Tea Plantations-kerala

തണുപ്പും പച്ചപ്പും ആസ്വദിക്കുവാൻ പോകാം തൊട്ടയൽവക്കത്തെ വാൽപ്പാറയിലേക്ക്

by October 4, 2019

വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്. അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാൽപ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് വാൽപ്പാറയിലേക്കുള്ള ദൂരം.

കേരളത്തിൽ നിന്നും സഞ്ചാരികൾക്ക് പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. 1 പാലക്കാട് – പൊള്ളാച്ചി – ആളിയാർ വഴി വാൽപ്പാറ, 2. ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ – വാൽപ്പാറ, 3. മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ഈ പറഞ്ഞവയിൽ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞെടുക്കുന്നതും മനോഹരവുമായ റൂട്ട് ആണ് ചാലക്കുടി – മലക്കപ്പാറ വഴി. ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി, വാഴച്ചാൽ വഴിയാണ് ഇവിടേക്ക് പോകുന്നത്.

വാഴച്ചാൽ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചാൽ പിന്നെ ഘോരവനപ്രദേശം തുടങ്ങുകയായി. പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര അതിമനോഹരവും അതുപോലെ തന്നെ സാഹസികവുമാണ്. കാരണം ഈ റൂട്ടിൽ എല്ലായ്‌പ്പോഴും ആനകൾ ഇറങ്ങാറുണ്ട്. മൃഗങ്ങളുടെ സ്വൈര്യ വിഹാരങ്ങൾക്ക് തടസ്സമാകാതിരിക്കുവാൻ ഇവിടെ രാത്രിയാത്രാ നിരോധനം നിലവിലുണ്ട്. അതുപോലെ തന്നെ ഇപ്പോൾ ഇരുചക്രവാഹനങ്ങളെയും ഇതുവഴി കടത്തിവിടുന്നില്ല. ഇതുവഴി യാത്ര ചെയ്യുകയാണെങ്കിൽ രാവിലെ ചെക്ക്പോസ്റ്റ് തുറക്കുന്ന സമയത്ത് പോകണം. ചെക്ക്പോസ്റ്റ് തുറന്നാൽ ആദ്യം മിക്കവാറും ബസ്സിനെയായിരിക്കും കടത്തി വിടുന്നത്. വലിയ വാഹനങ്ങൾക്ക് പിന്നാലെയായിരിക്കും കാറുകൾ അടക്കമുള്ളവയെ കടത്തി വിടുക.

കയ്യിൽ മദ്യം, സിഗരറ്റ് എന്നിവ കരുതാതിരിക്കുവാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്ക് ബോട്ടിലുകളോ മറ്റോ ഉണ്ടെങ്കിൽ അവയുടെ എണ്ണം ചെക്ക്‌പോസ്റ്റിൽ അവർ രേഖപ്പെടുത്തും. കാട് കടന്നു കഴിഞ്ഞുള്ള മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ ഈ എണ്ണം കൃത്യമായി കാണിക്കുകയും വേണം. കാട്ടിൽ പ്ലാസ്റ്റിക് ആരും വലിച്ചെറിയുവാതിരിക്കാനാണ് ഇത്തരമൊരു നടപടി. അതുപോലെ തന്നെ അതിരപ്പിള്ളി കഴിഞ്ഞാൽ പെട്രോൾ പമ്പുള്ളത് വാൽപ്പാറയിലാണെന്നു ഓർമ്മ വേണം.

കാട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മലക്കപ്പാറ എത്തുന്നത്‌ വരെ കാട് തന്നെയായിരിക്കും. വഴിനീളെ ചിലപ്പോൾ ആനപ്പിണ്ടങ്ങൾ കണ്ടേക്കാം. പോകുന്നവഴി കാട്ടിൽ വാഹനം നിർത്തി ഇറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ല എന്നോർക്കുക. തൃശ്ശൂർ ജില്ല തമിഴ്‌നാടുമായി അതിർത്തി പങ്കുവെയ്ക്കുന്ന പ്രദേശമാണ് മലക്കപ്പാറ. ഇവിടെ കൂടുതലും തേയിലത്തോട്ടങ്ങളാണ് കാണുവാൻ സാധിക്കുക. ഫോട്ടോഗ്രാഫി താല്പര്യമുള്ളവർക്ക് ഇവിടം നല്ലൊരു ലൊക്കേഷൻ കൂടിയായിരിക്കും. കാര്യം കാഴ്ചകളെല്ലാം അതിമനോഹരമാണെങ്കിലും ഇവിടം പുലിയിറങ്ങുന്ന ഏരിയയാണ്. കുട്ടികളടക്കം നിരവധി നാട്ടുകാരാണ് പുലിയുടെ ആക്രമണത്തിനു ഇവിടെ ഇരയായിട്ടുള്ളത്. മലക്കപ്പാറയിൽ നിന്നും ഏകദേശം 30 കിലോമീറ്ററോളമുണ്ട് വാൽപ്പാറയിലേക്ക്.

