maala-Harees Ameerali vlog

അരവിന്ദൻ ചേട്ടൻ പ്രസിദ്ധമാക്കിയ എൻ്റെ നാട് – മാള

by November 10, 2019

മാള എന്നു കേൾക്കുമ്പോൾ ഏതൊരാളുടെയും മനസ്സിൽ ഓടിയെത്തുക മലയാള സിനിമാമാപ്രേക്ഷകരെ ഒരുകാലത്ത് ചിരിപ്പിച്ച അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ ചേട്ടനായിരിക്കും. അതുകൂടാതെ ലീഡർ കെ.കരുണാകരന്റെ പ്രിയപ്പെട്ട മണ്ഡലം എന്ന നിലയിലും മാള പേരുകേട്ടിട്ടുണ്ട്. ഇതേ മാളക്കാരനാണ് ഞാനും എന്ന് പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് അന്നുമിന്നും.

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 50 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ വളരെ വാണീജ്യ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് മാള.

‘മാള’ എന്ന വാക്ക് ഹീബ്രു വാക്കായ ‘മാൽ – ആഗ’ എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് ഐതിഹ്യം. ‘അഭയാർത്ഥികളുടെ സങ്കേതം’ എന്നാണ് ഈ വാക്കിനർഥം.

ഇന്ത്യയിലെ ഏറ്റവും പഴയ ജൂത ദേവാലയമായ മാള ജൂത സിനഗോഗ് ഇവിടുത്തെ പ്രധാന ഐതിഹ്യപ്രാധാന്യമുള്ള സ്ഥലമാണ്. മാള പോലീസ് സ്റ്റേഷന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മാള പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ കെട്ടിടം. ആരാധന നടക്കാത്ത ഈ കെട്ടിടത്തിനുള്ളിൽ ആരാധനാ സംബന്ധിയായ വസ്തുക്കൾ ഒന്നുമില്ല. മലബാർ ജൂതന്മാരാണ് ഇത് നിർമിച്ചത്.

കൊച്ചി രാജാവ് ദാനം നൽകിയ മരമുപയോഗിച്ച് ജോസഫ് റബ്ബാൻ എന്നയാളാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഈ സിനഗോഗ് നിർമിച്ചത് എന്നാണ് ഒരു വാദഗതി. ഈ കെട്ടിടം പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ നശിപ്പിക്കുകയും 1400-ൽ പുതിയൊരു കെട്ടിടം നിർമ്മിക്കുകയും ഇത് 1792-ൽ പുതുക്കിപ്പണിയുകയുമായിരുന്നു.

ചരിത്രപരമായ തെളിവുകൾ വച്ചുനോക്കിയാൽ ഈ സിനഗോഗ് 1597-ലാണ് നിർമിച്ചത്. സിനഗോഗ് നിൽക്കുന്ന സ്ഥലത്തിന്റെ പേരായ ‘”മാള” ഒരുപക്ഷേ “അഭയാർ‌ത്ഥികളുടെ കേന്ദ്രം” എന്നർത്ഥം വരുന്ന “മാൽ-അഹ” എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാകാം. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ടിപ്പു സുൽത്താൻ ഇ സിനഗോഗ് ആക്രമിക്കുകയുണ്ടായി. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാൻ തുടങ്ങിയപ്പോൾ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു. 1954 ഡിസംബർ 20-നാണ് കൈമാറ്റം നടന്നത്. പഞ്ചായത്ത് ഇത് ഒരു ഹാളായി ഉപയോഗിച്ചിരുന്നു. സിനഗോഗിനൊപ്പമുള്ള സെമിത്തേരി 1955 ഏപ്രിൽ 1-ന് ഗ്രാമ പഞ്ചായത്തിന്റെ കൈവശമായി.

മാളയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ : Ambazhakad Forane Church -estd. in A D 300, മാളകടവ് – ജലമാർഗ്ഗം വഴി മാളയിലേക്ക് എത്തിച്ചേരാവുന്ന പ്രധാന ബോട്ട് ജെട്ടി., ജൂത സ്മാരകം – ജൂതന്മാരുടെ സ്മാരകം, പാമ്പുമ്മേക്കാട്ട് മന – കേരളത്തിലെ പ്രശസ്തമായ സർപ്പാരാധനാ കേന്ദ്രം, മൊഹമ്മദിൻ ജുമാ മസ്ജിദ്, മാള ഫൊറോന പള്ളി.

തൃശ്ശൂർ ജില്ലയുടെ വിദ്യാഭ്യാസ വളർച്ചക്കും, കേരളത്തിന്റെ തന്നെ വിദ്യാഭ്യാസത്തിനു സംഭാവന നൽകുന്ന ഒരു പാട് വിദ്യാഭ്യാസ
സ്ഥാപനങ്ങൾ മാളയും അടുത്ത പ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്നുണ്ട്. ഹോളി ഗ്രേസ് അകാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കാർമൽ കോളേജ്, ഗവ. ഐ.ടി. ഐ. വലിയപറമ്പ്, കോട്ടക്കൽ കോളേജ് കോട്ടമുറി, സ്നേഹഗിരി കോളേജ് വലിയപറമ്പ്,
മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് MET’S Engineering College വലിയപറമ്പ്, മാള സെ. ആന്റണീസ് സ്കൂൾ, മാള സൊകോർസോ കോൺ‌വെന്റ്, സെൻറ്. മേരീസ് MLT മാള, ഗവ. പ്രി-പ്രൈമറി & എൽ.പി സ്കൂൾ എന്നിവയാണ് മാളയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭാസ കേന്ദ്രങ്ങൾ.

റോഡ് വഴി – തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി (കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) വകയും, കൂടാതെ സ്വകാര്യ ബസ്സ് വഴിയും മാളയിൽ എത്താം. റെയിൽ വഴി – അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട, അങ്കമാലി എന്നിവയാണ്.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

Go to top