Saudi Arabian Airlines

സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ് ചരിത്രം

by May 25, 2020

സൗദി അറേബ്യയുടേ ഫ്‌ളാഗ് കാരിയർ എയര്ലൈനാണ് സൗദിയ അഥവാ സൗദി അറേബ്യൻ എയർലൈൻസ്. ഇതിന്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

1945 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡെലാനോ റൂസ്‌വെൽറ്റ് സൗദി രാജാവായിരുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ സഊദിന് ഒരു Douglas DC-3 വിമാനം സമ്മാനിക്കുകയുണ്ടായി. ഇതായിരുന്നു സൗദി അറേബ്യയുടെ വ്യോമമേഖലയ്ക്ക് തുടക്കം കുറിച്ചത്. അമേരിക്കൻ പ്രസിഡന്റിൽ നിന്നും വിമാനം ലഭിച്ച 1945 ൽത്തന്നെ സൗദി അറേബ്യൻ എയർലൈൻസ് എന്നപേരിൽ തങ്ങളുടെ നാഷണൽ ഫ്ലാഗ് കാരിയർ എയർലൈൻസിനു സൗദി അറേബ്യ തുടക്കം കുറിച്ചു.

സർക്കാർ അധിഷ്ഠിത എയർലൈനായ സൗദി അറേബ്യൻ എയർലൈൻസ് നിയന്ത്രിച്ചിരുന്നത് സൗദിയുടെ പ്രതിരോധ മന്ത്രാലയമായിരുന്നു. മാനേജ്‌മെന്റ് കരാർ പ്രകാരം ട്രാൻസ് വേൾഡ് എയർലൈൻസ് ആയിരുന്നു അന്ന് സൗദി അറേബ്യൻ എയർലൈൻസിൻ്റെ നടത്തിപ്പുകാർ. ജിദ്ദയ്ക്ക് സമീപമുള്ള കണ്ടാര എയർപോർട്ട് ആയിരുന്നു സൗദി അറേബിയന്റെ പ്രധാന ബേസ് എയർപോർട്ട്. ഇവിടെ നിന്നും പലസ്തീനിലേക്ക് ആയിരുന്നു സൗദി അറേബിയന്റെ ആദ്യത്തെ സർവ്വീസ്. പാലസ്റ്റീനിൽ നിന്നും ഹജ്ജ് തീർത്ഥാടകരെ കൊണ്ടുവരാനായിരുന്നു ഈ സർവ്വീസ്.
മാസങ്ങൾക്കു ശേഷം രണ്ടു DC-3 വിമാനങ്ങൾ കൂടി സൗദി സ്വന്തമാക്കുകയും ചെയ്തു.

1947 മാർച്ചിൽ അഞ്ചോളം DC-3 വിമാനങ്ങളുമായി ജിദ്ദ, റിയാദ്, ഹൊഫൂഫ്, ധഹ്റാൻ റൂട്ടുകളിൽ സൗദി അറേബ്യൻ എയർലൈൻസ് സർവ്വീസ് ആരംഭിച്ചു. 1947 മാർച്ചിൽ തന്നെ ജിദ്ദയിൽ നിന്നും ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലേക്ക് സൗദി അന്താരാഷ്ട്ര വിമാന സർവ്വീസ് ആരംഭിച്ചു.

1948 ൽ ഡാമസ്ക്കസ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്ക് സൗദി സർവ്വീസ് തുടങ്ങി. ആ വർഷം സൗദി അഞ്ച് Bristol 170 എന്ന മോഡൽ വിമാനം വാങ്ങുകയുണ്ടായി. യാത്രക്കാരെയും കാർഗോ സാധനങ്ങളും ഒന്നിച്ചു കൊണ്ടുപോകുവാൻ ഈ എയർക്രാഫ്റ്റുകളുടെ വരവ് സൗദിയെ അങ്ങേയറ്റം സഹായിച്ചു. അങ്ങനെ നല്ലരീതിയിൽ സർവ്വീസ് നടത്തി പൊയ്‌ക്കൊണ്ടിരിക്കെ 1962 ൽ സൗദി അറേബ്യൻ എയർലൈൻസിലേക്ക് രണ്ട് ബോയിങ് 720 വിമാനങ്ങൾ എത്തിച്ചേർന്നു.

1963 ഫെബ്രുവരി 19 നു സൗദി അറേബ്യൻ എയർലൈൻസ് ഒരു രജിസ്‌ട്രേഡ് സ്വതന്ത്ര കമ്പനിയായി മാറി. പിന്നീട് DC-6, ബോയിങ് 707 എന്നീ മോഡൽ എയർക്രാഫ്റ്റുകൾ കൂടി സൗദി വാങ്ങുകയും അറബ് എയർ കാരിയേഴ്‌സ് ഓർഗനൈസേഷനിൽ അംഗത്വം എടുക്കുകയും ചെയ്തു. തുടർന്ന് ഷാർജ, ടെഹ്‌റാൻ, ഖാർത്തൂം, ബോംബെ, ട്രിപ്പോളി, ട്യൂണിസ്, റബാത്ത്‌, ജനീവ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് കൂടി സൗദി തങ്ങളുടെ സർവ്വീസുകൾ വ്യാപിപ്പിച്ചു.

