Golder Triangle- Delhi-Agra-Jaipur

ഡൽഹി – ആഗ്ര – ജയ്‌പൂർ : പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോയാലോ?

by September 19, 2019

ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു സ്ഥലങ്ങളെ ത്രികോണാകൃതിയിൽ ചുറ്റി നടത്തുന്ന ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് ആണ് ഗോൾഡൻ ട്രയാങ്കിൾ ടൂർ. ഡൽഹി – ആഗ്ര – ജയ്‌പൂർ എന്നിവയാണ് ഗോൾഡൻ ട്രയാങ്കിൾ നഗരങ്ങൾ എന്നറിയപ്പെടുന്നത്. രജപുത്ത്, മുഗൾ, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ വിലയേറിയ സംഭാവനകളും ശേഷിപ്പുകളുമൊക്കെ നേരിൽക്കണ്ടു മനസ്സിലാക്കുവാൻ കൂടിയാണ് ഈ ട്രിപ്പ്.

സിറ്റി 1 – ഡൽഹി : ഡൽഹിയിൽ നിന്നുമായിരിക്കും മിക്കവാറും ഗോൾഡൻ ട്രയാങ്കിൾ ടൂർ തുടങ്ങുന്നത്. നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കാണുവാൻ ഒട്ടനവധി സംഭവങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടുത്തി തരാം.

ചെങ്കോട്ട : പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. റെഡ്‌ഫോർട്ട് എന്നും ഇത് അറിയപ്പെടുന്നു. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.

കുത്തബ് മിനാർ : ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണ ദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഗേറ്റ് : ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് ഇന്ത്യ ഗേറ്റ്.

ലോട്ടസ് ടെംപിൾ : ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്.

ഇതൊക്കെ കൂടാതെ ഡൽഹി വിടുന്നതിനു മുൻപ് അവിടത്തെ വ്യത്യസ്തങ്ങളായ രുചികൾ ഒന്നു പരീക്ഷിച്ചു നോക്കുവാൻ ആരും മറക്കരുതേ. ചെറിയ രീതിയിലുള്ള ഷോപ്പിംഗിനും മറ്റും താല്പര്യമുള്ളവർക്ക് അതുമാകാം.

സിറ്റി 2 – ആഗ്ര : ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആഗ്ര പ്രശസ്തമായിരിക്കുന്നത് താജ് മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരിലാണ്. ഡൽഹിയിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരത്തായാണ് ആഗ്ര നഗരം സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ പോലെ തന്നെ ആഗ്രയിലും നിരവധി സ്ഥലങ്ങൾ കാണുവാനായുണ്ട്. അവയിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.

താജ് മഹൽ : ആഗ്രയിലെ ഏറ്റവും പ്രധാനമായ ആകർഷണം താജ്‌മഹൽ തന്നെയാണ്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്. ലോകാത്ഭുതങ്ങളിൽ ഒന്നു കൂടിയാണ് താജ് മഹൽ. സന്ദർശന സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ്. വെള്ളിയാഴ്ച അവധിയായിരിക്കും.

ആഗ്ര ഫോർട്ട് : താജ്‌മഹൽ പോലെത്തന്നെ വളരെ ചരിത്ര പ്രധാനമുള്ള ഒരു കോട്ടയാണ് ആഗ്ര ഫോർട്ട്. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ആണ് ഇതു നിർമ്മിച്ചത്. താജ്മഹലിൽ നിന്നും ഏകദേശം 2 – 3 കിലോമീറ്റർ ദൂരമേയുള്ളൂ ആഗ്ര ഫോർട്ടിലേക്ക്. 94 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയിലേക്ക് കടക്കുവാനായി നാലു കവാടങ്ങളുണ്ട്. ഈ കവാടങ്ങളിൽ ഡൽഹി ഗേറ്റും ലാഹോർ ഗേറ്റും പ്രസിദ്ധമാണ്.

ഭരത്പൂർ പക്ഷിസങ്കേതം : ഇന്ത്യയിലെ ഏറ്റവും മികച്ച പക്ഷി സങ്കേതങ്ങളിലൊന്നാണ് രാജസ്ഥാനിലെ ഭരത്പൂർ പക്ഷിസങ്കേതം അഥവാ കേവലദേവ്‌ നാഷണല്‍ പാര്‍ക്ക്‌. ആഗ്രയിൽ നിന്നും 50 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇതിനായി സഞ്ചാരികൾക്ക് പ്രൈവറ്റ് ടാക്‌സികളോ അതോ ബസ് സർവ്വീസുകളോ ഉപയോഗിക്കാം. പക്ഷി നിരീക്ഷണത്തിലും മറ്റും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നല്ലൊരു ചോയ്‌സ് കൂടിയാണ് ഇവിടേക്കുള്ള സന്ദർശനം.

ഫത്തേപ്പൂർ സിക്രി : ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. അക്ബർ ചക്രവർത്തിയാണ് ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്. ആഗ്ര നഗരത്തിൽ നിന്നും 39 കിലോമീറ്റർ ദൂരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആഗ്രയിൽ നിന്നും ഇവിടേക്ക് UPSRTC ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

കിനാരി ബസാറിലെ ഷോപ്പിംഗ് : ആഗ്രയിൽ ചെന്നിട്ട് അൽപ്പം ഷോപ്പിംഗ് ഒക്കെ നടത്തണമെന്ന് ആഗ്രഹമുള്ളവർക്ക് നേരെ കിനാരി ബസാറിലേക്ക് പോകാം. വിവാഹാവശ്യങ്ങൾക്കായുള്ള വസ്ത്രങ്ങളാണ് ഇവിടെ പ്രധാനമായും ലഭിക്കുന്നത്. ഉച്ച മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് ഇവിടെ സന്ദർശിക്കുവാൻ നല്ലത്. ഞായറാഴ്ചകളിൽ മാർക്കറ്റിനു അവധിയായിരിക്കും. മറ്റു കടകളിൽ ലഭിക്കുന്ന ഐറ്റങ്ങൾ ഇവിടെ വിലപേശിയാൽ നല്ല ലാഭത്തിനു ലഭിക്കും.

