ഇന്ത്യയിൽ നിന്നും എങ്ങനെ കുറഞ്ഞ ചിലവിൽ മലേഷ്യയിൽ പോയി വരാം?

by August 18, 2019

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

ഇന്ത്യയിൽ നിന്നും കുറഞ്ഞ ചെലവിൽ സന്ദർശിച്ചു വരാവുന്ന രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം എയർപോർട്ടുകളിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ലഭ്യമാണ്. എയർ ഏഷ്യ. മലിൻഡോ തുടങ്ങിയ ബഡ്‌ജറ്റ്‌ എയർലൈനുകളാണ് ഇവിടേക്ക് സർവ്വീസ് നടത്തുന്നത്. ക്വലാലംപൂർ എയർപോർട്ടിൽ പ്രധാനമായും KLIA1, KLIA2 എന്നിങ്ങനെ രണ്ടു ടെർമിനലുകൾ ആണുള്ളത്. മലിൻഡോ വിമാനം ഇറങ്ങുന്നത് KLIA 1 ലും എയർ ഏഷ്യ ഇറങ്ങുന്നത് KLIA 2 ലും ആണ്.

വിമാന ചാർജ്ജ് (one side) ഏകദേശം 5000 രൂപയോളം വരും. സീസൺ സമയത്ത് ചിലപ്പോൾ ചാർജ്ജ് കൂടിയേക്കാം. വിമാനക്കമ്പനികൾ ഓഫർ പ്രഖ്യാപിക്കുമ്പോൾ ചാർജ്ജ് ഇതിലും കുറയുകയും ചെയ്യും. കൊച്ചിയിൽ നിന്നും ക്വലാലംപൂരിലേക്ക് ഏകദേശം 4 – 4.30 മണിക്കൂറോളം യാത്രയുണ്ട്. രാത്രി വൈകിയാണ് ക്വലാലംപൂരിലേക്കുള്ള വിമാനങ്ങൾ ഭൂരിഭാഗവും സർവ്വീസ് നടത്തുന്നത്. സൗകര്യങ്ങൾ കുറവാണെങ്കിലും എയർ ഏഷ്യയിലായിരിക്കും താരതമ്യേന നിരക്ക് കുറവ്.

ഇനി വിസ എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് പറയാം. തായ്‌ലൻഡിലെ പോലെ മലേഷ്യയിൽ ഓൺ അറൈവൽ വിസ സൗകര്യം ഇല്ല. പകരം ഇ-വിസയും എൻട്രി വിസയും ആണുള്ളത്. 15 ദിവസത്തെ കാലാവധിയുള്ള സിംഗിൾ എൻട്രി വിസയ്ക്ക് 2800 രൂപയാണ് ചാർജ്ജ് (ചാർജ്ജുകളിൽ മാറ്റങ്ങൾ വന്നേക്കാം). മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഏകദേശം ഏഴായിരം രൂപയോളം ചാർജ്ജ് വരും. ഒരു വര്ഷം കാലാവധിയുള്ള ഈ വിസ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുകയാണ് ചെയ്യുന്നത്.

സിംഗിൾ എൻട്രി വിസ നമുക്ക് മലേഷ്യൻ എമിഗ്രെഷന്റെ ഒഫീഷ്യൽ സൈറ്റ് മുഖേന എടുക്കാവുന്നതാണ്. രാവിലെ വിസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ ഉച്ചയ്ക്ക് ശേഷം നമുക്ക് വിസ ലഭിക്കും. ഇനി ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ആണെങ്കിൽ ചെന്നൈയിൽ ഉള്ള മലേഷ്യൻ എംബസ്സിയിൽ പോയി സ്റ്റാമ്പ് ചെയ്യണം. നേരിട്ടു പോകുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ട്രാവൽ ഏജൻസികൾ മുഖേന ഇത് കരസ്ഥമാക്കാവുന്നതാണ്. ഏകദേശം ഒരാഴ്ചയോളം എടുക്കും വിസ സ്റ്റാമ്പ് ചെയ്തു കിട്ടുവാൻ.

