Batu Cave - Malaysia

ബാത്തുകേവ്‌സും മുരുകൻ പ്രതിമയും; മലേഷ്യയിൽ വരുന്നവർ കണ്ടിരിക്കേണ്ട ഒരു അത്ഭുതം

by September 19, 2019

നമ്മുടെ നാട്ടിൽ നിന്നും ധാരാളമാളുകൾ ട്രിപ്പ് പോകുവാൻ തിരഞ്ഞെടുക്കുന്ന ഒരു വിദേശരാജ്യമാണ് മലേഷ്യ. മലേഷ്യയിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അവിടത്തെ പ്രശസ്തമായ മുരുകൻ ക്ഷേത്രം. ബാത്തു കേവ്സ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം നാനൂറു ദശലക്ഷം വര്‍ഷം പഴക്കമുള്ള ലൈംസ്റ്റോണിലാണു (ചുണ്ണാമ്പ് കല്ല്) സ്ഥിതി ചെയ്യുന്നത്. മലേഷ്യയിൽ കാലാകാലങ്ങളായി ധാരാളം തമിഴ് വംശജർ താമസിക്കുന്നുണ്ട്. ഇവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് ബാത്തുമലൈ മുരുകൻ.

ഇന്ന് ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. മലേഷ്യ സന്ദർശിക്കുന്ന ലോകമെമ്പാടുമുള്ളവരെല്ലാം ബാത്തു കേവ്‌സിൽ എത്താറുണ്ട്. ഈ ക്ഷേത്രത്തിൽ ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാം. മുസ്ലീം വിഭാഗക്കാരായ സ്ത്രീകൾ പർദ്ദയണിഞ്ഞു വരെ ഇവിടം സന്ദർശിക്കാറുണ്ട്. അത് ഒരിക്കൽ അവിടെ പോയാൽ നിങ്ങൾക്ക് നേരിട്ടു കണ്ടു മനസ്സിലാക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ‘മലേഷ്യൻ പഴനി’ എന്നു വേണമെങ്കിൽ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം.

നൂറ്റിനാല്‍പത് അടിയിലധികം ഉയരത്തില്‍, സുവര്‍ണ നിറത്തിലുള്ള മുരുകന്റെ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം. വെയില്‍ തട്ടുമ്പോള്‍ അതിന് പ്രത്യേക ഭംഗിയാണ്. ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമയാണത്രേ ഇത്. ബാത്തു മലയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവര്‍ണ്ണമായി നില്‍ക്കുന്ന ഈ മുരുകപ്രതിമ ഒരു സുന്ദര ദൃശ്യമാണ്. മൂന്നു വര്‍ഷം കൊണ്ടാണ് ഈ ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായത്. ഈ പ്രതിമയുടെ താഴെ പ്രാവുകളുടെ കൂട്ടമുണ്ട്. അതിന് ഭക്ഷണം കൊടുത്ത് ഒരു പാട് ആള്‍ക്കാരും.

272 പടികള്‍ കയറി വേണം മലയുടെ ചെരിവിലുള്ള ഗുഹയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എത്തുവാൻ. പടവുകളെല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതായി കാണാം. പക്ഷെ കുത്തനെയുള്ള കയറ്റം ആയതിനാൽ ചിലപ്പോൾ ഒന്ന് കിതയ്ക്കും. അതുകൊണ്ട് പതിയെ ആസ്വദിച്ചു കയറുന്നതായിരിക്കും ഉത്തമം. കുരങ്ങന്മാരുടെ ശല്യം ധാരാളമായി ഇവിടെയുണ്ട്. അതുകൊണ്ട് അവരുമായി അധികം ചങ്ങാത്തം കൂടേണ്ട. ചിലപ്പോൾ അവ ഉപദ്രവകാരികളായേക്കാം.

