maldives1

കൊച്ചിയിൽനിന്നും മാലിദ്വീപിലേക്കുള്ള എൻ്റെ യാത്രാവിശേഷങ്ങൾ

by September 18, 2019

തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പിന്നീട് ഞാൻ പോയത് മാലിദ്വീപിലേക്ക് ആയിരുന്നു. ആ വിശേഷങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങളോട് പങ്കുവെക്കുവാൻ പോകുന്നത്. അതിനു മുൻപ് മാലിദ്വീപിനെക്കുറിച്ച് അൽപ്പം വിവരണം നൽകാം.

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപുകൾ, പ്രത്യേകിച്ച് ഹണിമൂൺ ട്രിപ്പുകാരുടെ. കേരള തീരത്ത് നിന്ന് അടുത്താണ് മാലിദ്വീപ് എന്നതിനാൽ ഇവിടെ നിന്നും ധാരാളമാളുകൾ അവിടേക്ക് ട്രിപ്പ് പോകാറുണ്ട്.

ഇനി യാത്രാവിശേഷങ്ങളിലേക്ക് കടക്കാം. വെളുപ്പിന് 6.15 നായിരുന്നു കൊച്ചിയിൽ നിന്നും മാലിദ്വീപിലേക്കുള്ള എൻ്റെ വിമാനം. ഇൻഡിഗോ വിമാനത്തിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മാലിദ്വീപിൽ ധാരാളം ബീച്ച് സ്പോർട്സ് ആക്ടിവിറ്റികൾ ലഭ്യമായതിനാൽ ഞാൻ പോകുന്നതിനു മുൻപ് തന്നെ കളമശ്ശേരി ഡിക്കാത്തലോണിൽ നിന്നും അതിനായുള്ള ഡ്രെസ്സും പാദരക്ഷകളുമൊക്കെ വാങ്ങി വെച്ചു.

വെളുപ്പിനെ തന്നെ ഞാൻ എയർപോർട്ടിലേക്ക് യാത്രയായി. സുഹൃത്ത് ഷിയാസിക്കയോടൊത്ത് ആയിരുന്നു ഞാൻ എയർപോർട്ടിലേക്ക് പോയത്. കഴിഞ്ഞ തവണ എയർപോർട്ടിൽ നിന്നും ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് വീഡിയോ ചെയ്തിരുന്നതിനാൽ ഇത്തവണ ഇൻഡിഗോയുടെ ഭാഗത്തു നിന്നും എനിക്ക് വേണ്ടത്ര സപ്പോർട്ട് ലഭിക്കുകയുണ്ടായി. വെളുപ്പിന് അഞ്ചരയോടെ ഞാൻ ചെക്ക് ഇൻ, ഇമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കുകൾ എന്നിവ പൂർത്തിയാക്കി ഗേറ്റിനരികിൽ കാത്തിരിപ്പ് തുടങ്ങി. വൈകാതെ തന്നെ വിമാനത്തിലേക്കുള്ള ബോർഡിംഗ് ആരംഭിച്ചു.

അങ്ങനെ ഞാൻ വിമാനത്തിലേക്ക് കയറി. ചുരുങ്ങിയത് ഒന്നര മണിക്കൂർ യാത്രയാണ് മാലിദ്വീപിലേക്ക് കൊച്ചിയിൽ നിന്നും ഉള്ളത്. വിസ ഓൺ അറൈവൽ ആയതിനാൽ പ്രത്യേകിച്ച് വിസ ചെലവുകൾ ഒന്നും തന്നെ വേണ്ടി വന്നില്ല. താമസത്തിനായുള്ള ഹോട്ടൽ റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതിനാൽ അതും ഓക്കേ. നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞാൻ വിമാനം ടേക്ക്ഓഫ് ചെയ്തപാടെ തന്നെ ഉറക്കം ആരംഭിച്ചു. കുറച്ചു സമയമെങ്കിലും ഒന്ന് മയങ്ങുവാൻ സാധിച്ചു. പിന്നീട് എഴുന്നേൽക്കുന്നത് മാലിയിൽ എത്താറായി എന്നുള്ള പൈലറ്റിന്റെ അനൗൺസ്‌മെന്റ് കേട്ടായിരുന്നു.

വൈകാതെ തന്നെ ഞങ്ങളുടെ വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഒരു ദ്വീപ് ആയതിനാൽ വളരെ മനോഹരമായ ദൃശ്യങ്ങളാണ് എയർപോർട്ടിൽ വിമാനം ഇറങ്ങുന്ന സമയത്ത് നമുക്ക് ദൃശ്യമാകുന്നത്. വളരെ ചെറിയൊരു എയർപോർട്ട് ആയിരുന്നുവെങ്കിലും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. എല്ലാ ചെക്കിംഗുകളും പൂർത്തിയാക്കി ഞാൻ ടെർമിനലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അതിനു മുൻപായി എയർപോർട്ടിൽ നിന്നും ഒരു സിംകാർഡ് ഞാൻ സംഘടിപ്പിച്ചു (കാശു കൊടുത്ത് വാങ്ങി).

എയർപോർട്ടിന് വെളിയിലേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച വളരെ വ്യത്യസ്തമായിരുന്നു. സാധാരണ എയർപോർട്ടുകളുടെ മുൻഭാഗത്ത് ടാക്‌സികളും മറ്റു റോഡുകളും ഒക്കെയായിരിക്കും കാണുക. എന്നാൽ മാലി എയർപോർട്ടിന് മുൻഭാഗത്ത് തന്നെ വെള്ളവും ബോട്ടുകളുമൊക്കെയാണ് കാണുവാൻ സാധിക്കുക. പലതരം ദ്വീപുകൾ ആയതിനാൽ ബോട്ട് സർവീസുകളാണ് ഇവിടെ കൂടുതലും. മാലിയിലെ എൻ്റെ യാത്രകൾക്ക് സപ്പോർട്ടിനായി ഷാഹിം എന്ന മാലിദ്വീപ് സ്വദേശിയായിരുന്നു ഉണ്ടായിരുന്നത്. മാലിദ്വീപിലേക്ക് നമ്മുടെ (Royalsky Holidays) പാക്കേജിൽ വരുന്ന ഗസ്റ്റുകൾക്ക് എല്ലാ സപ്പോർട്ടിനും വേണ്ട ഒരു വിങ് തന്നെ നമുക്ക് അവിടെയുണ്ട്. അതിലൊരാളാണ് ഷാഹിം.

എയർപോർട്ടിനടുത്തു നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും ബോട്ടിൽ കയറി മാലി സിറ്റിയിലേക്കായിരുന്നു പോയത്. അവിടത്തെ കാഴ്ചകൾ ആണ് ഇനി ആസ്വദിക്കാനുള്ളത്. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ പറയാം. മാലിദ്വീപിലേക്കുള്ള മികച്ച യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published. Required fields are marked *

Go to top