1972 ൽ സൗദി അറേബ്യൻ എയർലൈൻസ് തങ്ങളുടെ പേര് ‘സൗദിയ’എന്നാക്കി മാറ്റി. തുടർന്ന് ബോയിങ് 737, ഫോക്കർ F-28 എന്നീ മോഡൽ എയർക്രാഫ്റ്റുകൾ സൗദിയ വാങ്ങി. 1977 ൽ സൗദിയ തങ്ങളുടെ ആദ്യത്തെ ബോയിങ് B747 ജംബോജെറ്റ് വിമാനം പറത്തി. മിഡിൽഈസ്റ്റ് എയർലൈൻസിൽ നിന്നും പാട്ടവ്യവസ്ഥയിൽ മൂന്നു ബോയിങ് 747 വിമാനങ്ങളായിരുന്നു സൗദിയ വാങ്ങിയത്. ലണ്ടൻ സെക്ടറിലേക്കായിരുന്നു അന്ന് സൗദിയയുടെ ജംബോ ജെറ്റുകൾ പറന്നത്.

എഴുപതുകളിൽത്തന്നെ അറേബ്യൻ എക്സ്പ്രസ്സ് എന്ന പേരിൽ റിസർവേഷൻ ഇല്ലാത്ത ഷട്ടിൽ ഫ്‌ളൈറ്റ് സർവ്വീസുകൾ ജിദ്ദയ്ക്കും റിയാദിനുമിടയിൽ സൗദിയ ആരംഭിച്ചു. ഒപ്പം വിവിധ സ്ഥലങ്ങളിലേക്ക് കാർഗോ സർവ്വീസുകളും തുടങ്ങി. സാധാരണ സർവീസുകൾക്ക് പുറമെ രാജകുടുംബത്തിനും, സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കുമായുള്ള സ്പെഷ്യൽ ഫ്‌ളൈറ്റ് സർവ്വീസുകളുടെ ചുമതല സൗദിയയ്ക്ക് ആയിരുന്നു. ഇതിനു പുറമെ റോം, പാരീസ്, മസ്‌ക്കറ്റ്, കാനോ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലേക്ക് കൂടി സൗദിയ തങ്ങളുടെ സർവ്വീസ് ആരംഭിച്ചു.
പാൻ ആമുമായി ചേർന്ന് സൗദിയ 1979 ൽ ജിദ്ദയിൽ നിന്നും ന്യൂയോർക്കിലേക്ക് സർവ്വീസ് തുടങ്ങി.

1980 കളിൽ സൗദിയ തങ്ങളുടെ സ്വന്തം മേൽനോട്ടത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ ആരംഭിച്ചു. കൂടാതെ ന്യൂഡൽഹി, ക്വലാലംപൂർ, ജക്കാർത്ത, സിംഗപ്പൂർ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസുകൾ വ്യാപിപ്പിച്ചു. 1982 ൽ ജിദ്ദയിൽ നിന്നും ന്യൂയോർക്കിലേക്ക് ബോയിങ് 747 വിമാനമുപയോഗിച്ച് നോൺസ്റ്റോപ്പ്‌ സർവ്വീസ് സൗദിയ ആരംഭിച്ചു. തുടർന്ന് റിയാദ് – ന്യൂയോർക്ക് റൂട്ടിലും ഇതുപോലെ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

1990 കളിൽ ബോയിങ് 777, MD-90, MD-11 എന്നീ എയർക്രാഫ്റ്റ് മോഡലുകൾ സൗദിയ തങ്ങളുടെ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തി. സൗദിയ എന്ന പേരിനു പകരം സൗദി അറേബ്യൻ എന്നു തന്നെ വിമാനങ്ങളിൽ എഴുതാൻ വീണ്ടും ആരംഭിച്ചു. പിന്നീട് 2012 ൽ ഇത് വീണ്ടും പഴയപടിയായി സൗദിയ എന്നുതന്നെയാക്കി. 2012 വർഷാവസാനത്തോടെ 58 എയർബസ്, 6 ബോയിങ് അടക്കം 64 എയർക്രാഫ്റ്റുകൾ സൗദിയ വാങ്ങുകയുണ്ടായി. 2015 ൽ ആറ് ബോയിങ് 787-9 വിമാനങ്ങൾ സൗദിയയിൽ വന്നുചേർന്നു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടാണ് സൗദിയയുടെ പ്രധാന ഹബ്ബ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എമിറേറ്റ്സ്, ഖത്തർ എയർവെയ്‌സ് എന്നിവയ്ക്കു ശേഷം മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻസ് എന്ന ഖ്യാതി സൗദിയയ്‌ക്കാണ്‌ ഉള്ളത്.

സ്‌കൈടീം പാർട്ടിനേഴ്‌സുമായും, ചെക്ക് എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ഒമാൻ എയർ, വിയറ്റ്നാം എയർലൈൻസ്, ഇത്തിഹാദ്, കൊറിയർ എയർ, റോയൽ എയർ മറോക് എന്നീ എയർലൈനുകളുമായും സൗദിയയ്ക്ക് കോഡ്‌ഷെയർ ധാരണകളുണ്ട്.

Airbus A319-100, Airbus A320-200, Airbus A321-200, Airbus A320neo, Airbus A321neo, Airbus A330-300, Boeing 777-300ER, Boeing 787-9, Boeing 787-10, Boeing 747-400F Cargo, Boeing 747-8F, Boeing 777F എന്നിവയാണ് ഇന്ന് സൗദിയയുടെ ഫ്‌ലീറ്റിലുള്ള എയർക്രാഫ്റ്റുകൾ. ഇവയെല്ലാം കൂടി ഏകദേശം 150 ഓളം വിമാനങ്ങൾ സൗദിയയ്ക്ക് ഇന്നുണ്ട്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ലോകത്തിലെ വിവിധ ലഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ ഇന്നും സർവ്വീസുകൾ നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go to top