മെഹ്താബ് ബാഗ് : താജ് മഹലിന്റെയും ആഗ്ര കോട്ടയുടെയും എതിർവശങ്ങളിൽ യമുനാനദിക്കടുത്ത പതിനൊന്ന് മുഗൾ നിർമ്മിത പൂന്തോട്ടങ്ങളിൽ അവസാനത്തേതാണ് മെഹ്താബ് ബാഗ് ഉദ്യാനം. താജ് മഹലിന്റെ ഒരു അവിഭാജ്യഘടകമായിട്ടാണ് ഈ ഉദ്യാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെ നിന്നുള്ള സൂര്യാസ്തമയക്കാഴ്ച വളരെ മനോഹരമാണ്. അതുകൊണ്ട് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ഇവിടെ പ്രവേശിക്കേണ്ടതാണ്. സൂര്യാസ്തമയത്തിനു അരമണിക്കൂർ മുൻപ് ഇവിടേക്കുള്ള ടിക്കറ്റ് കൗണ്ടർ അടയ്ക്കും.

ഈ ലിസ്റ്റിൽപ്പെട്ടവ മാത്രമല്ല ആഗ്രയിൽ ധാരാളം വ്യത്യസ്തമായതും മനോഹരമായതുമായ സ്ഥലങ്ങൾ വേറെയുമുണ്ട്. അവയെല്ലാം നിങ്ങൾക്ക് അവിടെ ചെന്നിട്ട് അന്വേഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം തന്നെ അവിടത്തെ പ്രശസ്തമായ മുഗളായ് രുചികൾ ഒന്ന് ടേസ്റ്റ് ചെയ്തു നോക്കുകയും ചെയ്യാം.

സിറ്റി 3 – ജയ്‌പൂർ : ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനമാണ് ‘പിങ്ക് സിറ്റി’ എന്നറിയപ്പെടുന്ന ജയ്‌പൂർ. ഇവിടെ പ്രധാനമായും രാജപുത്താന വംശത്തിന്റെ സംസ്കാരങ്ങളും വാസ്തുവിദ്യയും ഒക്കെയാണ് കാണുവാൻ സാധിക്കുന്നത്. ഡൽഹിയും ആഗ്രയും പോലെത്തന്നെ സന്ദർശകർക്ക് കാണുവാൻ ഒത്തിരിയേറെയുണ്ട് ജയ്‌പൂരിലും. അവയിൽ ചിലത് ഒന്ന് നോക്കാം.

സിറ്റി പാലസ് : ജയ്പൂർ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം, ജയ്പൂരിന്റെ മുൻ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. ചന്ദ്രമഹൽ, മുബാരക് മഹൽ എന്നീ മാളികകളും മറ്റു വിശേഷനിർമ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. കൊട്ടാരസമുച്ചയം ഇന്ന് മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു.

ഹവാ മഹൽ : ജയ്പൂരിൽ സ്ഥിതിചെയ്യുന്ന സവിശേഷശൈലിയിലുള്ള മാളികയാണ് ഹവാ മഹൽ. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന പേരിനർത്ഥം. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ്‌ ഈ മാളിക പണി കഴിപ്പിച്ചത്. ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായുള്ള ഈ മാളിക സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ്‌.

ജന്തർ മന്തർ : ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.

ജൽ മഹൽ : ജയ്‌പൂരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്. ജയ്പൂർ നഗരത്തിൽ നിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ് മാൻസാഗർ തടാകവും ഈ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. ഒരു വിനോദകേന്ദ്രമായി നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം അഞ്ചു നിലകളിലുള്ളതാണ്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും.

ആംബർ കോട്ട : ജയ്പൂരിനടുത്ത് ആംബറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ കോട്ടയാണ് ആംബർ കോട്ട. ആമെർ കോട്ട എന്നും അറിയപ്പെടുന്നു. ജയ്പൂരിൽ നിന്നും 11 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ജയ്പൂരിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ കഛവ രജപുത്രരുടെ തലസ്ഥാനമായിരുന്നു. രജപുത്ര – മുഗൾ ശൈലികൾ സമ്മേളിക്കുന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്.

മേൽപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം സന്ദർശിക്കുന്നത് കൂടാതെ ജയ്‌പൂർ സ്പെഷ്യൽ രുചികൾ അറിഞ്ഞിരിക്കണം. പിന്നെ അവിടെ ഒരു ഷോപ്പിംഗും വേണമെങ്കിൽ നടത്താം. ഇവയെല്ലാം കഴിഞ്ഞിട്ട് ജയ്‌പൂരിൽ നിന്നും തിരികെ ഡൽഹിയിൽ എത്തിച്ചേർന്നാൽ മാത്രമേ ഗോൾഡൻ ട്രയാങ്കിൾ ടൂർ പൂർണ്ണമാകുകയുള്ളൂ. കുറഞ്ഞത് മൂന്നു ദിവസങ്ങളെങ്കിലും വേണം ട്രയാങ്കിൾ ട്രിപ്പ് പൂർത്തീകരിക്കുവാൻ. ഡൽഹിയിലേക്കുള്ള യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

1 thought on “ഡൽഹി – ആഗ്ര – ജയ്‌പൂർ : പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോയാലോ?”

  1. Shaiju e

    Nice one

Leave a Reply

Your email address will not be published. Required fields are marked *

Go to top