Bali-Animation

‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ബാലിയിലേക്ക് ഒരു ‘വിസ ഫ്രീ’ യാത്ര

by December 30, 2019

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത് നമ്മുടെ കേരളത്തെയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ ‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഒരു മനോഹരമായ ഇടം കൂടിയുണ്ട് ഈ ഭൂമിയിൽ. സംഭവം ഇന്ത്യയിലല്ല, പിന്നെവിടെയാണ്? ഇന്തോനേഷ്യയിലെ ദ്വീപുകളിൽ ഒന്നായ ‘ബാലി’യാണ് ഈ പേരിനാൽ പ്രസിദ്ധമായിട്ടുള്ളത്.

ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ദ്വീപ സമൂഹമാണ് ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ‘ഡെൻപസാർ’ ആണ്. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

പ്രമുഖ സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയർ അറിഞ്ഞു തുടങ്ങിയത്. 1953 ലാണ് അദ്ദേഹം ബാലിദ്വീപ്‌ സന്ദർശിച്ചത്. അദ്ദേഹം അവിടെ കണ്ട കാഴ്ചകളും, അദ്ദേഹത്തിന്റെ സഞ്ചാര വിവരണങ്ങളും , ബാലിദ്വീപിന്റെയും അവിടത്തെ ജനതയെയും പറ്റിയുള്ള രസകരമായ ചരിത്രവും ആചാരങ്ങളും ഈ പുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നു. പറ്റുമെങ്കിൽ ഈ പുസ്തകം വാങ്ങി വായിക്കാൻ ശ്രമിക്കുക.

വിശ്വാസങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും മുറുകെ പിടിക്കുന്ന ഒരു ജനതയാണ് ബാലിയിലേത്. അതുകൊണ്ടു തന്നെ ബാലിയിൽ കൂടുതൽ കാണുവാനേറെയുള്ളതും അത്തരത്തിലുള്ള ക്ഷേത്രങ്ങളും മറ്റുമൊക്കെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എങ്കിലും ബാലി ഇന്നൊരു ടൂറിസം സ്പോട്ട് ആണ്. ബാലിയുടെ വരുമാനത്തിന്റെ മുക്കാൽ പങ്കും ടൂറിസം വഴിയാണ് ലഭിക്കുന്നത്.

ഹണിമൂൺ പോകുന്നവരടക്കമുള്ള ടൂറിസ്റ്റുകൾ എന്തുകൊണ്ട് ബാലി തിരഞ്ഞെടുക്കുന്നു എന്നതിനുള്ള ഉത്തരം അവിടത്തെ മനോഹരമാർന്ന ഭൂപ്രകൃതി തന്നെയാണ്. ഏകദേശം കേരളത്തോട് സാമ്യമുള്ള ബാലിയിൽ മലകളും, കടൽത്തീരങ്ങളും, കാടും നദികളുമൊക്കെയുണ്ട്. എന്തിനേറെ പറയുന്നു, നമ്മുടെ നാട്ടിൽ കാണുവാൻ സാധിക്കാത്ത അഗ്നിപർവ്വതം വരെയുണ്ട് അവിടെ.

കേരളത്തിൽ നിന്നും ബാലിയിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ലഭ്യമല്ലാത്തതിനാൽ ക്വലാലംപൂർ വഴി കണക്ഷൻ ഫ്‌ളൈറ്റ് പിടിച്ചാണ് അവിടേക്ക് സഞ്ചാരികൾ എത്തിച്ചേരുന്നത്. ബാലിയിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് കടലിനോട് തൊട്ടു ചേർന്നാണ്. ഇവിടെ വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത്, വിമാനത്തിനകത്തുള്ളവർക്ക് കടലിലേക്ക് ഇറങ്ങുന്നതു പോലെയുള്ള പ്രതീതിയാകും അനുഭവപ്പെടുക.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാൻ നമുക്ക് വിസ ആവശ്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. പക്ഷെ ഇൻഡോനേഷ്യയിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശിക്കുവാൻ വിസയ്ക്ക് പ്രത്യേകം ചാർജ്ജുകൾ ഒന്നുംതന്നെ കൊടുക്കേണ്ടതില്ല, ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യക്കാർക്ക് ഫ്രീ വിസയാണ് അവിടെ. എയർപോർട്ടിൽ വിമാനമിറങ്ങി നേരെ ഇമിഗ്രെഷനിൽ ചെന്നിട്ട് പാസ്സ്പോർട്ടിൽ സ്റ്റാമ്പും ചെയ്ത് ബാഗേജുകളും കളക്ട് ചെയ്തുകൊണ്ട് കൂളായി പുറത്തേക്ക് ഇറങ്ങാം.

മാർച്ച് മാസം മുതൽ ഓഗസ്റ്റ് മാസം വരെയാണ് ബാലിയിലെ ടൂറിസ്റ്റ് സീസൺ. പൊതുവെ എല്ലാവരോടും വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ് ബാലിയിലെ ജനത. കൂടാതെ ഇന്ത്യക്കാരോട് അവർക്ക് ഒരു പ്രത്യേക മമതയും ഉണ്ട്. ആ സൗഹാർദ്ദം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്നത് ഓർമ്മയിലിരിക്കട്ടെ. അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കുക എന്നതാണ് നാം ചെയ്യേണ്ടത്.

മറ്റു പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങളിലെന്നപോലെ ബീച്ച് ആക്ടിവിറ്റികളെല്ലാം ബാലിയിൽ ലഭ്യമാണ്. അതുപോലെ നേരം ഇരുട്ടിയാൽ പിന്നെ പ്രധാനപ്പെട്ട തെരുവുകൾ മറ്റൊരു ലോകമാകും. ഡാൻസ്ബാറുകളും, പബ്ബുകളുമൊക്കെയായി ഒരു അടിച്ചുപൊളി മയമായിരിക്കും. അവിടെ പോകുന്നവർ തീർച്ചയായും ‘ബലിനീസ് മസാജ്’ ഒന്ന് ചെയ്യേണ്ടതാണ്. പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളിലെല്ലാം ഇത്തരത്തിലുള്ള മസ്സാജ് പാർലറുകൾ ഉണ്ടായിരിക്കും. കൂടാതെ ഷോപ്പിംഗ് നടത്തണമെങ്കിൽ അതിനും അവിടെ പ്രത്യേകം സ്ഥലങ്ങളുണ്ട്.

അപ്പോൾ ഇനി കൂടുതലായി ഒന്നും പറയുന്നില്ല, ബാലിയിലെ കാണാക്കാഴ്ചകളും വിശേഷങ്ങളുമെല്ലാം നേരിട്ട് കണ്ടറിയൂ. മികച്ച ബാലി യാത്രാപാക്കേജുകൾക്കായി ഞങ്ങളുടെ സ്ഥാപനമായ Royal sky Holidays സുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : +91 98465 71800.

Leave a Reply

Your email address will not be published. Required fields are marked *

Go to top