ഊട്ടി, കൊടൈക്കനാൽ, മൂന്നാർ പോലത്തെ വലിയൊരു ടൂറിസ്റ്റ് കേന്ദ്രമൊന്നുമല്ല വാൽപ്പാറ. മൂന്നാർ ടൗണിന്റെ പകുതി വലിപ്പമുള്ള ഒരു കൊച്ചു ടൗൺഷിപ്പ്, അതാണ് വാൽപ്പാറ. എടുത്തു പറയേണ്ട ഒരു കാര്യം എന്തെന്നാൽ വാൽപ്പാറയിലെ വ്യത്യസ്തത പുലർത്തുന്ന കാലാവസ്ഥയാണ്. വാൽപ്പാറയിലെ ചിന്നക്കല്ലാർ എന്ന സ്ഥലം ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. സഞ്ചാരികൾ കയ്യിൽ ഒരു കുട കരുതുന്നത് നന്നായിരിക്കും. 12 ഡാമുകളും ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഒരേയൊരു ഹിൽ സ്റ്റേഷൻ എന്ന റെക്കോർഡും വാൽപ്പാറയ്ക്കുണ്ട്.

വാൽപ്പാറയിൽ വരുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും വൺഡേ ട്രിപ്പ് എന്ന നിലയിലാണ് ഇവിടെയെത്തുന്നത്. ഇവിടെയെത്തി ഒരു ദിവസം തങ്ങുന്ന സഞ്ചാരികൾക്ക് രാത്രിസമയത്ത് ഒറ്റയ്ക്ക് ഒരു കറക്കം ആകാം എന്നു തോന്നുകയാണെങ്കിൽ അത് ഉപേക്ഷിക്കുകയായിരിക്കും നല്ലത്. കാരണം നേരത്തെ പറഞ്ഞത് പോലെ പുലിപ്പേടിയുള്ള സ്ഥലമാണ് വാൽപ്പാറ. രാത്രികാലങ്ങളിൽ ഇവിടെ പുലിയിറങ്ങാറുണ്ട്. അതുകൊണ്ട് താമസിക്കുന്നവർ മുറിയിൽ തന്നെ കഴിച്ചുകൂട്ടുന്നതായിരിക്കും സുരക്ഷിതം. താമസിക്കുന്ന റിസോർട്ട് വക നൈറ്റ് സഫാരി ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കാം. വാൽപ്പാറയിലെ പ്രധാനപ്പെട്ട റിസോർട്ടുകൾ – Briar Tea Bungalows (Stanmore, Monica and Sirukundra), Chinnathurai Bungalow, Waterfalls Bungalow, Misty Creek Homestay, Silver Heights Homestay, Green Hill Hotel.

വൺഡേ ട്രിപ്പ് വരുന്നവർക്ക് വാൽപ്പാറയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പൊള്ളാച്ചി, പാലക്കാട് വഴി തിരികെപ്പോരാവുന്നതാണ്. ഈ റൂട്ടിലാണ് 40 ഹെയർപിൻ വളവുകളുള്ള പ്രസിദ്ധമായ വാൽപ്പാറ ചുരം. ചുരത്തിലെ പതിമൂന്നാമത്തെ ഹെയർപിൻ വളവിൽ ഒരു കിടിലൻ വ്യൂ പോയിന്റുണ്ട്. ഇവിടെ നിന്നാൽ താഴെ ആളിയാർ ഡാമും റിസർവോയറുമെല്ലാം വളരെ മനോഹരമായി കാണാവുന്നതാണ്. ഇവിടെ നിന്നും കേരളത്തിലേക്ക് കടക്കുവാൻ പൊള്ളാച്ചിയിൽ പോകേണ്ട കാര്യമില്ല. ആനമല – വേട്ടയ്ക്കാരൻപുത്തൂർ വഴി പാലക്കാട് ബോർഡറായ ചെമ്മണാംപതിയിൽ എത്തിച്ചേരാവുന്നതാണ്. പിന്നീട് ഇവിടുന്നു നെന്മാറ – ഗോവിന്ദാപുരം റൂട്ടിൽ കയറി തൃശൂർ ഭാഗത്തേക്ക് യാത്ര തുടരാം.

വാൽപ്പാറയിൽ വരുന്നവർക്ക് സന്ദർശിക്കാവുന്ന ചില സ്ഥലങ്ങൾ : ഷോളയാർ ഡാം, ബാലാജി ക്ഷേത്രം, പഞ്ചകുഖ വിനായകർ ക്ഷേത്രം, മങ്കി വെള്ളച്ചാട്ടം, ആളിയാർ ഡാം, ചിന്നക്കല്ലാർ വെള്ളച്ചാട്ടം, നല്ലമുടി പൂഞ്ചോല, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണകേന്ദ്രം.