എയർപോർട്ടിൽ മലേഷ്യൻ ഇമ്മിഗ്രേഷൻ ഓഫീസർ ആവശ്യപ്പെടുന്ന രേഖകൾ Entri visa paper / Visa page , Hotel booking voucher, Return air ticket തുടങ്ങിയവയാണ്. ചിലപ്പോൾ show money ചോദിച്ചേക്കാം. അത് നമ്മുടെ ഭാഗ്യം പോലെയിരിക്കും. എമിഗ്രെഷൻ കടമ്പകൾ കടന്നാൽ പിന്നെ എയർപോർട്ടിൽ നിന്ന് തന്നെ സിം കാർഡ് എടുക്കാവുന്നതാണ്.

മലേഷ്യയിലെ കറൻസിയാണ് റിങ്കറ്റ്. ഒരു മലേഷ്യൻ റിങ്കറ്റ് എന്നു പറയുന്നത് 16.82 രൂപയാണ്. വിനിമയ നിരക്കിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. നമ്മുടെ നാട്ടിൽ നിന്നും കറൻസി മാറിക്കൊണ്ടു പോകുന്നതായിരിക്കും നല്ലത്. അതുമല്ലെങ്കിൽ മലേഷ്യയിലെ ബുക്കിത് ബിൻതാങ് എന്ന സ്ട്രീറ്റിൽ നല്ല ലാഭത്തിൽ കറൻസി മാറിക്കിട്ടും. പരിചയമില്ലാത്തയിടമായതിനാൽ വളരെ ശ്രദ്ധിച്ചു വേണം ഇതെല്ലാം ചെയ്യുവാൻ.

മലേഷ്യയിൽ യാത്ര ചെയ്യുവാനായി ബസ്, ടാക്സി, മെട്രോ, മോണോറെയിൽ തുടങ്ങിയവയെ ആശ്രയിക്കാവുന്നതാണ്. ക്വലാലംപൂരിലെ മിക്ക റൂട്ടുകളിലും ബസ് സർവ്വീസുകൾ ലഭ്യമാണ്. കൂടാതെ ഓൺലൈൻ ടാക്സി സർവീസായ GRAB ലഭ്യമാണ്. ചെറിയ ദൂരത്തേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ ഗൂഗിൾ മാപ്പ് നോക്കി ചുമ്മാ അങ്ങു കാഴ്ചകളും കണ്ടുകൊണ്ട് നടക്കുക.

ക്വലാലംപൂർ നഗരത്തിലാണ് മലേഷ്യയുടെ കാണാക്കാഴ്ചകൾ പരന്നു കിടക്കുന്നത്. ടൂറിസ്റ്റുകൾ വന്നാൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നതും ക്വലാലംപൂരിലാണ്. പ്രശസ്തമായ ഇരട്ടഗോപുരങ്ങളായ പെട്രോണാസ് ടവർ, KL ടവർ, ബാത്തു കേവ്സ് (മലമുകളിലെ മുരുകൻ ക്ഷേത്രം) ലിറ്റിൽ ഇന്ത്യ സ്ട്രീറ്റ് തുടങ്ങിയവ സഞ്ചാരികൾ സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. ഇവയൊന്നും മിസ് ചെയ്യരുത്.

വിവിധതരം ഷോപ്പിംഗ് മാളുകളാണ് പിന്നെ ഇവിടത്തെ ആകർഷണങ്ങൾ. ഒരു ദിവസം മുഴുവനും ചുറ്റി നടന്നു കാണാൻ പറ്റിയ ഷോപ്പിംഗ് മാളുകൾ വരെയുണ്ട് ഇവിടെ. അതിൽ പ്രധാനമാണ് ബെർജയ ടൈം സ്‌ക്വയർ. ബഡ്‌ജറ്റ്‌ ട്രിപ്പ് പ്ലാൻ ചെയ്ത് വരുന്നവർ ഷോപ്പിംഗ് മാളുകളിൽ ചുമ്മാ കറങ്ങി നടക്കുക. കാരണം ഷോപ്പിംഗ് നടത്തുവാനായി വലിയ മാളുകളെ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് JALAN PETALING STREET എന്ന ചൈനാ മാർക്കറ്റ് ആണ്. ഒറിജിനലിനെ വെല്ലുന്ന, ഈടു നിൽക്കുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നമുക്ക് അവിടെ നിന്നും വാങ്ങാവുന്നതാണ്.