പടവുകൾ താണ്ടി മുകളിലെ ഗുഹാമുഖം എത്തിക്കഴിഞ്ഞാൽ പിന്നെ അതിവിശാലമായ കല്‍ത്തളത്തിലേക്കിറങ്ങണം. ഈ തളത്തിന്റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളേയും ഒക്കെ കാണാം. വളരെ പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന ഒരു സ്ഥലമാണിത്. ദിവസവും മൂവായിരത്തിലധികം പേര്‍ ബാത്തു ഗുഹ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിയമ്മന്‍ ദേവസ്ഥാനമാണ് ക്ഷേത്ര നടത്തിപ്പുകള്‍ കൈകാര്യം ചെയ്യുന്നത്.

1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനാഢ്യനായ തമിഴ് വംശജനാണ് മൂര്‍ത്തിയെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്. 1892 ല്‍ ഇവിടെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലെപ്പോലെ തന്നെ തൈപ്പൂയ ആഘോഷവും തുടങ്ങി. എന്തിനേറെ പറയുന്നു, തമിഴ്‌നാട്ടിലെ ഒരു മുരുകൻ കോവിലില്‍ പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് കണക്ക്. അന്നേ ദിവസം അവിടത്തെ ആളുകൾ കാവടിയെടുത്തും, പാൽക്കുടങ്ങൾ തലയിലേന്തിയും, കവിളും നാവും തുളച്ച് വേൽ കയറ്റിയുമൊക്കെ ഇവിടെ എത്തിച്ചേരും. ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തമിഴ് വംശജർ ആ സമയങ്ങളിൽ മലേഷ്യയിൽ എത്തിച്ചേരാറുണ്ട്.

അമ്പലത്തിന്‍റെ ഒരു വശത്തായി ഡാര്‍ക്ക് കേവ് എന്ന് പേരുള്ള മറ്റൊരു ഗുഹയും ഉണ്ട്. നല്ല കനത്ത ഇരുട്ടായ ആ ഗുഹയിലൂടെ വേണമെങ്കില്‍ സന്ദർശകർക്ക് ഒരു അഡ്വഞ്ചറസ്‌ വാക്ക് നടത്തുവാനും സാധിക്കും. മലേഷ്യന്‍ നാച്ച്വര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ അഡ്വഞ്ചർ യാത്രകൾ നടത്തുന്നത്. തേളുകൾ, ചിലന്തികൾ, പാമ്പുകൾ തുടങ്ങിയവ നിറഞ്ഞ ഗുഹയിലേക്കുള്ള യാത്രയ്ക്ക് അൽപ്പം ധൈര്യം വേണമെന്നു മാത്രം.

ബാത്തു കേവ്‌സും മുരുകൻ പ്രതിമയും ഒട്ടേറെ സിനിമകൾക്ക് ലൊക്കേഷനായി മാറിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു സിനിമയാണ് രജനീകാന്ത് നായകനായി അഭിനയിച്ച ‘കബാലി.’ അന്ന് ഷൂട്ടിംഗിനിടെ രജനീകാന്ത് ഇരിക്കുവാൻ ഉപയോഗിച്ചിരുന്ന കസേര ഇന്നും അവിടെ ഒരു സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതായി കാണാം. ക്ഷേത്രത്തിനു താഴെയുള്ള വിശാലമായ പ്രദേശത്ത് റസ്റ്റോറന്റുകൾ, പലതരം സാധനങ്ങൾ വിൽക്കുന്ന കടകൾ, പാർക്കിംഗ് ഗ്രൗണ്ട് മുതലായവ കാണാം.

ഇതൊക്കെ കേട്ടിട്ട് നിങ്ങൾക്കും ഇവിടം ഒന്ന് സന്ദർശിക്കണമെന്നു ആഗ്രഹം തോന്നുന്നുണ്ടോ? ഞങ്ങൾ സഹായിക്കാം. മികച്ച നിരക്കിലുള്ള മലേഷ്യൻ യാത്രാ പാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royalsky Holidays മായി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പറുകൾ : +91 9207763800, +91 9605890630, +91 9207761800, +91 9207762800.

Leave a Reply

Your email address will not be published. Required fields are marked *

Go to top