അൽപ്പം വാൽപ്പാറ ചരിത്രം : 1846 ൽ രാമസ്വാമി മുതലിയാർ കാപ്പിത്തോട്ടങ്ങൾ ആരംഭിക്കുന്ന കാലം മുതലുള്ളതാണ് ഈ പ്രദേശത്തിൻറെ ആദ്യകാല രേഖകൾ. 1864 ൽ കർണാട്ടിക് കോഫി കമ്പനി അവരുടെ കാപ്പി തോട്ടങ്ങൾ ഇവിടെ ആരംഭിച്ചുവെങ്കിലും അവർക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനാൽ അവർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വിറ്റു. 1875 ൽ, ഇംഗ്ലണ്ടിലെ വെയൽസ് രാജകുമാരൻറെ (എഡ്വേർഡ് VII രാജാവ്) സന്ദർശനത്തിനായി പട്ടാളക്കാർ റോഡുകളും ഗസ്റ്റ് ഹൗസുകളും നിർമ്മിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്കായി ഇവിടെ നിയോഗക്കപ്പെട്ടിരുന്ന പട്ടാളക്കാർ കുതിരകളെയും ആനകളെയും ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ഈ സന്ദർശനം പിന്നീട് റദ്ദാക്കപ്പെട്ടു. 1890 ൽ ഡബ്ല്യൂ. വിൻറിൽ, നോർഡൻ എന്നിവർ വാൽപ്പാറയുടെ ഭൂരിഭാഗവും ബ്രിട്ടീഷ് രാജിനു കീഴിലുള്ള മദ്രാസ് സ്റ്റേറ്റ് ഗവൺമെൻറിൽനിന്നു വാങ്ങുകയും ചെയ്തു. വിൻറിൽ ഈ പ്രദേശത്തെ വനഭൂമി വെട്ടിത്തെളിച്ച് തേയില, കാപ്പി എന്നിവ കൃഷി ചെയ്തു.

കൃഷിയാണ് ഈ മേഖലയിലെ പ്രധാന വരുമാനമാർഗ്ഗം. വാൽപ്പാറയിൽ ധാരാളം കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമുണ്ട്. നാട്ടുകാർ മിക്കവരും ഇത്തരം തോട്ടങ്ങളിലെ ജോലിക്കാരാണ്. ചില പ്രധാന തോട്ടക്കമ്പനികൾ ഇവയാണ് – തമിഴ് നാട് ടീ പ്ലാന്റേഷൻ കോർപ്പറേഷൻ (ടിഎൻടിപിസി), ദി ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ, ടാറ്റ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്, ടീ എസ്റ്റേറ്റ്സ് ഇൻഡ്യ ലിമിറ്റഡ്, വുഡ് ബ്രയർ ലിമിറ്റഡ്, പാരി അഗ്രോ ലിമിറ്റഡ്, എൻ. ഇ. പി. സി ടീ ലിമിറ്റഡ്, ജയശ്രീ ടീ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ബിർള ഗ്രൂപ്പ്), പെരിയ കാരമലൈ ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്, പുതുതോട്ടം ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്, വാട്ടർ ഫാൾസ് ടീ എസ്റ്റേറ്റ്സ് ലിമിറ്റഡ്. തേയിലയും കാപ്പിയും കൂടാതെ സുഗന്ധവ്യഞ്ജനങ്ങളുടേയും മലഞ്ചരക്കുകളുടേയും ഒരു കേന്ദ്രം കൂടെയാണ് ഇവിടം. ഇതുകൂടാതെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അനുബന്ധമായും അല്ലാതെയുമുള്ള വിനോദസഞ്ചാരവും ഈ ഒരു വരുമാന മാർഗ്ഗമാണ്. സംവിധായകൻ ബാലു മഹേന്ദ്രയുടെ ‘യാത്ര’ എന്ന ചിത്രം പ്രധാനമായും ഈ പ്രദേശത്താണ് ചിത്രീകരിച്ചത്.

ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്ക് രണ്ടു പ്രൈവറ്റ് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി സർവ്വീസുകൾ മലക്കപ്പാറ വരെ ലഭ്യമാണ്. ചെറിയ മഴയുള്ള സമയത്താണ് വാൽപ്പാറയിലേക്കുള്ള യാത്രകൾക്ക് ഏറെ അനുയോജ്യം. ഈ സമയത്ത് കോടമഞ്ഞും തണുപ്പും താഴേക്ക് അരിച്ചിറങ്ങും. കാണുന്ന സഞ്ചാരികൾക്ക് അതൊരു മികച്ച അനുഭവവുമാകും. യാത്രകൾ സുരക്ഷിതമാക്കുവാൻ ഇപ്പോഴും ശ്രദ്ധിക്കുക. ഓരോ യാത്രയും ഒരിക്കലും അവസാനങ്ങളല്ല. അടുത്ത യാത്രയ്ക്കുള്ള തുടക്കവും പ്രചോദനവുമാണ്.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധതരം യാത്രകൾക്കും ടൂർ പാക്കേജുകൾക്കും ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 9207731800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published. Required fields are marked *

Go to top