നമ്മുടെ നാട്ടിലെപ്പോലെതന്നെ ടൂറിസ്റ്റുകളെ പറ്റിക്കുവാൻ നടക്കുന്ന വിരുതന്മാർ മലേഷ്യയിലും ഉണ്ട്. അതുകൊണ്ട് അത്തരക്കാരെ ആദ്യമേതന്നെ ഒഴിവാക്കുക. ബിയർ പബ്ബ്കളിലും ഡാൻസ് ബാറുകളിലും പോകുന്നവർ സ്ത്രീകളുമായി അധികം ലോഹ്യം കൂടാതിരിക്കുന്നതായിരിക്കും നല്ലത്. ഇത്തരത്തിൽ ഡാൻസ് ബാറുകളിൽ ലോഹ്യം പറഞ്ഞു വരുന്ന സ്ത്രീകൾ പിന്നീട് പുറംനാട്ടുകാരായ സഞ്ചാരികൾക്ക് ഒരു തലവേദനയായി തീരാറുണ്ട്. മാനഹാനി, ധനനഷ്ടം എന്നിവയായിരിക്കും ഫലം. മദ്യപിക്കുവാനുള്ള അവസരങ്ങൾ ഒത്തിരിയുണ്ടെങ്കിലും പുറം രാജ്യമാണ് എന്ന ചിന്ത ഒരിക്കലും മറക്കുവാൻ പാടില്ല.

താരതമ്യേന ചിലവ് കുറഞ്ഞ ഹോട്ടൽ റൂമുകളും ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളും മലേഷ്യയിൽ സുലഭമാണ്. ഭക്ഷണപ്രിയരായ ആളുകൾക്ക് വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ഒരു സ്ട്രീറ്റിൽ നിന്നു തന്നെ ആസ്വദിക്കുവാനായി നേരെ ബുക്കിത് ബിൻതാങ്ങിലേക്ക് വിട്ടോളൂ. ചൈനീസും ഇന്ത്യനും അറബിക്കും സീഫുഡുകളും പിന്നെ നമ്മൾ ജീവിതത്തിൽ കാണാത്തതരം ഭക്ഷണ വിഭവങ്ങളും ഒക്കെ അവിടെ ലഭിക്കും.ഈ സ്ട്രീറ്റിൽ നല്ല തിരക്കായിരിക്കും എന്നതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുക. ഇതിനടുത്തായി ധാരാളം മസാജ് പാർലറുകളും ഉണ്ട്.

തമിഴ് വംശജർ ധാരാളമുള്ള സ്ഥലമാണ് മലേഷ്യ. അതുകൊണ്ട് ഭാഷയുടെ കാര്യത്തിൽ തായ്‌ലൻഡിലെ പോലെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. തമിഴ് വംശജരോട് തമിഴിലോ മലയാളത്തിലോ വളരെ ഈസിയായി ആശയവിനിമയം നടത്താവുന്നതാണ്. തിരികെ വരുന്ന സമയത്ത് ലഗേജുകൾ പരിധിയിൽ ഒട്ടും കവിയാതെ സൂക്ഷിക്കുക. സമയമില്ലാത്ത നേരത്ത് എയർപോർട്ടിൽ ചിലപ്പോൾ ഒരു പണിയായി മാറിയേക്കാം അത്. തായ്‌ലൻഡ് പോലെ വളരെ ചെലവ് ചുരുക്കി പോകുവാൻ സാധിക്കില്ലെങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ നിങ്ങൾക്ക് താരതമ്യേന കുറഞ്ഞ ചിലവിൽ മലേഷ്യയിൽ പോയി വരാവുന്നതാണ്.

നിങ്ങൾ ഒരു ട്രാവൽ ഏജൻസി വഴിയാണ് പോകുന്നതെങ്കിൽ അത് കുറച്ചുകൂടി സുരക്ഷിതമായിരിക്കും. മലേഷ്യ ട്രാവൽ പാക്കേജുകളെക്കുറിച്ച് അറിയുവാനായി ബന്ധപ്പടുക : +91 9207763800, +91 9605890630, +91 9207761800, +91 9207762800. ഗ്രൂപ്പ് ടൂറുകൾക്കു പുറമെ നിങ്ങൾക്ക് തനിച്ചും യാത്രചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go to top