. എയർ സീലോൺ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ശേഷം എയർ ലങ്ക എന്ന പേരിൽ പുതിയ ഒരു ഫ്‌ളാഗ് കാരിയർ എയർലൈൻ ശ്രീലങ്കൻ സർക്കാർ കൊണ്ടുവരികയുണ്ടായി.

സിങ്കപ്പൂർ എയർലൈൻസിൽനിന്നും ലീസിനെടുത്ത 2 ബോയിംഗ് 707 വിമാനങ്ങൾ ആയിരുന്നു തുടങ്ങുമ്പോൾ എയർ ലങ്കയുടെ ഫ്‌ളീറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് ഒരു ബോയിംഗ് 737 വിമാനം മാർസ്ക്ക് എയറിൽ നിന്നും ലീസിനെടുത്തു. 1982 ൽ ഓൾ നിപ്പോൺ എയർവേസിൽ നിന്നും എയർ ലങ്ക എൽ 1011 ട്രൈസ്റ്റാർ വിമാനം സ്വന്തമായി വാങ്ങി. 1984 ൽ എയർലങ്കയിലേക്ക് ആദ്യത്തെ ബോയിങ് 747 ജംബോ ജെറ്റ് വിമാനം എത്തിച്ചേർന്നു. കിംഗ് വിജയ എന്നായിരുന്നു ഈ ഭീമൻ വിമാനത്തിന് എയർ ലങ്ക നൽകിയ പേര്.

സർക്കാർ ഉടമസ്ഥതയിലുള്ള എയർ ലങ്കയെ 1998-ൽ ഭാഗികമായി സ്വകാര്യവത്കരിച്ചു. ദുബായ് ആസ്ഥാനമായ എമിരേറ്റ്സ് ഗ്രൂപ്പ് ശ്രീലങ്കൻ സർക്കാരുമായി 10 വർഷത്തേക്കുള്ള പങ്കാളിത്ത കരാർ ഒപ്പുവെച്ചു. 70 മില്യൺ യുഎസ് ഡോളറുകൾക്ക് എയർ ലങ്കയുടെ 40 ശതമാനം ഓഹരികൾ എമിരേറ്റ്സ് വാങ്ങി, പിന്നീട് ഇത് 43.6 ശതമാനമായി. എയർലൈനിൻറെ ഭൂരിപക്ഷം ഓഹരികളും സർക്കാർ തന്നെ നിലനിർത്തി, അതേ സമയം നിക്ഷേപങ്ങളിലും തീരുമാനങ്ങൾ എടുക്കാനുള്ള പൂർണസ്വാതന്ത്ര്യവും എമിരേറ്റ്സിനു നൽകി. 1998-ൽ എയർ ലങ്കയുടെ പേര് ശ്രീലങ്കൻ എയർലൈൻസ് എന്നാക്കി മാറ്റി.

സാവധാനം എയർലൈൻ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങൾ അധികരിപ്പിച്ചു, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും, ഇന്ത്യയിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേ സമയം തന്നെ റിയാദ്, ദമാം എന്നിവയ്ക്കു പുറമേ സൗദി അറേബ്യയിലെ ജിദ്ദയിലേക്കും ശ്രീലങ്കൻ എയർലൈൻസ് സർവീസ് ആരംഭിച്ചു. ജിദ്ദ ശ്രീലങ്കൻ എയർലൈൻസിൻറെ 51-മത്തെ ലക്ഷ്യസ്ഥാനമായി. അങ്ങനെ മിഡിൽ ഈസ്റ്റിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നു.

എന്നാൽ പിന്നീട് ശ്രീലങ്കൻ സർക്കാർ എയർലൈനിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നു എന്നു എമിരേറ്റ്സ് ആരോപിച്ചു. തങ്ങളുടെ മാനേജ്‌മന്റ്‌ കരാർ പുതുക്കുന്നില്ല എന്ന് 2008-ൽ എമിരേറ്റ്സ് ശ്രീലങ്കൻ സർക്കാരിനെ അറിയിച്ചു. അങ്ങനെ 2008 മാർച്ച്‌ 31 നു എമിറേറ്റ്സുമായുള്ള കരാർ അവസാനിച്ചു. എമിരേറ്റ്സിൻറെ കൈവശമുള്ള 43.6 ശതമാനം ഓഹരികൾ ശ്രീലങ്കൻ സർക്കാരിനു വിട്ടുനൽകിയ ശേഷം 2010 ൽ ഇരു എയർലൈനുകൾ തമ്മിലുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. എമിരേറ്റ്സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച ശേഷവും അതേ ലോഗോയും പേരും തന്നെയാണ് എയർലൈൻ ഇപ്പോഴും ഉപയോഗിക്കുന്നത്.

