ട്രെയിൻ യാത്രകൾ: മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ

by May 22, 2020

ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ കഴിഞ്ഞാൽ പിന്നെ ഈ വീട് എന്നു പറഞ്ഞ ട്രെയിൻ ഒരു നരകമായി മാറുന്ന കാഴ്ചയായിരിക്കും കാണുവാൻ സാധിക്കുക.

ചുരുക്കിപ്പറഞ്ഞാൽ വടക്കേ ഇന്ത്യക്കാരുടെയും തെക്കേ ഇന്ത്യക്കാരുടെയും ട്രെയിൻ യാത്രാ സംസ്‌കാരങ്ങൾ തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ട്. അവ എന്തൊക്കെയെന്നു ഒന്നു നോക്കാം. ട്രെയിൻ യാത്രകളിൽ നേരിട്ടു കണ്ടിട്ടുള്ള അനുഭവങ്ങൾ വെച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

നമ്മൾ കേരളത്തിൽ നിന്നും വടക്കേ ഇന്ത്യയിലേക്കുള്ള ട്രെയിനിൽ കയറുമ്പോൾ ട്രെയിന്റെ ഉൾവശവും ടോയ്‌ലറ്റും എല്ലാം അത്യാവശ്യം വൃത്തിയിലായിരിക്കും കാണപ്പെടുക. എന്നാൽ ഇതേ ട്രെയിൻ തമിഴ്‌നാട് പിന്നിടുമ്പോൾ പിന്നെ പറയുകയേ വേണ്ട. അവിടുന്നങ്ങു തുടങ്ങുകയായി ദുരിതം. ജനറൽ കോച്ച് ആണെങ്കിൽ പറയുകയേ വേണ്ട. കണ്ണിൽക്കണ്ടവരെല്ലാം ഇടിച്ചു കയറി ശ്വാസം മുട്ടുന്ന തിരക്കായിരിക്കും പിന്നെയങ്ങോട്ട് കമ്പാർട്ട്മെന്റ് മുഴുവൻ. ഈ കയറുന്നവരിൽ പലർക്കും ടിക്കറ്റ് ഉണ്ടാകില്ല എന്നത് മറ്റൊരു സത്യം.

സൗത്ത് ഇന്ത്യക്കാരെ അപേക്ഷിച്ച് നോർത്ത് ഇന്ത്യക്കാർക്ക് ഒരൽപം വൃത്തി കുറവാണെന്നു പറയാം. ഇത് ഒരിക്കലും വംശീയമായ അധിക്ഷേപമായി കാണരുത്. ട്രെയിനുകളിലെ സ്ലീപ്പർ, സെക്കൻഡ് ക്ലാസ്സ് കോച്ചുകളിൽ ദീർഘദൂര യാത്രകൾ ചെയ്തവർക്ക് കാര്യം മനസ്സിലാകും. ആന്ധ്രാപ്രദേശ് കൂടി കഴിയുന്നതോടെ ട്രെയിനിലെ ടോയ്‌ലറ്റുകളുടെ കാര്യത്തിലും ഒരു തീരുമാനമാകും. തിരക്കിൽ ഒന്നു നിൽക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ വൃത്തിഹീനമായ ടോയ്‌ലറ്റുകളിൽ വരെ ഫാമിലിയായി യാത്ര ചെയ്യുന്നവരെ നമുക്ക് കാണാം. യാതൊരു അറപ്പും കൂടാതെ അതിനുള്ളിൽ വെച്ചുതന്നെ ഭക്ഷണം പങ്കുവെച്ചു കഴിക്കുകയും ചെയ്യും ഇവർ. നമുക്കൊക്കെ ഇത് ചിന്തിക്കാൻ പോലും കഴിയില്ല.

സ്ലീപ്പർ കോച്ചുകളിൽ നാം റിസർവ്വ് ചെയ്ത് പോകുകയാണെങ്കിലും ആന്ധ്ര കഴിഞ്ഞാൽ പിന്നെ റിസർവ്വേഷനൊന്നും യാതൊരു വിലയും അവർ കൽപ്പിക്കില്ല. യാതൊരു മര്യാദയും ഇല്ലാതെ ചുമ്മാ നമ്മളോട് കലിപ്പ് ഇടാൻ വരും. അവസാനം കാശു കൊടുത്ത് റിസർവ്വ് ചെയ്ത സീറ്റിൽ കണ്ടവരൊക്കെ തിങ്ങിക്കൂടി യാത്ര ചെയ്യുന്ന കാഴ്ചയും കണ്ട് ദയനീയാവസ്ഥയിൽ യാത്ര തുടരാനേ നമുക്ക് കഴിയൂ. എന്നാൽ റെയിൽവേ പോലീസ് ഇടപെട്ടാൽ ഇവരൊക്കെ കുറച്ചു മാന്യന്മാരായി മാറുകയും ചെയ്യാറുണ്ട്.

നമ്മുടെ രാജ്യത്തെ ഗതാഗത മാർഗ്ഗങ്ങളിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്നത് ട്രെയിനുകളിലാണ്. അതും കൂടുതലായും നടക്കുന്നത് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ചാണ്. ഡൽഹിയിൽ നിന്നും മറ്റും നാട്ടിലേക്ക് വരുന്ന മലയാളികളായിരിക്കും കള്ളന്മാരുടെ പ്രധാന നോട്ടപ്പുള്ളികൾ.

പൊതുവെ സൗത്ത് ഇന്ത്യയിൽ നോർത്ത് ഇന്ത്യയിലെ അപേക്ഷിച്ച് തീവണ്ടികളിൽ അത്രകണ്ട് യാത്രക്കാരുടെ തിക്കിത്തിരക്കുകൾ കാണുവാൻ സാധിക്കില്ല. ട്രെയിനുകളിൽ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരിക്കും. എന്നാൽ നോർത്ത് ഇന്ത്യയിലാണെങ്കിൽ ടിക്കറ്റുള്ള യാത്രക്കാർ വളരെ കുറവായിരിക്കും. TTE മാരുടെ പരിശോധനകളും അവിടെ കുറവാണ്. ഇത് അവിടത്തെ ആളുകളെ കള്ളവണ്ടി കയറി യാത്ര ചെയ്യുവാൻ കൂടുതൽ പ്രേരിപ്പിക്കുന്നു.

കണ്ടില്ലേ ഇതാണ് ട്രെയിൻ യാത്രകളിൽ മലയാളികളും മറ്റു സംസ്ഥാനക്കാരും (തമിഴ്‌നാട്, കർണാടക ഒഴികെ) തമ്മിലുള്ള വ്യത്യാസം. കേരളത്തിൽ നിന്നും തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കപ്പുറത്തേക്ക് ആണ് നിങ്ങളുടെ യാത്രയെങ്കിൽ ഒരിക്കലും ട്രെയിനുകളുടെ ജനറൽ കമ്പാർട്ട്മെന്റ് തിരഞ്ഞെടുക്കാതിരിക്കുക. ഫാമിലിയായി യാത്ര ചെയ്യുവാൻ ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായത് എസി കോച്ചുകൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go to top