2014 ൽ ശ്രീലങ്കൻ എയർലൈൻസ് വൺവേൾഡ് അലയൻസിൽ അംഗമായി. വൺവേൾഡിലെ അംഗങ്ങളായ എയർ ബെർലിൻ, ഫിൻഎയർ, ജപ്പാൻ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ക്വാൻട്ടസ്, എസ്7 എയർലൈൻസ് തുടങ്ങിയവയുമായും, എയർ കാനഡ, എയർ ഇന്ത്യ, അലിറ്റാലിയ, ഏഷ്യാന എയർലൈൻസ്, സിന്നമോൻ എയർ, എത്തിഹാദ് എയർവേസ്, ജെറ്റ്സ്റ്റാർ ഏഷ്യ എയർവേസ്, മിഹിൻ ലങ്ക, നികി, ഒമാൻ എയർ, സൗദിയ എന്നീ എയർലൈനുകളുമായും ശ്രീലങ്കൻ എയർലൈനിനു കോഡ്ഷെയർ ധാരണകളുണ്ട്.

2006 ൽ ശ്രീലങ്കൻ എയർലൈൻസിന്റെ സഹോദര സ്ഥാപനമായ മിഹിൻ ലങ്ക എന്ന എയർലൈൻ കമ്പനി ആരംഭിച്ചു. പക്ഷേ സാമ്പത്തിക പ്രതിസന്ധികൾ മൂലം 2016 ൽ മിഹിൻ ലങ്ക പ്രവർത്തനം അവസാനിപ്പിക്കുകയും ശ്രീലങ്കൻ എയർലൈൻസിലേക്ക് യോജിക്കുകയും ചെയ്തു. 2017 ൽ ശ്രീലങ്കൻ എയർലൈൻസ് ആസ്ട്രേലിയയിലെ മെൽബണിലേക്ക് നോൺസ്റ്റോപ്പ്‌ വിമാന സർവ്വീസുകൾ ആരംഭിക്കുകയുണ്ടായി.

ശ്രീലങ്കയിലെ കടുനായകയിൽ ആസ്ഥാനമുള്ള ശ്രീലങ്കൻ എയർലൈൻസിൻറെ ഹബ് ബണ്ടാരനായകെ അന്താരാഷ്‌ട്ര വിമാനത്താവളമാണ്. ഇന്ന് ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്‌, ആസ്‌ട്രേലിയ എന്നിവടങ്ങളിലെ വിവിധ രാജ്യങ്ങളിലേക്കൊക്കെ ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നു. കൂടാതെ കോഡ്ഷെയർ ഉള്ള റൂട്ടുകളിൽ അമേരിക്ക, ഓഷ്യാനിയ രാജ്യങ്ങളും ഉൾപ്പെടുന്നു.

എയർബസ് A330, A320 തുടങ്ങിയ മോഡലുകളാണ് ശ്രീലങ്കൻ എയർലൈൻസിൽ പ്രധാനമായും ഉപയോഗിക്കുന്നത്.

നിലവിൽ 51 രാജ്യങ്ങളിലെ 113 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവ്വീസ് നടത്തുന്നുണ്ട്. ഇവയിൽ കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവുമെല്ലാം ഉൾപ്പെടുന്നുണ്ട്. കൊച്ചി – കൊളംബോ റൂട്ടിൽ ഒരു മണിക്കൂർ നേരത്തെ യാത്രയേ ഉള്ളുവെങ്കിലും സ്‌നാക്‌സ് അടക്കമുള്ളവ യാത്രക്കാർക്ക് ശ്രീലങ്കൻ എയർലൈൻസ് പ്രദാനം ചെയ്യുന്നുണ്ട്. ജീവനക്കാരുടെ പെരുമാറ്റവും എടുത്തുപറയേണ്ട പ്ലസ് പോയിന്റുകളിൽ ഒന്നാണ്. വിമാന യാത്രകൾ മാത്രമല്ല, ശ്രീലങ്കയിലേക്കുള്ള ടൂർ പാക്കേജുകളും ശ്രീലങ്കൻ എയർലൈൻസ് പ്രദാനം ചെയ്യുന്നുണ്ട്.

താഴ്ചയിൽ നിന്നും ഉയർന്നുവന്ന ചരിത്രമാണ് ശ്രീലങ്കൻ എയർലൈൻസിന്റേത്. ഇനിയെന്നെങ്കിലും നിങ്ങൾ ശ്രീലങ്കൻ എയർലൈൻസ് വിമാനങ്ങൾ കാണുമ്പോഴോ, അതിൽ യാത്ര ചെയ്യുവാൻ അവസരം ലഭിക്കുമ്പോഴോ ഈ ചരിത്രം ഒന്നോർക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go to top